സാംസ്കാരിക നായകർ’ എന്ന ‘പൗര പ്രജകൾ’!! കെ.സഹദേവൻ

പൗര പ്രജ’ അഥവ citizen subject’ എന്ന പുതിയൊരു തരം സാമൂഹ്യ ജീവി ഇന്ത്യയിൽ ഉയര്‍ന്നു വരുന്നതിനെക്കുറിച്ച് ആദ്യം നിരീക്ഷിച്ചത് പൊളിറ്റിക്കൽ തിയറിസ്റ്റായ രാജീവ് ഭാർഗ്ഗവയാണ്.

രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടുന്ന, പൊതുനയങ്ങളെ സ്വാധീനിക്കുകയും നിയമനിര്‍മ്മാണങ്ങള്‍ക്കായി മുറവിളി കൂട്ടുകയും തെരുവിലിറങ്ങുകയും ചെയ്യുന്ന രാഷ്ട്രീയ ജീവിയായ ‘പൗരന്റെ’ തിരോധാനവും എല്ലാത്തിനെയും നിഷ്‌ക്രിയമായി സമീപിക്കുകയും വ്യക്തിഗത ലാഭങ്ങളിലേക്ക് മാത്രം കണ്ണു പായിക്കുകയും ചെയ്യുന്ന, സ്വയം കീഴടങ്ങിയ ‘പൗരപ്രജ’യുടെ വികാസവും ആണ് ഇന്ത്യയില്‍ കണ്ടുവരുന്നതെന്നാണ് രാജീവ് ഭാര്‍ഗ്ഗവ വിലയിരുത്തൽ.

കേവല പ്രജ എന്നതില്‍ നിന്നും അവര്‍ ‘പൗര പ്രജ’യായി നിലനില്‍ക്കുന്നതെന്തുകൊണ്ടെന്ന് അദ്ദേഹം വിശദീകരിക്കുന്നു: ഒരു രാഷ്ട്രീയ സമൂഹത്തില്‍ ജീവിക്കുന്നുവെന്നതും ഏതാനും ചില അടിസ്ഥാന അവകാശങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്നു എന്ന കാരണങ്ങള്‍കൊണ്ട് മാത്രമാണ് ‘പൗരന്മാര്‍’ എന്ന നിലയില്‍ അവര്‍ അവരുടെ പദവി നിലനിര്‍ത്തിപ്പോന്നതെന്നാണ് രാജീവ് കണ്ടെത്തുന്നത്. ഭരണകൂടം നല്‍കുന്ന ഔദ്യോഗിക അസ്തിത്വത്തിന്മേല്‍ മാത്രമാണ് ഈ പൗരന്റെ /പൗരിയുടെ നിലനില്‍പ്പ്; അതോടൊപ്പം ഇതേ സ്റ്റേറ്റ് നല്‍കുന്ന നിലനില്‍പ്പിനാധാരമായ ചില സാമഗ്രികളുടെ ലഭ്യതയും അവന്/അവള്‍ക്ക് ഉറപ്പാക്കാനാകുന്നു.
വിശ്വസ്തരായ ഈ പൗരപ്രജകള്‍ സ്റ്റേറ്റും ഭരണാധികാരിയും തമ്മില്‍ വേര്‍തിരിവുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് മാത്രമല്ല രണ്ടിനെയും ഒന്നായി കാണുന്നതില്‍ യാതൊരു വൈമനസ്യവും പ്രകടിപ്പിക്കുന്നില്ല.
രാജീവ് ഭാര്‍ഗ്ഗവ ചൂണ്ടിക്കാണിക്കുന്നു:
”നമ്മുടെ രാഷ്ട്രീയ കാലാവസ്ഥയുടെ ഗണ്യമായ ഒരു ഭാഗം ഇപ്പോള്‍ ഞാന്‍ ഇവിടെ വിവരിച്ചതിന്റെ ഏകദേശമാണ് എന്ന് ഞാന്‍ സംശയിക്കുന്നു. അതുകൊണ്ടാണ് ‘ഗുണഭോക്താവ്’ (beneficiary) എന്ന പുതിയ രാഷ്ട്രീയ വിഭാഗത്തിന്റെ ആവിര്‍ഭാവത്തെ ഒരു പുതിയ രാഷ്ട്രീയ പൗരന്റെ പുനര്‍നിര്‍മ്മാണമായി ഞാന്‍ കാണുന്നത്. ഒരു ഗുണഭോക്താവ് തുച്ഛമായ വിഭവങ്ങളുടെ നിഷ്‌ക്രിയ സ്വീകര്‍ത്താവായിരിക്കും- ഭരണാധികാരിയുടെ ഔദാര്യത്തിന്റെ ഗുണഭോക്താവ്. ലാഭാര്‍ത്ഥികള്‍, ഇപ്പോള്‍ അവകാശങ്ങളെക്കുറിച്ച് ചിന്തിക്കുന്നവരോ അവയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നവരോ ആയിരിക്കില്ല. നിരന്തരം ആവശ്യങ്ങള്‍ മുന്നോട്ടുവെക്കുന്ന, അവകാശബോധമുള്ള സജീവ പൗരന്മാരുടെ നേര്‍ വിപരീതമാണവര്‍!”.

