പാലക്കാട് ജില്ലയില്‍ ഡിസ്റ്റിലറി സ്ഥാപിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനു പിന്നില്‍ വന്‍ അഴിമതി – രമേശ് ചെന്നിത്തല

കൊല്ലം: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ബ്രൂവറി, ഡിസ്റ്റിലറി യൂണിറ്റ് സ്ഥാപിക്കുന്നതിന് ഒയാസിസ് കമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് അനുമതി നല്‍കാനുള്ള മന്ത്രിസഭാ തീരുമാനത്തിനു പിന്നില്‍ വന്‍ അഴിമതിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ഡിസ്റ്റിലറി തുടങ്ങാന്‍ ഈ കമ്പനിയെ തെരഞ്ഞടുത്തതിനു പിന്നിലുള്ള മാനദണ്ഡം വ്യക്തമാക്കണം. ടെണ്ടര്‍ ക്ഷണിച്ചിട്ടാണോ ഈ കമ്പനിയെ തെരഞ്ഞെടുത്തത് എന്നത് സര്‍ക്കാര്‍ ജനങ്ങളോട് വെളിപ്പെടുത്തണം.

അതീവ വരള്‍ച്ചാ സാധ്യതയുള്ള സ്ഥലമായ പാലക്കാട് പ്രതിവര്‍ഷം അഞ്ച് കോടി ലിറ്റര്‍ ഭൂഗര്‍ഭജലം ഉപയോഗിക്കേണ്ടി വരുന്ന പ്‌ളാന്റുകള്‍ സ്ഥാപിച്ച് ഡിസ്റ്റലിലറി തുടങ്ങാന്‍ അനുമതി കൊടുത്തത് എന്ത് പാരിസ്ഥിതിക പഠനത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതു സംബന്ധിച്ച് എന്തെങ്കിലും ശാസ്ത്രീയ പഠനങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടോ എന്നു വ്യക്തമാക്കണം. പുതുശേരി പഞ്ചായത്തിന്റെ അനുമതി ഇക്കാര്യത്തില്‍ ലഭ്യമാക്കിയിട്ടുണ്ടോ.. കഴിഞ്ഞ തവണ ബ്രുവറിക്ക് അനുമതി കൊടുത്തപ്പോള്‍ ജനങ്ങള്‍ പ്രതിഷേധിച്ച സ്ഥലത്തു തന്നെയാണ് ഇപ്പോഴും അനുമതി നല്‍കിയിരിക്കുന്നത്. പണ്ട് പ്‌ളാച്ചിമട കോള സമരത്തിന് പിന്തുണ നല്‍കിയ പാര്‍ട്ടിയാണ് ഇന്ന് വന്‍തോതില്‍ ഭൂഗര്‍ഭജലം ചൂഷണം ചെയ്യാനുള്ള ജനവിരുദ്ധ പദ്ധതിക്ക് അനുമതി നല്‍കിയിരിക്കുന്നത്.

ഇതിനു പിന്നില്‍ വന്‍ അഴിമതിയാണ്. 2018 ല്‍ പ്രളയ സമയത്ത് ചില സ്വകാര്യ കമ്പനികള്‍ക്ക് സംസ്ഥാനത്ത് ഡിസ്റ്റലറികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ സഹായം ചെയ്തിരുന്നു. പ്രതിപക്ഷത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ആ നീക്കം പാളിപ്പോയതാണ്. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ പറഞ്ഞത് നനയാതെ വിഴുപ്പു ചുമക്കുന്നു എന്നാണ്. ഇപ്പോള്‍ വിഴുപ്പു ചുമക്കുന്നതു നനഞ്ഞുകൊണ്ടാണോ എന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. ഈ ഇടപാടിനു പിന്നില്‍ കോടികളുടെ അഴിമതിയുണ്ട്.

2022 ലും സ്വകാര്യ ഡിസ്റ്റിലറികള്‍ക്കു വേണ്ടി സര്‍ക്കാര്‍ നീക്കം നടത്തിയതാണ്. അന്നും പ്രതിപക്ഷത്തിന്റെ എതിര്‍പ്പു മൂലം നടന്നില്ല.

2018 ലെ ബ്രൂവറി/ഡിസ്റ്റിലറി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച നികുതിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നാളിതുവരെയായി പുറത്തുവിട്ടിട്ടില്ല. അതില്‍ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്. പുതിയ ഡിസ്റ്റിലറികള്‍ സംസ്ഥാനത്ത് തുടങ്ങാന്‍ പാടില്ല എന്നു ആ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നതു കൊണ്ടാണ് ഇതുവരെ അത് വെളിച്ചം കാണിക്കാത്തത്. അത് പുറത്തു വിടണം.

മാത്രമല്ല പുതുതായി ഡിസ്റ്റലറികള്‍ തുടങ്ങുന്നതിനെതിരെ 1999 ല്‍ ഒരു എക്‌സിക്യുട്ടീവ് ഓര്‍ഡറും പുറപ്പെടുവിച്ചിരുന്നു. ആ ഉത്തരവ് ഇപ്പോഴും നിയമപരമായി നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ എല്ലാ പഠനങ്ങളെയും ശുപാര്‍ശകളെയും മറി കടന്ന് മന്ത്രിസഭ ഇത്തരത്തില്‍ അനുമതി നല്‍കിയതിനു പിന്നില്‍ വന്‍ അഴിമതിയല്ലാതെ മറ്റൊന്നുമല്ല. ഇത് സിപിഎമ്മിന് പണമുണ്ടാക്കാനുള്ള ഇടപാടാണ്. രഹസ്യമായി മന്ത്രിസഭായോഗത്തില്‍ വിഷയം കൊണ്ടുവന്ന് അനുമതി കൊടുക്കുകയായിരുന്നു. എക്‌സൈസ് മന്ത്രി ഈ വിഷയത്തില്‍ മറുപടി പറയണം. ഘടകകക്ഷികള്‍ അവരുടെ നിലപാട് വ്യക്തമാക്കണം. അടിയന്തിരമായി ഈ മന്ത്രിസഭാതീരുമാനം പിന്‍വലിക്കണം – രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading