കേന്ദ്രസർക്കാർ പ്രഖ്യാപനം ആശാവർക്കർമാരുടെ സമരത്തിൻ്റെ നേട്ടം.

തിരുവനന്തപുരം  : ആശാവർക്കർമാരുടെ വേതനം വർധിപ്പിക്കും എന്ന് പാർലമെൻറിൽ കേന്ദ്രമന്ത്രി നടത്തിയ പ്രഖ്യാപനം കേരളത്തിലെ ആശാവർക്കർമാർ നടത്തിവരുന്ന സമരത്തിൻ്റെ നേട്ടമാണെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി കെ സദാനന്ദൻ പറഞ്ഞു. ലഭിക്കുന്ന ആനുകൂല്യം രാജ്യത്തെ എല്ലാ ആശാവർക്കർമാർക്കും നേട്ടമാകുമെന്നതിൽ സംഘടന അഭിമാനിക്കുന്നു. സെക്രട്ടറിയേറ്റ് പടിക്കൽ നടക്കുന്ന ശക്തമായ രാപകൽ സമരത്തിൻറെ മുപ്പതാം ദിവസമാണ് കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. സമരത്തിന് ആധാരമായ ആവശ്യങ്ങൾ അംഗീകരിച്ചു കിട്ടുന്നതുവരെ സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും മാർച്ച് 17ന് പ്രഖ്യാപിച്ചിരിക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധം വമ്പിച്ച പങ്കാളിത്തത്തോടെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ആശവർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക, അധിക ജോലിഭാരം അടിച്ചേല്പിക്കുന്നത് ഒഴിവാക്കുക തുടങ്ങി ജീവൽ പ്രധാനങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഫെബ്രുവരി 10 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ രാപകൽസമരം ആരംഭിച്ചത്. ഈ ആവശ്യങ്ങൾ പ്രാഥമികമായി പരിഗണിക്കേണ്ട സംസ്ഥാന സർക്കാർ ഏറ്റവും സാധാരണക്കാരായ സ്ത്രീ തൊഴിലാളികൾ നടത്തുന്ന സമരത്തെ ആക്ഷേപിക്കാനും അധിക്ഷേപിക്കാനുമാണ് ശ്രമിച്ചത്.

എന്നാൽ വിട്ടുവീഴ്ചയില്ലാത്ത സമരമാണ് ആശാവർക്കർമാർ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ തുടരുന്നത്. അധികാരവും സ്വാധീനവും ഉപയോഗിച്ച് സർക്കാരും സർക്കാർ അനുകൂല സംഘടനകളും ഉയർത്തിയ ഭീഷണികളെ മറികടന്നാണ് ആശാവർക്കർമാർ സമര രംഗത്ത് ഉറച്ചുനിന്നത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി സംസ്ഥാനത്തെ എല്ലാ ആശാവർക്കർമാരും ഒന്നിച്ചുനിന്നത് സമരത്തിൻറെ ശക്തി വർധിപ്പിച്ചു.

ഈ സമരത്തിൻ്റെ ശക്തിയും ഉന്നയിക്കുന്ന ആവശ്യങ്ങളുടെ ന്യായയുക്തതയുമാണ് വൻതോതിൽ ജനപിന്തുണയും ദേശീയ ശ്രദ്ധയും നേടാൻ കാരണമായത്. കേരളത്തിൽ ഭരണത്തിൽ ഇരിക്കുന്നവരൊഴികെ എല്ലാ രാഷ്ട്രീയകക്ഷികളും ഇതര സംഘടനകളും സമരത്തെ ശക്തമായി പിന്തുണച്ചു. കേന്ദ്ര സഹമന്ത്രിയും കേരളത്തിൽ നിന്നുള്ള എംപിമാരും മുൻ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയും പാർലമെൻ്റിൻ്റെ ഇരു സഭകളിലും ശക്തമായി ആശാവർക്കർമാർ നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിച്ചു. ഇതിനു മറുപടിയായാണ് കേന്ദ്രസർക്കാർ നിലപാട് പ്രഖ്യാപിച്ചത്.

ശക്തമായ സമരത്തിലൂടെ ആശാവർക്കർമാർ നേരിടുന്ന ദുരിത ജീവിതം സമൂഹത്തിന് മുന്നിൽ എത്തിച്ചു. ഭീഷണികൾക്കും പ്രലോഭനങ്ങൾക്കും വഴങ്ങാതെ സമരത്തിൽ ഉറച്ചുനിൽക്കുന്ന ആശാവർക്കർമാരുടെയും കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെയും പ്രക്ഷോഭത്തിൻ്റെ നേട്ടമാണ് കേന്ദ്രസർക്കാർ നടത്തിയ പ്രഖ്യാപനം. സംസ്ഥാനത്ത് നടത്തിയ ചരിത്രപരമായ പ്രക്ഷോഭത്തിലൂടെ ദേശീയതലത്തിൽ എല്ലാ ആശമാരുടെയും ശബ്ദമായി മാറാനും ആവശ്യങ്ങളിലേക്ക് വിരൽ ചൂണ്ടാനും കഴിഞ്ഞതിൽ സംഘടന അഭിമാനിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ജി ശങ്കർ
സ്റ്റാഫ് പ്രതിനിധി.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response