കോഴിക്കോട് :ശാസ്ത്രീയ മനോഭാവം വളർത്താനുതകുന്ന രീതിയിൽ നമ്മുടെ ശാസ്ത്ര വിദ്യാഭ്യാസത്തിൽ മാറ്റം വരണമെന്ന് ബ്രേക്ക്‌ത്രൂ സയൻസ് സൊസൈറ്റി സംഘടിപ്പിച്ച സംസ്ഥാന ശാസ്ത്ര സമ്മേളനത്തിൽ നടന്ന പാനൽ ചർച്ചയിൽ
അഭിപ്രായമുയർന്നു. ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നതിൽ നമ്മുടെ ശാസ്ത്ര വിദ്യാഭ്യാസം പരാജയപ്പെടുന്നത് എന്തുകൊണ്ട് എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ ‘മുംബൈ ഐഐടിയിലെ മുൻ പ്രൊഫസർ ഡോ.കുര്യൻ ഐസക് ,തൊടുപുഴ ന്യൂമാൻസ് കോളജിലെ മുൻ അധ്യാപകൻ ഡോ. ജോ ജേക്കബ്ബ് എന്നിവർ നേതൃത്വം നൽകി.
ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വളർച്ചയിൽ ശാസ്ത്ര സമൂഹത്തിന് സഹായകമാകുന്ന ഒരു ഉപകരണം മാത്രമാണ്നിർമ്മിത ബുദ്ധിയെന്നും മനുഷ്യബുദ്ധിയെ മറികടക്കാൻനിർമ്മിത ബുദ്ധിക്ക് സാധ്യമാകുമെന്ന വാദത്തെ സാധൂകരിക്കുന്ന ഒരു മുന്നേറ്റവും ഈ മേഖലയിൽ ഇതുവരെ ഉണ്ടായിട്ടില്ല എന്നും ‘നിർമ്മിത ബുദ്ധിയും മനുഷ്യബുദ്ധിയും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ കർണാടക നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസർ ഡോ. ദീപു വിജയസേനൻ അഭിപ്രായപ്പെട്ടു. തുടർന്ന് ‘മൃതമായ നക്ഷത്രങ്ങളുടെ ജീവിതം’ എന്ന വിഷയത്തിൽ തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് ആൻഡ് ടെക്നോളജിയിലെ പ്രൊഫസർ ഡോ. എൽ. രശ്മി ക്ലാസ് എടുത്തു. സുപ്രസിദ്ധ മാന്ത്രികൻ പ്രദീപ് ഹൂഡിനോയുടെ മായാജാല പ്രദർശനവും നടന്നു.
സമ്മേളനത്തിലെ രണ്ടാം ദിവസമായ ഇന്ന് രാവിലെ നടന്ന സെഷനിൽ ‘ശാസ്ത്രവും തത്വ ശാസ്ത്രവും’ എന്ന വിഷയത്തിൽ ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡോ. സൗമിത്രോ ബാനർജി പ്രഭാഷണം നടത്തി.
ഉച്ചക്കുശേഷം നടന്ന സെഷനിൽ ബ്രേക്ക്ത്രൂസയൻസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി പ്രൊഫ. പി.എൻ.തങ്കച്ചൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് അന്ധവിശ്വാസ പ്രചാരണങ്ങൾ തടയുന്നതിന് നിയമനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയവും
വികസന പ്രവർത്തനങ്ങൾ ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലായിരിയ്ക്കണമെന്നും വൻതോതിൽ പരിസ്ഥിതി നാശം വരുത്തുന്ന പദ്ധതികളിൽ നിന്ന് ഗവൺമെൻ്റ് പിൻമാറണമെന്നും
ആവശ്യപ്പെടുന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു.
ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ
കോഴിക്കോട് മേഖല ശാസ്ത്ര കേന്ദ്രത്തിൽ രണ്ടുദിവസമായി നടന്നുവന്ന സമ്മേളനം ഇന്ന് വൈകിട്ട് സമാപിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.