പോലീസ് അതിക്രമത്തിനിരയായ ദളിത് വീട്ടമ്മയ്ക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയെന്ന് സണ്ണി ജോസഫ് എംഎല്‍എ

പോലീസ് അതിക്രമത്തിനിരയായ ദളിത് വീട്ടമ്മയ്ക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയെന്ന് സണ്ണി ജോസഫ് എംഎല്‍എ

ബിന്ദുവിൻ്റെ വീട് കെപിസിസി പ്രസിഡന്റ് സന്ദര്‍ശിച്ചു. മോഷണക്കുറ്റമാരോപിച്ച് 20 മണിക്കൂറോളം പോലീസ് സ്റ്റേഷനില്‍ വെച്ച് മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ ദളിത് വീട്ടമ്മ ബിന്ദുവിന്റെ നീതിക്കായുള്ള പോരാട്ടത്തിന് കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ചുള്ളിമാനൂര്‍ വലിയ ആട്ടുകാലിലെ പനവൂര്‍ പനയമുട്ടം പാമ്പാടി തോട്ടരികത്തെ വീട്ടിലെത്തി ബിന്ദുവിനെയും കുടുംബത്തേയും സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

 

സാധാരണക്കാരുടെ ആശ്രയമാകേണ്ട മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അവര്‍ക്ക് നീതി ലഭിച്ചില്ല. പരാതിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പരാതി വായിച്ച് നോക്കാന്‍ പോലും കൂട്ടാക്കിയില്ല. പരാതി മുഖവിലയ്ക്ക് എടുക്കണമായിരുന്നു. പൊളിറ്റിക്കല്‍ സെക്രട്ടറി കാണിച്ചത് ഗുരുതരമായ അനാസ്ഥയാണ്. ബിന്ദുവിനെ പ്രതിസ്ഥാനത്ത് പോലീസ് ചേര്‍ത്തത് അന്വേഷണം നടത്താതെയാണ്. ബിന്ദുവിന്റെ ദേഹപരിശോധനയിലും വീട്ടില്‍ നടത്തിയ പരിശോധനയിലും പോലീസിന് തെളിവ് ലഭിച്ചില്ല. നിരപരാധിത്വം ബോധ്യപ്പെട്ടിട്ടും ബിന്ദുവിനെയും അവരുടെ മക്കളെയും നിന്ദ്യമായ ഭാഷയില്‍ പോലീസ് അധിക്ഷേപിച്ചു. പോലീസിന്റെ എഫ്ഐആറില്‍ ബിന്ദു ഇപ്പോഴും പ്രതിയാണ്. അവര്‍ നിരപരാധിയാണെന്ന് പോലീസ് അന്തിമ റിപ്പോര്‍ട്ട് കോടതിക്ക് നല്‍കണം.

 

നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പോലീസ് പെരുമാറിയത്.പരാതിക്ക് ആധാരമായ മാല തിരികെ കിട്ടിയിട്ടും ആരോപണവിധേയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയാണ് പോലീസ് ചെയ്തത്. വീട്ടമ്മയെ നിയമവിരുദ്ധമായി കസ്റ്റഡയിലെടുത്ത് മണിക്കൂറുകളോളം മാനസികമായി പീഡിപ്പിക്കാന്‍ പോലീസിനാരാണ് അധികാരം നല്‍കിയത്? പോലീസിനെ മുഖ്യമന്ത്രിയും സിപിഎമ്മും രാഷ്ട്രീയവത്കരിച്ചതിന്റെ ദുരിതമാണ് സാധാരണ ജനങ്ങള്‍ അനുഭവിക്കുന്നത്.

 

ഒരു മാസം മുമ്പു നടന്ന സംഭവം വിവാദമായപ്പോഴാണ് മുഖംരക്ഷിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരേ നടപടി എടുത്തത്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തില്‍ മതിമറന്നിരിക്കുന്നതിനാലാണ് നീതി വൈകിയതെന്ന് സണ്ണി ജോസഫ് അറിയിച്ചു.

 

ഡിസിസി പ്രസിഡന്റ് പാലോട് രവി, കെപിസിസി ഭാരവാഹികളായ എം.ലിജു,പഴകുളം മധു, ജി.സുബോധന്‍, എംഎം നസീര്‍, ബിന്ദുകൃഷ്ണ, ആനാട് ജയന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Leave a Response

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading