
നിറത്തിന്റെ പേരിൽ ഭർത്താവുമായി താരതമ്യം ചെയ്ത് അപമാനിച്ചു; കുറിപ്പുമായി ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ
തിരുവനന്തപുരം:നിറത്തിന്റെ പേരിൽ നേരിട്ട അപമാനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് തന്റെയും ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ വേണുവിന്റെയും നിറവ്യത്യാസത്തെക്കുറിച്ച് ഒരാൾ നടത്തിയ മോശം പരാമർശത്തെക്കുറിച്ച് ശാരദാ മുരളീധരൻ തുറന്നുപറഞ്ഞത്. കറുപ്പെന്ന നിറത്തിനെ ഇത്രത്തോളം മോശമായി കാണുന്നത് എന്തിനാണെന്നും കറുപ്പ് മനോഹരമായ നിറമാണെന്നും ചീഫ് സെക്രട്ടറി കുറിപ്പിൽ പറഞ്ഞു.
ആദ്യം ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ചീഫ് സെക്രട്ടറി പങ്കുവച്ചു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം അത് നീക്കം ചെയ്തു. എന്നാൽ പിന്നീട് വീണ്ടും വിശദമായ കുറിപ്പ് പങ്കുവയ്ക്കുകയായിരുന്നു. തന്റെ നിറം കറുപ്പാണെന്നും ഭർത്താവിന്റെ നിറം വെളുപ്പാണെന്നുമുള്ള തരത്തിൽ ഒരു കമന്റ് കേട്ടു എന്നായിരുന്നു ആദ്യം പങ്കുവച്ച പോസ്റ്റിൽ പറഞ്ഞത്. എന്നാൽ ഇതിന് താഴെ വന്ന കമന്റുകളിൽ അസ്വസ്ഥയായി അത് ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്നാൽ അത് ചർച്ച ചെയ്യേണ്ട കാര്യമാണെന്ന് ചില അഭ്യുദയകാംക്ഷികൾ പറഞ്ഞതിനെ തുടർന്നാണ് വീണ്ടും പോസ്റ്റ് ചെയ്തതെന്ന് ചീഫ് സെക്രട്ടറി കുറിപ്പിൽ പറഞ്ഞു.’കറുപ്പ് എന്ന നിറത്തെ ഇത്രത്തോളം മോശമായി കാണുന്നത് എന്തിനാണ്. കറുപ്പ് അത്രയും മനോഹരമായ നിറമാണ്. എന്തിനാണ് കറുപ്പിനെ നിന്ദിക്കുന്നത്. പ്രപഞ്ചത്തിലെ സർവവ്യാപിയായ സത്യമാണ് അത്. എന്നെ വീണ്ടും ഗർഭപാത്രത്തിലെത്തിച്ച് വെളുത്ത സുന്ദരിയായി തിരികെ കൊണ്ടുവരാൻ പറ്റുമോ എന്നായിരുന്നു നാല് വയസ് പ്രായമുള്ളപ്പോൾ ഞാൻ അമ്മയോട് ചോദിച്ചത്. മതിയായ നിറമില്ലെന്ന വിശേഷണത്താലാണ് കഴിഞ്ഞ അമ്പത് വർഷമായി ഞാൻ ജീവിക്കുന്നത്’- ശാരദാ ഫേസ്ബുക്കിൽ കുറിച്ചു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.