
സഖാവ് സി.കെ. ചന്ദ്രപ്പൻ ഓർമ്മയായിട്ട് 13 വർഷം
ഒരിക്കലും നിലയ്ക്കാത്ത ആഹ്വാനമായി സി കെ സ്മരണ
ബിനോയ് വിശ്വം
സഖാവ് സി കെ ചന്ദ്രപ്പന്റെ ഓര്‍മ്മകള്‍ക്ക് 13 വര്‍ഷം പൂര്‍ത്തിയാകുകയാണ്. അദ്ദേഹത്തിന്റെ സ്മരണ ഒരിക്കലും നിലയ്ക്കാത്ത ഒരാഹ്വാനമാണ്. സമാനതകളില്ലാത്ത വ്യക്തിവൈശിഷ്ട്യവും കർമ്മവിശുദ്ധിയുംകൊണ്ട് സാമൂഹ്യ — രാഷ്ട്രീയ മണ്ഡലത്തിൽ അടയാളപ്പെട്ട പേരായിരുന്നു സി കെ ചന്ദ്രപ്പന്റേത്. തിരുവിതാംകൂറിന്റെയും കേരളത്തിന്റെയും ചരിത്രം തിരുത്തിക്കുറിക്കാൻ പുന്നപ്ര — വയലാറിൽ തൊഴിലാളിവർഗം ചോര ചൊരിഞ്ഞപ്പോൾ ആവേശത്തോടെ അതിന്റെ പാഠങ്ങൾ പഠിച്ച ബാല്യമായിരുന്നു ചന്ദ്രപ്പന്റേത്. തറവാട്ടുവീട് സർ സിപിയുടെ പട്ടാളം ഇടിച്ചു നിരത്തിയതിനെക്കുറിച്ചും അഭയം തേടി കായലിനക്കരെ അമ്മയുടെ വീട്ടിലേക്ക് പോയതിനെക്കുറിച്ചും നിർവികാരതയോടെയാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. പക്ഷെ, പടക്കളത്തിൽ തലയെടുപ്പോടെ നിന്ന അച്ഛൻ “വയലാർ സ്റ്റാലിൻ” സി കെ കുമാരപ്പണിക്കരെപ്പറ്റിയും വെടിയേറ്റു വീണ പാവപ്പെട്ട മനുഷ്യരെപ്പറ്റിയും പറയുമ്പോള്‍ ചന്ദ്രപ്പന്റെ കണ്ണുകളിൽ എന്നും വികാര തീവ്രതയുടെ കണ്ണീർത്തിളക്കം കാണാൻ കഴിയുമായിരുന്നു.
പുന്നപ്ര — വയലാറിന്റെ പോരാളികളെ വാർത്തെടുത്ത മണ്ണിൽ നിന്നാണ് സി കെ ചന്ദ്രപ്പൻ വന്നത്. വയലാറിന്റെ വീരപുത്രൻ എന്ന് സ്വയം വിശേഷിപ്പിച്ചില്ലെങ്കിലും ആ മണ്ണിന്റെ വിപ്ലവവീര്യത്തിന്റെയും പരിശുദ്ധിയുടെയും സൂക്ഷിപ്പുകാരനാണ് താനെന്ന് ബോധം എന്നും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് ആകാനല്ലാതെ മറ്റൊന്നും അദ്ദേഹത്തിന് ചിന്തിക്കാനാകുമായിരുന്നില്ല. തന്നെക്കുറിച്ച് അധികം പറഞ്ഞിട്ടില്ലാത്ത ചന്ദ്രപ്പൻ പക്ഷേ, തന്റെ ബാല്യത്തിലെ ആ അനുഭവങ്ങളെപ്പറ്റി എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്. അർധപട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരുമായ പാവങ്ങൾ പ്രസ്ഥാനത്തെ സ്നേഹിച്ചതിന്റെ ആഴവും പരപ്പുമായിരുന്നു ആ എഴുത്തിലൂടെയും വാക്കുകളിലൂടെയും അദ്ദേഹം പറഞ്ഞുവച്ചത്. വിപ്ലവബോധത്തിന്റെയും ആദർശനിഷ്ഠയുടെയും സത്യങ്ങൾ സൂക്ഷിച്ചുവച്ച ആ ശിരസ് എവിടെയെങ്കിലും കുനിഞ്ഞിട്ടുണ്ടെങ്കിൽ അത് പാവപ്പെട്ടവന്റെ വർഗക്കൂറിനെപ്പറ്റി പറയുമ്പോൾ മാത്രമായിരുന്നു. ജീവിതത്തിലുടനീളം ആ പാരമ്പര്യവിശുദ്ധിയും സമരോത്സുകതയും അദ്ദേഹം കാത്തുപോന്നു. എഐഎസ്എഫിന്റെ പ്രാദേശിക തലത്തിൽ നിന്നാണ് ആറ് പതിറ്റാണ്ടിലധികം