ശമ്പള പരിഷ്കരണത്തിനും ക്ഷാമബത്ത കുടിശ്ശികയ്ക്കും തുക വകയിരുത്തി ബഡ്ജറ്റ് പാസാക്കണം – ചവറ ജയകുമാർ.

തിരുവനന്തപുരം:ശമ്പള പരിഷ്കരണത്തിനും ക്ഷാമബത്ത കുടിശ്ശികക്കും നൽകാൻ തുക വകയിരുത്തി വേണം ബഡ്ജറ്റ് പാസാക്കേണ്ടതെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ
ആവശ്യപ്പെട്ടു.കേരള എൻ ജി ഒ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സർവ്വേ ഡയറക്ടറേറ്റിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത നീതി നിഷേധമാണ് ഒമ്പത് വർഷം പൂർത്തിയാക്കുന്ന ഇടതുപക്ഷ ഗവൺമെന്റിൽ നിന്നുണ്ടാകുന്നത്. ജീവനക്കാരുടെ ആനുകൂല്യം ഇത്രയധികം കുടിശ്ശികയാക്കിയ മറ്റൊരു സർക്കാർ ഉണ്ടായിട്ടില്ല. ജീവനക്കാരുടെ അവകാശങ്ങൾക്കുമേൽ മുഖം തിരിച്ചു നിൽക്കുന്ന ഭരണകൂടം ധൂർത്തുകൾക്ക് യഥേഷ്ടം പണം കണ്ടെത്തുന്നു.
ക്ഷാമബത്തയുടെ കാര്യത്തിൽ സർക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമാണ്. ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥർക്കും ജുഡീഷ്യൽ സർവീസിനും 53% ക്ഷാമബത്ത നൽകുമ്പോൾ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അത് 12% മാത്രമാണ്.

സര്‍ക്കാര്‍ ജീവനക്കാരുടെ 65,000 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചിട്ട് ഈ വര്‍ഷം രണ്ട് ഗഡു ശമ്പള കുടിശ്ശിക അനുവദിക്കുമെന്ന പൊള്ളയായ വാഗ്ദാനം ജീവനക്കാര്‍ തള്ളിക്കളയും.
യാഥാര്‍ത്ഥ്യ ബോധത്തോടെ ജീവനക്കാരുടെ ആനുകൂല്യങ്ങളെ സമീപിക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാരിന് നഷ്ടപ്പെട്ടു.
അഞ്ചുവര്‍ഷതത്വം പാലിച്ചു കൊണ്ട് 12-ാം ശമ്പള പരിഷ്ക്കരണത്തിന് ഒരു കമ്മീഷനെ വയ്ക്കാനുള്ള പ്രഖ്യാപനം പോലും ബജറ്റില്‍ ഉണ്ടായില്ല.
2019 ജൂലൈയില്‍ ലഭിക്കേണ്ട ശമ്പള പരിഷ്ക്കരണത്തിന്‍റെ അരിയര്‍ തുക എവിടെ എന്ന ചോദ്യമാണ് ജീവനക്കാര്‍ ഉയര്‍ത്തുന്നത്.
അതാത് വര്‍ഷം ലഭിക്കേണ്ട ലീവ് സറണ്ടറിനെ കുറിച്ചും മൗനം പാലിക്കുകയാണ്. കഴിഞ്ഞ ബജറ്റില്‍ നിര്‍ത്തലാക്കിയ സി.സി.എ പുന:സ്ഥാപിക്കാനോ സിവില്‍ സര്‍വ്വീസിനെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുവാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റായിട്ടും ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കാന്‍ തുക വകയിരുത്തുകയോ ചെയ്തിട്ടില്ല.
ശമ്പളപരിഷ്ക്കരണവും ലീവ് സറണ്ടറുമെല്ലാം അടുത്ത സര്‍ക്കാരിന്‍റെ തലയില്‍ കെട്ടി വച്ച് രക്ഷപ്പെടാനാണ് ധനമന്ത്രി ശ്രമിക്കുന്നത്.

ജീവനക്കാരെ വഞ്ചിച്ച ബജറ്റിനെതിരെ സംസ്ഥാന വ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എസ്.ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

വി.എസ് രാഘേഷ്, ആർ.എസ് പ്രശാന്ത് കുമാർ, ജോർജ്ജ് ആന്റണി,ഷൈജി ഷൈൻ വി.സി, ഷൈൻകുമാർ ബി.എൻ, എൻ.ആർ ഷിബി,അഖിൽ എസ്.പി, ലിജു എബഹാം,വിപ്രേഷ് കുമാർ, അനൂജ് രാമചന്ദ്രൻ,റെനി രാജ്, സുനിൽ ജി.എസ്, മാഹീൻ എന്നിവർ സംസാരിച്ചു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.