തിരുവനന്തപുരം:ദുരന്തമുഖത്ത് ജീവന്‍ രക്ഷാ പ്രവര്‍ത്തനം, ഡാറ്റാ കളക്ഷന്‍, മാറ്റിപ്പാര്‍പ്പിക്കല്‍, ക്യാമ്പ് നടത്തല്‍, എമെര്‍ജന്‍സി കമ്മ്യൂണിക്കേഷന്‍സ്, ക്രൗഡ് മാനേജ്‌മെന്റ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓപ്പറേഷന്‍, ഫസ്റ്റ് എയ്ഡ് ആന്റ് സി.പി.ആര്‍ നല്‍കല്‍ തുടങ്ങി അടിയന്തിര പ്രാധാന്യത്തോടെ നിര്‍വ്വഹിക്കേണ്ട ചുമതലകള്‍ ഏറ്റെടുക്കുന്നതിനായി ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ റെഡ് വോളന്റിയര്‍ സേന രൂപീകരിക്കുന്നു. കേരളത്തിന്റെ സുരക്ഷയ്ക്കും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ജോയിന്റ് കൗണ്‍സില്‍ വോളന്റിയര്‍ സേന രൂപീകരിക്കുന്നത്. റെഡ് (RED- Rescue and Emergency Division) എന്ന് വോളന്റിയര്‍ സേന അറിയപ്പെടും. ഗാന്ധിജയന്തി ദിനത്തില്‍ ഒക്‌ടോബര്‍ 2 ന് ഗാന്ധിജിയുടെ പാദസ്പര്‍ശമേറ്റ വൈക്കം ഇണ്ടത്തുരുത്തി മനയില്‍ കേന്ദ്രീകരിച്ച് പ്രഖ്യാപിക്കപ്പെടുന്ന വോളന്റിയര്‍ സേനയുടെ വിവിധ ജില്ലകളില്‍ നിന്നുള്ള ടീം ലീഡേഴ്‌സിന്റെ പരിശീലന ക്യാമ്പ് 14 ന് തിരുവനന്തപുരത്ത് അഡ്വ.ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്തു. വോളന്റിയര്‍ സേന കേരളത്തിലെ സിവില്‍ സര്‍വീസിലെ ഉദാത്ത മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജോയിന്റ് കൗണ്‍സില്‍ ആസ്ഥാനമന്ദിരത്തില്‍ നടന്ന വോളന്റിയര്‍ സേന ടീം ലീഡേഴ്‌സ് പരിശീലന ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ്.സജീവ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.പി.ഗോപകുമാര്‍ വോളന്റിയര്‍ സേനാ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.കെ.മധു സ്വാഗതം പറഞ്ഞ യോഗത്തില്‍ സംസ്ഥാന ട്രഷറര്‍ എം.എസ്.സുഗൈതകുമാരി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.ശ്രീകുമാര്‍, എ.ഗ്രേഷ്യസ് തുടങ്ങിയവര്‍ സംസാരിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിനോദ്.വി.നമ്പൂതിരി, സതീഷ്‌കണ്ടല, ആര്‍.സരിത, എന്‍.സോയാമോള്‍, ആര്‍.എസ്.സജീവ് തുടങ്ങിയവര്‍ സംസാരിച്ചു. സെഷനുകളിലായി നടന്ന പരിശീലന പരിപാടിക്ക് ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ നിസ്സാം നേതൃത്വം നല്‍കി. വിവിധ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട സേനാംഗങ്ങള്‍ക്ക് സെപ്റ്റംബര്‍ 16,17 തീയതികളിലായി ടീം ലീഡേഴ്‌സിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കും.
കണ്‍മുന്നില്‍ കുഴഞ്ഞു വീണോ അപകടത്തില്‍പ്പെട്ടോ പ്രാണനു വേണ്ടിയൊരാള്‍ പിടയുന്നതു കാണുമ്പോള്‍ പലപ്പോഴും നമ്മള്‍ നിസ്സഹായരായി പോകുന്നു. ഒരു നിമിഷം നമ്മള്‍ എന്തു ചെയ്യണമെന്നറിയാതെ പതറിപോകും. ആംബുലന്‍സ് എത്തി ആശുപത്രിയിലേക്കുള്ള ഓട്ടത്തിനിടയില്‍ നഷ്ടമാകുന്ന സമയം എറെ വിലപ്പെട്ടതാണ്. അവിടെയാണ് പരിശീലനം സിദ്ധിച്ച സന്നദ്ധ സേവനത്തിന്റെ പ്രാധാന്യം. ഒരു പ്രഥമ സുശ്രൂഷ സി പി ആര്‍ നല്‍കാനായാല്‍ നഷ്ടമാകാന്‍ സാധ്യതയുള്ള ഒരു ജീവന്‍ രക്ഷിക്കാന്‍ നമുക്കാവും. രാത്രിയില്‍ ഉറ്റവരില്‍ ആരെങ്കിലും പ്രാണനു വേണ്ടി പിടഞ്ഞാല്‍ ,ഓഫീസില്‍ തൊട്ടരികിലിരിക്കുന്ന സഹപ്രവര്‍ത്തകന്‍ കുഴഞ്ഞു വീണാല്‍ കാഴ്ചക്കാരാവാതെ ഇടപെടാന്‍ കഴിയുന്ന