നീണ്ട അദ്ദേഹത്തിന്റെ പൊതുപ്രവർത്തനത്തിന്റെ തുടക്കം. അത് എഐഎസ്എഫിന്റെയും പിന്നീട് എഐവൈഎഫിന്റെയും ദേശീയതലംവരെ വളർന്നത് സംഘടനാ പാടവം, സമരവീര്യം, ത്യാഗസന്നദ്ധത തുടങ്ങിയ സവിശേഷതകൾ കൊണ്ടായിരുന്നു. വിദ്യാർത്ഥി നേതാവായിരിക്കെ വീടും വിദ്യാഭ്യാസവും മാറ്റിവച്ച് ഗോവ വിമോചന പോരാട്ടത്തിൽ പങ്കെടുക്കുന്നതിന് ഇറങ്ങിപ്പുറപ്പെട്ടത് സമരവീര്യത്തിന്റെയും ത്യാഗസന്നദ്ധതയുടെയും ആദ്യകാല ഉദാഹരണങ്ങളിലൊന്നാണ്.
സർഗചൈതന്യവും സമരവീര്യവും തുളുമ്പുന്ന യുവജനപ്രസ്ഥാനം വളർത്തിയെടുത്ത അനുഭവ സമ്പത്തോടെ കർഷക സംഘടനാ രംഗത്തെത്തിയ സികെ, കിസാൻ സഭയുടെ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ പ്രസിഡന്റുമായി. ഇന്ത്യൻ പാർലമെന്റ് കണ്ട എക്കാലത്തെയും മികച്ച പാർലമെന്റേറിയന്മാരിൽ ഒരാളായിരുന്നു സി കെ ചന്ദ്രപ്പൻ. തലശേരി, കണ്ണൂർ, തൃശൂർ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് ലോക്‌സഭയിലും ചേർത്തലയിൽ നിന്ന് നിയമസഭയിലും അംഗമായപ്പോൾ നിയമനിർമ്മാണ രംഗത്തും ചർച്ചകളിലുമുള്ള അദ്ദേഹത്തിന്റെ പങ്കാളിത്തം സംബന്ധിച്ച രേഖകള്‍ വിപുലമായൊരു പാഠപുസ്തകം തന്നെയാണ്. ഇന്ത്യൻ പാർലമെന്റിൽ ഇത്രയധികം സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ച മറ്റൊരാളില്ല. പിന്നീട് ഔദ്യോഗിക നിയമനിർമ്മാണത്തിലൂടെ നടപ്പിലാക്കപ്പെട്ട 18 വയസിൽ വോട്ടവകാശമെന്ന ആശയം ആദ്യമായി അനൗദ്യോഗിക ബില്ലായി കൊണ്ടുവന്നത് സി കെ ചന്ദ്രപ്പനായിരുന്നു. അദ്ദേഹം അവതരിപ്പിച്ച, തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളെ തിരിച്ചുവിളിക്കാന്‍ നിര്‍ദേശിക്കുന്ന സ്വകാര്യ ബില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഇടനല്‍കിയത്. ഇന്നുമത് ജനപ്രാതിനിധ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലെ സജീവവിഷയമാണ്. വനാവകാശ, വിവരാവകാശ നിയമങ്ങളും തൊഴിലുറപ്പ് പദ്ധതിയും സമഗ്രമാക്കുന്നതിലും ലോക്‌സഭാംഗമെന്ന നിലയിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്.
വിശാലമായ വായനയും ആഴമേറിയ മാർക്സിസ്റ്റ് വിശകലന പാടവവും പ്രവർത്തനാനുഭവങ്ങളും ആശയത്തെളിച്ചവും മുതൽക്കൂട്ടായുണ്ടായിരുന്ന സികെ, കൂടുതൽ കരുത്തുറ്റ പാർട്ടിയും ഇടതുപക്ഷ മതേതര പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയും കെട്ടിപ്പടുക്കുന്നതിൽ അവിശ്രമം വ്യാപൃതനായി. പതിഞ്ഞ ശബ്ദത്തിലൂടെയെങ്കിലും ആളുകളെ പ്രചോദിപ്പിക്കുന്ന പ്രഭാഷണകല അദ്ദേഹത്തിന് സ്വന്തമായിരുന്നു.
