കൽപ്പറ്റ:സമ്പൂര്‍ണ്ണ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ഏകാരോഗ്യം പദ്ധതിയിലൂടെ മൃഗസമ്പത്ത് സംരക്ഷിക്കുമെന്നും അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മൃഗങ്ങളില്‍ രോഗ സാധ്യത കൂടുതലായതിനാല്‍ ക്വാറന്റൈന്‍ സംവിധാനം ഒരുക്കുമെന്നും മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. പൂക്കോട് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലയില്‍ ഡിസംബര്‍ 29 വരെ നടക്കുന്ന അന്താരാഷ്ട്ര ലൈവ്‌സ്റ്റോക്ക് കോണ്‍ക്ലേവ് ഉദാഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മേപ്പാടിയിലെ ദുരന്തത്തില്‍ കന്നുകാലി, വളര്‍ത്തുമൃഗങ്ങളെ പുനരധിവസിപ്പിക്കുന്നതിന് സമാനതകളില്ലാത്ത ദൗത്യമാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. മുണ്ടക്കൈ- ചൂരല്‍മല ദുരന്തം പ്രദേശത്തെ ക്ഷീര -കാര്‍ഷിക മേഖലയ്ക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്നും കര്‍ഷകരെയും സംരംഭകരെയും ഉയര്‍ത്തിയെടുക്കാന്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് വകുപ്പ് ഉറപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിനോദസഞ്ചാരികള്‍, കര്‍ഷകര്‍, സൂക്ഷ്മ-ഇടത്തരം സംരംഭകരെ ജില്ലയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര ലൈവ്‌സ്റ്റോക്ക് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് പാലുത്പാദനത്തില്‍ ജില്ല രണ്ടാമതാണെന്നും കുറഞ്ഞ പശുകളില്‍ നിന്നും കൂടുതല്‍ പാല്‍ എന്ന മികച്ച രീതിയാണ് ജില്ല അവലംബിച്ചതെന്നും മന്ത്രി വ്യക്തമാക്കി. 131 കോടി വകയിരുത്തി മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് നിര്‍മ്മിക്കുന്ന പാല്‍പ്പൊടി ഫാക്ടറി പൂര്‍ത്തീകരിക്കുന്നതിലൂടെ പാല്‍ സംഭരിച്ച് സൂക്ഷിക്കാന്‍ സാധിക്കും. കോവിഡ് കാലത്ത് നേരിട്ട പ്രതിസന്ധി പരിഹിരിക്കാനും അധിക പാല്‍ പൊടിയാക്കി മാറ്റാനും സാധിക്കും. വിവിധ സംരംഭങ്ങളിലായി വളര്‍ത്തുന്ന പക്ഷി-മൃഗാദികള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാര തുക വകുപ്പ് മുഖേന വിതരണം ചെയ്യുന്നുണ്ട്. കോണ്‍ക്ലേവിലൂടെ ക്ഷീര-കാര്‍ഷിക മേഖലയിലെ സമഗ്ര വിഷയങ്ങളില്‍ ചര്‍ച്ച ചെയ്ത് സാധ്യമായ പ്രതിവിധികള്‍ ഉറപ്പാക്കും. കോണ്‍ക്ലേവിന്റെ ഭാഗമായി സജ്ജീകരിച്ച പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. അനില്‍ കെ.എസ് അധ്യക്ഷനായ പരിപാടിയില്‍ പൂക്കോട് വെറ്ററിനറി കോളേജ് സംരംഭക വിഭാഗം ഡയറക്ടര്‍ പ്രൊഫ. ഡോ. ടി എസ് രാജീവ്, കോളേജ് രജിസ്ട്രാര്‍ പ്രൊഫ. പി സുധീര്‍ ബാബു, ഡീന്‍ ഡോ. എസ്. മായ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. രാജേഷ്, വൈത്തിരി ഗ്രാമപഞ്ചായത്ത് അംഗം എന്‍.കെ ജ്യോതിഷ് കൂമാര്‍, വെറ്ററിനറി സര്‍വകലാശാല ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍, സര്‍വകലാശാല മാനേജ്മന്റ് കൗണ്‍സില്‍ അംഗങ്ങളായ ഡോ. കെ.സി ബിബിന്‍, ഡോ. പി.ടി ദിനേശ്, സി.ആര്‍ സന്തോഷ്, പി. അഭിരാം എന്നിവര്‍ പങ്കെടുത്തു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.