മനസ്സു മാത്രം പോരാ പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ അറിവുള്ള വോളന്റിയര്‍ ആവാന്‍ കഴിയണം. മഹാദുരന്തങ്ങളും മഹാമാരിയും ആവര്‍ത്തിക്കുകയാണ് കേരളത്തില്‍. സര്‍ക്കാരും ഔദ്യോഗിക ദുരന്തനിവാരണ സംവിധാനങ്ങളും കേരളത്തില്‍ തീര്‍ത്ത സുരക്ഷയുടെയും അതിജീവനത്തിന്റെയും മഹത്തായ അഭിമാന മാതൃകകള്‍ മുന്നിലുണ്ട്. വയനാടും വിലങ്ങാടുമാണ് കേരളം നേരിട്ട ഒടുവിലുണ്ടായ മഹാദുരന്തങ്ങള്‍. ഒരു വലിയ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയ പ്രകൃതിക്ഷോഭമായിരുന്നു അത്. പോലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാര്‍ മുഖ്യമായും മറ്റ് ജീവനക്കാരുടെയും അതിനെ ഏകോപിപ്പിക്കാന്‍ റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ 5 മന്ത്രിമാര്‍ നടത്തിയ ശ്രമകരമായ രക്ഷാദൗത്യം സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമായിരുന്നു. പരിശീലനം ലഭിച്ച ഫോഴ്‌സുകളില്‍ പ്പെട്ടവരല്ലാതെ മറ്റാര്‍ക്കും വേണ്ടത്ര പരിശീലനമില്ലാതെയാണ് ദുരന്തമുഖത്ത് നിലയുറപ്പിച്ചത്. 2018 ലും 2019 ലും ഉണ്ടായ പ്രളയത്തില്‍ കേരളമാകെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 15 ലക്ഷത്തിലധികം ആളുകള്‍ ക്യാമ്പിലേക്ക് എത്തി. ആളുകളെ മാറ്റിപാര്‍പ്പിക്കലും ക്യാമ്പ് നടത്തിപ്പും ഒരു വെല്ലുവിളിയായാണ് കേരളം ഏറ്റെടുത്തത്.
ഓരോ ദുരന്തമുഖത്തും ആദ്യമായി എത്തിചേരാന്‍ കഴിയുക കേരളമാകെ എവിടെയുമുള്ള സര്‍ക്കാര്‍ ജീവനക്കാരാണ്. ദുരന്തനിവാരണ സേനയും ഫോഴ്‌സും എത്തുന്നതിനു മുന്‍പുള്ള സമയം ഏറെ വിലപ്പെട്ടതാണ്. ആദ്യ ഇടപെടല്‍ നിര്‍ണ്ണായകവും വിലപ്പെട്ടതുമാകും. അതിനായി കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും സേവന തല്‍പ്പരരായവരെ ഉള്‍പ്പെടുത്തി 1148 വൈദഗ്ദ്യമുള്ള സന്നദ്ധസേനക്കാണ് പരിശീലനം നല്‍കി ജോയിന്റ് കൗണ്‍സില്‍ രൂപം കൊടുക്കുന്നത്. ഒരു യൂണിറ്റില്‍ നിന്നും രണ്ട് പേര്‍ വീതം വോളന്റിയര്‍ സേനയുടെ ഭാഗമാകും. നഴ്‌സുമാര്‍, എഞ്ചിനിയര്‍മാര്‍ , റവന്യൂ ജീവനക്കാര്‍, റസ്‌ക്യൂ പരിശീലനം ലഭ്യമായ ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ് ജീവനക്കാര്‍, ഡാറ്റാ കളക്ഷന്‍ വിദഗ്ധന്‍മാര്‍, കമ്മ്യൂണിക്കേഷന്‍ പരിശീലനം ലഭിച്ച വിദഗ്ദ്ധര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവരും വോളന്റിയര്‍ സേനയുടെ ഭാഗമാകും. 2025 ഒക്ടോബര്‍ 2 ന് ഗാന്ധിജയന്തി ദിനത്തില്‍ ഗാന്ധിജിയുടെ പാദസ്പര്‍ശമേറ്റ വൈക്കം ഇണ്ടംതുരുത്തി മനയില്‍ കേന്ദ്രീകരിച്ച് വൈക്കം നവോത്ഥാന പോരാട്ട സ്മൃതി പാതയിലൂടെ മാര്‍ച്ച് ചെയ്ത് നവോത്ഥാന സ്മൃതി വേദിയില്‍ വച്ച് വോളന്റിയര്‍ സേനയുടെ പ്രഖ്യാപനം നടത്തും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് പി.കൃഷ്ണപിള്ളയുടെ ജന്മദേശത്ത് വച്ച് വോളന്റിയര്‍ സേനാ പ്രഖ്യാപനം നടത്തുന്നത്. റവന്യൂ വകുപ്പ് മന്ത്രി അഡ്വ.കെ.രാജന്‍ മാര്‍ച്ച് ഫ്‌ളാഗ് ഓഫ് ചെയ്യും.


Discover more from News12 India

Subscribe to get the latest posts sent to your email.

You missed

Discover more from News12 India

Subscribe now to keep reading and get access to the full archive.

Continue reading