രാജ്യം സങ്കീര്‍ണമായ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങള്‍ അഭിമുഖീകരിക്കുമ്പോഴാണ് സികെയുടെ ചരമവാർഷികം ആചരിക്കപ്പെടുന്നത്. 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ തനിച്ച് ഭൂരിപക്ഷമില്ലാതെയാണ് ബിജെപി അധികാരത്തിലെത്തിയതെങ്കിലും അതിന്റെ വിദ്വേഷത്തിനും വിഭാഗീയ നീക്കങ്ങള്‍ക്കും അസഹിഷ്ണുതയ്ക്കും ജനവിരുദ്ധ നയങ്ങള്‍ക്കും തീക്ഷ്ണത ഒട്ടുമേ കുറഞ്ഞിട്ടില്ല. ഭരണഘടനയെയും നീതിന്യായ സംവിധാനങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും വെല്ലുവിളിച്ചും ഫെഡറല്‍ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തിയും സ്വേച്ഛാ രാഷ്ട്രീയം അടിച്ചേല്പിക്കുന്നത് നിര്‍ബാധം തുടരുന്നു. അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്ക് വിലങ്ങിട്ടും വിവിധ കേന്ദ്ര എജന്‍സികളെ ദുരുപയോഗിച്ച് പ്രതിപക്ഷ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരുമുള്‍പ്പെടെ ചോദ്യം ചെയ്യുന്നവരെ മുഴുവന്‍ തടവിലാക്കിയും നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അതിന്റെ ഫാസിസ്റ്റ് തേര്‍വാഴ്ച അഭംഗുരം നടത്തുന്നു.
ഈ ദശാസന്ധിയില്‍ ഉറച്ച ലക്ഷ്യബോധത്തോടെയും ആശയവ്യക്തതയോടെയും പ്രവർത്തിച്ച് എല്ലാ പിന്തിരിപ്പൻ ശക്തികളെയും പ്രാകൃത ആശയങ്ങളെയും പരാജയപ്പെടുത്തുന്നതിനുള്ള പോരാട്ടം അനവരതം തുടരുക എന്നതാണ് സികെയുടെ ഓർമ്മ പുതുക്കുമ്പോൾ നമ്മുടെ ദൗത്യം. അതോടൊപ്പം പ്രധാനമാണ് മൂല്യാധിഷ്ഠിത രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുക എന്നത്. ജീവിതത്തിന്റെ അവസാന നിമിഷം വരെ മൂല്യബോധം മുറുകെ പിടിക്കേണ്ടതിന്റെയും രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ച പോരാളിയായിരുന്നു സികെ.അണികളെ ആശയപരമായി ആയുധവല്‍ക്കരിക്കുക എന്നത് എല്ലാ കാലത്തെയും വിപ്ലവ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അടിത്തറയായിരിക്കണമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. അതിനുവേണ്ടിയുള്ള പഠനാവസരങ്ങള്‍ സൃഷ്ടിക്കുകയും പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നതില്‍ സംഘടനാ പ്രവര്‍ത്തനത്തിന്റെ ഓരോ നിമിഷത്തിലും അദ്ദേഹം ജാഗരൂകനായി. ഏറ്റവും താഴേത്തട്ടിലെ ഘടകമായ ബ്രാഞ്ചുകളെ പാര്‍ട്ടിയുടെ അടിത്തറയായി അദ്ദേഹം കണ്ടു. അതുകൊണ്ടാണ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പാര്‍ട്ടി സൈദ്ധാന്തിക പ്രസിദ്ധീകരണമായ നവയുഗത്തില്‍ ആരംഭിക്കുന്ന പംക്തിക്ക് അദ്ദേഹം ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുള്ള കത്ത് എന്ന പേര് നല്‍കിയത്.
കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ചോർന്നുപോകാതെ പൊതുജീവിതത്തിൽ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഓരോ പ്രവർത്തകനും കഴിയണമെന്ന സന്ദേശം സ്വന്തം ജീവിതത്തിലൂടെയും എഴുത്തിലൂടെയും ചന്ദ്രപ്പൻ കാണിച്ചുതന്നു. ചരിത്രത്തില്‍ സംഭവിച്ച അപൂര്‍വപ്രതിഭാസമായി ജീവിച്ച അദ്ദേഹത്തിന്റെ സന്ദേശങ്ങളും സ്മരണയും വരുംകാല പോരാട്ടങ്ങൾക്ക് കരുത്തു പകരും.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.