ആശ്രമം മൈതാനത്ത് മാന്തോട്ടം ഒരുക്കാൻ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ

കൊല്ലം : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി മുപ്പത്തിഅഞ്ചാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് മാന്തോട്ടം ഒരുക്കാൻ ഉള്ള പ്രവർത്തനങ്ങൾക്ക് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റി തുടക്കം കുറിച്ചു.
മൈതാനത്ത് 35 മാവിൻ തൈകൾ നട്ട് മാന്തോട്ടം ഒരുക്കുകയാണ് ഈ നിയമപാലകർ. ആശ്രാമം മൈതാനത്ത് നിലവിലുള്ള മിയാവാക്കി ഫോറസ്റ്റ്, സോഷ്യൽ ഫോറസ്റ്റ് വിഭാഗം നട്ട വൃക്ഷങ്ങൾക്കും അനുബന്ധമായുള്ള സ്ഥലം വൃത്തിയാക്കിയാണ് തോട്ടം ഒരുക്കുന്നത്. വിവിധയിനം മാവ് വർഗ്ഗങ്ങളുടെ തോട്ടമാണ് ഒരുക്കുന്നത്. റവന്യൂ വകുപ്പിന്റെ അനുമതി വാങ്ങിയാണ് തോട്ടം നിർമ്മാണം നടന്നുവരുന്നത്.

ഇന്ന് രാവിലെ ആശ്രമം മൈതാനത്ത് നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എൻ. ദേവീദാസ് ഐഎഎസ് മാവിൻ തൈ നട്ടുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇത്തരം ക്രിയാത്മകമായ പ്രവർത്തനങ്ങൾ യുവതയെ ലഹരി വസ്തുക്കളുടെ ഇഷ്ടക്കാരായി മാറുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ പര്യാപ്തമാണെന്ന് കളക്ടർ പറഞ്ഞു.കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ ജോയിന്റ് സെക്രട്ടറി ഡി.ശ്രീകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ പി ഓ എ സംസ്ഥാന കമ്മിറ്റി അംഗം എസ്.ഷഹീർ സ്വാഗതവും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബി വിനോദ് കുമാർ മുഖ്യപ്രഭാഷണവും നടത്തി. കൊല്ലം കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.സജീവ്, അഞ്ചാലുംമൂട് എസ് എച്ച് ഓ ജയകുമാർ ആർ, കെ പി ഓ എ ജില്ലാ സെക്രട്ടറി ജിജൂ.സി. നായർ, കെപിഎ ജില്ലാസെക്രട്ടറി വിമൽകുമാർ, കെപിഎ സംസ്ഥാന നിർവാഹക സമിതി അംഗം വിനോദ് കുമാർ, പോലീസ് സൊസൈറ്റി പ്രസിഡണ്ട് ഷിനോദാസ്. എസ്. ആർ, കെ പി ഓ എ വൈസ് പ്രസിഡണ്ട് കണ്ണൻ റ്റി, ട്രഷറർ മനു ജില്ലാ എക്സിക്യൂട്ടീവ് അംഗം പ്രദീപ്, സനോജ്,ജില്ലാ കമ്മിറ്റി അംഗം പ്രമോദ്, എസ്. അപ്പു തുടങ്ങിയവർ സംസാരിച്ചു. കൊല്ലം എസ് എൻ കോളേജ് നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാർ, വിവിധ സ്കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി. പറവകൾക്ക് ദാഹം അകറ്റാനായി എസ്പി സി കുട്ടികൾ നീർക്കുടങ്ങളും സ്ഥാപിച്ചു. കൊല്ലം കോർപ്പറേഷന്റെ സഹായത്തോടെ മാവിൻ തൈകൾക്ക് മുടങ്ങാതെ വെള്ളമൊഴിക്കുവാൻ വാട്ടർ ടാങ്കും ഗ്രൗണ്ടിൽ സ്ഥാപിച്ചു.

2019-20 വർഷങ്ങളിലെ സംസ്ഥാന വനം വകുപ്പിന്റെ വനമിത്ര പുരസ്കാരവും സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ അവാർഡും നേടിയ ഭാരതത്തിലെ ആദ്യത്തെ സർവീസ് സംഘടനയാണ് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റി.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading