ധന ദൃഢീകരണ ഉത്തരവിന്റെ മറവില്‍ സിവില്‍ സര്‍വീസിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുക.ഉത്തരവ് വേണ്ടന്ന് വച്ചതായി ധനകാര്യമന്ത്രി നിയമസഭയിൽ.

തിരുവനന്തപുരം:ധന ദൃഢീകരണ ഉത്തരവിന്റെ മറവില്‍ സിവില്‍ സര്‍വീസിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ജോയിന്റ് കൗണ്‍സില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സിവില്‍ സര്‍വീസിലെ ടൈപ്പിസ്റ്റ് ,ഓഫീസ് അറ്റന്‍ഡന്റ് തസ്തികളില്‍ ഒഴിവു വന്നാല്‍ ആ തസ്തികകളില്‍ പുതിയ നിയമനം നടത്തേണ്ടതില്ലായെന്നും അത്യാവശ്യമെന്ന് കണ്ടാല്‍ കരാര്‍ നിയമനം നടത്തിയാല്‍ മതി എന്നുമാണ് പുതിയ സര്‍ക്കാര്‍ ഉത്തരവ്. സിവില്‍ സര്‍വീസിലെ നിലവിലുള്ള സ്ഥിരം തസ്തികകള്‍ വേണ്ട എന്ന കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന വലതുപക്ഷവല്‍ക്കരണ നയത്തിന്റെ തുടര്‍ച്ചയായി കേരളവും മാറുന്നു എന്ന നമ്മുടെ ആശങ്ക ശരിയാണെന്നതിന്റെ ഉദാഹരണമാണ് ഇപ്പോഴത്തെ വ്യയ നിയന്ത്രണ ഉത്തരവ് എന്നും അദ്ദേഹം പറഞ്ഞു. നാലാം ഭരണപരിഷ്‌ക്കാര കമ്മീഷന്റെ നാലാം ശുപാര്‍ശയിലും ഇത്തരം നിര്‍ദേശങ്ങള്‍ ഇടം പിടിച്ചിരുന്നു. ഡ്രൈവര്‍ തസ്തികയും സര്‍ക്കാര്‍ വാഹനവുംവേണ്ടെന്നും കാര്‍ റെന്റല്‍ കമ്പനികള്‍ക്ക് കരാര്‍ നല്‍കി അവരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നതും ശുചീകരണ ജോലികള്‍ അടക്കം താഴ്ന്ന തസ്തികളില്‍ ഉള്ള തൊഴില്‍ മേഖലയെ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന നയം തികച്ചും പ്രതിഷേധാര്‍ഹമാണ് എന്നും അദ്ദേഹം പറഞ്ഞു.
ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി എം.എം നജീം അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ട്രഷറര്‍ പി.എസ്.സന്തോഷ് കുമാര്‍, സംസ്ഥാന സെക്രട്ടറി എസ്.സജീവ് എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. വൈസ് ചെയര്‍മാന്‍മാരായ എം.എസ്.സുഗൈതകുമാരി, വി.സി.ജയപ്രകാശ് , സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.ഹരീന്ദ്രനാഥ്, പി.ശ്രീകുമാര്‍. ആര്‍.രമേശ്, ഹരിദാസ് ഇറവങ്കര, എ.ഗ്രേഷ്യസ്, എസ്.പി.സുമോദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആര്‍.സിന്ധു, വി.ശശികല, വി.കെ.മധു, ജി.സജീബ്കുമാര്‍, എന്‍.സോയാമോള്‍, തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി വിനോദ്.വി.നമ്പൂതിരി, ജില്ലാ പ്രസിഡന്റ് ആര്‍.കലാധരന്‍, നോര്‍ത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല തുടങ്ങിയവര്‍ പങ്കെടുത്തു. വ്യയ നിയന്ത്രണത്തിന്റെ പേരില്‍ തസ്തികകള്‍ ഇല്ലാതാക്കി കരാര്‍ നിയമനങ്ങള്‍ നടത്താനുള്ള ഉത്തരവിനെതിരെ ശക്തമായ തുടര്‍ പ്രക്ഷോഭങ്ങള്‍ നടത്തുമെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാറും ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗലും അറിയിച്ചു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response