നൃത്ത സംഗീത വാദ്യ താളമേളങ്ങള്‍ പെയ്തിറങ്ങിയ കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം.

കൊല്ലം: നൃത്ത സംഗീത വാദ്യ താളമേളങ്ങള്‍ പെയ്തിറങ്ങിയ കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം-തില്ലാനയുടെ അരങ്ങില്‍ 47 പോയിന്‍റ് നേടി വയനാട് ജില്ല രണ്ടാം വട്ടവും ചാമ്പ്യന്‍മാരായി. കലോത്സവത്തിന്‍റെ രണ്ടു നാളും ആവേശോജ്ജ്വല പോരാട്ടത്തിലൂടെ ചാമ്പ്യന്‍മാര്‍ക്കൊത്ത പ്രകടനം കാഴ്ച വച്ചു കൊണ്ടായിരുന്നു കിരീടത്തില്‍ മുത്തമിടാനുള്ള വയനാടിന്‍റെ കുതിപ്പ്.

27 പോയിന്‍റുമായി തൃശൂര്‍ ജില്ല രണ്ടാം സ്ഥാനവും 25 പോയിന്‍റുമായി തിരുവനന്തപുരം ജില്ല മൂന്നാം സ്ഥാനവും നേടി. ആദ്യദിനം പോയിന്‍റ് നിലയില്‍ മുന്നിലായിരുന്ന തിരുവനന്തപുരം ജില്ലയെ അന്നു വൈകുന്നേരം തന്നെ വയനാട് മറി കടന്നു. തുടര്‍ന്ന് അവസാന നിമിഷം വരെ ഇഞ്ചോടിഞ്ചു പോരാടി വ്യക്തമായ ലീഡ് നിലനിര്‍ത്തിക്കൊണ്ടായിരുന്നു കിരീട നേട്ടം. കഴിഞ്ഞ വര്‍ഷം ബഡ്സ് കലോത്സവത്തില്‍ നേടിയ ചാമ്പ്യന്‍ പട്ടം നിലനിര്‍ത്താന്‍ കഴിഞ്ഞതിന്‍റെ ഇരട്ടി ആഹ്ളാദത്തോടെയാണ് വയനാട് ജില്ലാ ടീമിന്‍റെ മടക്കം.

ചാമ്പ്യന്‍മാരായ വയനാട് ജില്ലയ്ക്ക് ട്രോഫിയും അഞ്ചു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും രണ്ടാം സ്ഥാനം നേടിയ തൃശൂര്‍ ജില്ലയ്ക്ക് ട്രോഫിയും മൂന്ന് ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും മൂന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജില്ലയ്ക്ക് ട്രോഫിയും രണ്ടു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച മൃഗസംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി വിതരണം ചെയ്തു.
കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റിയെടുക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. വൈവിധ്യമാര്‍ന്ന കലകളുടെ സംഗമ ഭൂമികയായി തില്ലാന ബഡ്സ് കലോത്സവം മാറിയെന്നും അവരുടെ കലാപരമായ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ സര്‍ക്കാര്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉദാഹരണമാണ് കലോത്സവമെന്നും മന്ത്രി പറഞ്ഞു.

മികച്ച ബഡ്സ് ഉല്‍പന്ന സ്റ്റാളുകളുടെ വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്കുള്ള പുരസ്കാരം, വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള പുരസ്കാരം, കലോത്സവ നഗരിയില്‍ മികച്ച സുരക്ഷയൊരുക്കിയ പോലീസ്, ഫയര്‍ഫോഴ്സ് എന്നിവര്‍ക്കുമുളള പുരസ്കാരം എന്നിവ ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോ.പി.കെ ഗോപന്‍, ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് എന്നിവര്‍ സംയുക്തമായി വിതരണം ചെയ്തു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading