കഞ്ചിക്കോട് ഒയാസിസ് കമ്പനിക്ക് ബ്രൂവറി തുടങ്ങാൻ അനുമതി നൽകിയതിനെ നിയമസഭയിൽ മുഖ്യമന്ത്രി ന്യായീകരിച്ചത് പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതി നടത്താൻ വേണ്ടി പിണറായി വിജയൻ മദ്യമാഫിയക്ക് സംസ്ഥാനത്തെ ഒറ്റുകൊടുത്തു. മദ്യ കമ്പനി തുടങ്ങാൻ ടെൻഡർ വിളിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ വാദം മടിയിൽ കനമുള്ളത് കൊണ്ടാണ്. മുഖ്യമന്ത്രിയും മന്ത്രി എംബി രാജേഷും പറയുന്നത് സിപിഐക്ക് പോലും മനസിലാവുന്നില്ല. നായനാരുടെ കാലം മുതൽ സംസ്ഥാന സർക്കാർ പിന്തുടരുന്ന മദ്യനയം മന്ത്രിസഭയിൽ പോലും ആലോചിക്കാതെ തിരുത്തിയത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പാലക്കാട്ടുകാരുടെ കുടിവെള്ളം മുടക്കിയിട്ട് വേണോ മദ്യപുഴ ഒഴുക്കാനെന്ന ജനങ്ങളുടെ ചോദ്യത്തിന് സർക്കാർ മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പിപിഇ കിറ്റ് അഴിമതിയെ ഒരു ഉളുപ്പുമില്ലാതെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. ലോകം മുഴുവൻ വിറങ്ങലിച്ച് നിന്നപ്പോൾ അത് മുതലാക്കി തട്ടിപ്പ് നടത്തിയ പിണറായി വിജയനും സംഘത്തിനും കാട്ടുപോത്തിനേക്കാൾ വലിയ തൊലിക്കട്ടിയാണുള്ളത്. സംസ്ഥാനത്തെ ആരോഗ്യരംഗം ഇത്രയും അധപതിച്ച സമയം വേറെ ഉണ്ടായിട്ടില്ല. മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ അവശ്യമരുന്നുകൾ കിട്ടാനില്ല. സർക്കാർ ആശുപത്രികളിൽ സിപിഎം ക്രിമിനലുകളെ അനധികൃതമായി തിരുകിക്കയറ്റി സംഘർഷ കേന്ദ്രങ്ങളാക്കി മാറ്റുന്നു. നരേന്ദ്ര മോദി സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ ആയുഷ്മാൻ ഭാരത് കേരളത്തിൽ അട്ടിമറിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ജീവിക്കുന്നത് തന്നെ നരകതുല്യമായ അവസ്ഥയായിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.