കോഴിക്കോട്: കേരളത്തില്‍ തിങ്കളാഴ്ച രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ പെട്രോള്‍ പമ്പുകള്‍ അടഞ്ഞു കിടക്കും. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് എലത്തൂര്‍ എച്ച്പിസിഎല്‍ ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് ഭാരവാഹികളെ യാതൊരു പ്രകോപനവും കൂടാതെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് സംഘടനയുടെ തീരുമാനം.
കഴിഞ്ഞ കുറച്ചു നാളുകളായി പെട്രോളിയം ഡീലര്‍മാരും ടാങ്കര്‍ ഡ്രൈവര്‍മാരും കാര്യമായ ഭിന്നത പ്രകടമായിരുന്നു. ‘ചായ പൈസ’ എന്ന് വിളിക്കുന്ന ബാറ്റ തുകയുമായി ബന്ധപ്പെട്ടായിരുന്നു ഈ തര്‍ക്കം ഉടലെടുത്തത്. പെട്രോള്‍ പമ്പില്‍ ഇന്ധനമെത്തിക്കുന്ന ടാങ്കര്‍ ഡ്രൈവര്‍മാര്‍ക്ക് ചായ പൈസയെന്ന പേരില്‍ 300 രൂപയാണ് നിലവില്‍ ഡീലര്‍മാര്‍ നല്‍കിവരുന്നത്.
എന്നാല്‍ ഇത് വര്‍ധിപ്പിക്കണം എന്നാണ് ഡ്രൈവര്‍മാരുടെ ആവശ്യം. 300 രൂപ പര്യാപ്തമല്ലെന്നാണ് ടാങ്ക് ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് അംഗീകരിക്കാന്‍ ഡീലര്‍മാര്‍ സമ്മതം മൂളിയിരുന്നില്ല. ഇതോടെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ഭിന്നത രൂക്ഷമായത്. ചായ പൈസ വര്‍ധിപ്പിക്കണം എന്ന ആവശ്യം ഡീലര്‍മാര്‍ നിഷേധിച്ചതോടെ ഡ്രൈവര്‍മാര്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിനിടെ പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് കോഴിക്കോട് എലത്തൂര്‍ എച്ച്പിസിഎല്‍ ഡിപ്പോയില്‍ വച്ച് ഇരുകൂട്ടരുടെയും ചര്‍ച്ച സംഘടിപ്പിച്ചത്. ഈ യോഗത്തിനിടെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ ഡീലേഴ്സ് ഫെഡറേഷന്‍ ഭാരവാഹികളെ കൈയ്യേറ്റം ചെയ്തുവെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാനും തീരുമാനമായിട്ടുണ്ട്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.