ഗുണഭോക്തൃ വിഹിതത്തിനും ഭരണകൂട കാരുണ്യത്തിനും വേണ്ടി സ്റ്റേറ്റിന്റെ/ഭരണാധികാരിയുടെ പ്രീതിക്കായി കാത്തിരിക്കുന്ന പൗരപ്രജകള്‍ തന്നെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ നിശ്ചലമായ, ദുര്‍ഗ്ഗന്ധം വമിക്കുന്ന മലിന തടാകമായി മാറ്റുന്നത്.
ഇന്ത്യയില്‍ ഇന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും ഈ പൗരപ്രജകളുടെ ജനനത്തിന് ഉത്തരവാദികളാണ്. ഈയൊരു ദുര്‍ഘടപ്രതിസന്ധിയില്‍ നിന്ന് കരകയറാതെ ഇന്ത്യന്‍ രാഷ്ട്രീയത്തിന് അതിന്റെ ജഢത്വത്തില്‍ നിന്ന് മോചനമില്ലെന്നത് മറ്റൊരു കാര്യം.

രാജീവ് ഭാർഗ്ഗവയുടെ ‘പൗര പ്രജ’യെ സംബന്ധിച്ച നിരീക്ഷണം കൂടുതൽ സംഗതമാകുന്നത് കേരളത്തിലെ ‘സാംസ്കാരിക നായകർ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിഭാഗങ്ങൾക്കാണെന്ന് തോന്നുന്നു.

അടിസ്ഥാന വേതനം അടക്കം ആവശ്യപ്പെട്ടുകൊണ്ട് ജനങ്ങൾ തെരുവിൽ സമരം ചെയ്യുമ്പോൾ, ഭരണാധികാരിയുടെ വിശ്വസ്തരെന്ന നിലയിൽ, ‘നിർമ്മമമായ’ ഒരു തരം ഉദാസീനതയോടെ അവർ മുഖം തിരിച്ചു നിൽക്കുന്നത് കാണാം.

ഒരു നിഷ്‌ക്രിയ പൗരന്‍ ( passive citizen) എന്ന നിലയില്‍ അപൂര്‍വ്വമായെങ്കിലും സാമൂഹ്യ മണ്ഡലങ്ങളില്‍ ഇടപെട്ടുകൊണ്ടിരുന്ന ഈ ‘സാംസ്കാരിക നേതൃത്വങ്ങൾ’ സ്റ്റേറ്റിൻ്റെ / ഭരണാധികാരിയുടെ പ്രീതി നേടാനുള്ള യജ്ഞത്തിൽ വിശ്‌സ്തരായ പ്രജകളായി രൂപാന്തരം പ്രാപിക്കുന്ന കാഴ്ചയാണ് വർത്തമാന കാലം കാട്ടിത്തരുന്നത്.

‘പൗരപ്രജ’കളിൽ നിന്നും രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ‘രാഷ്ട്രീയ ജീവി’യിലേക്കുള്ള സാംസ്കാരിക നേതൃത്വങ്ങളുടെ പരിണാമത്തെയാണ് കേരള ജനത ഉറ്റുനോക്കുന്നത്.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response