ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണും: മന്ത്രി കെ.രാജന്‍.

മലപ്പുറം:ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുക എന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ എത്തുകയാണെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. 2026 ജനുവരിയോടെ ലാന്‍ഡ് ട്രിബ്യൂണുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.  മലപ്പുറം വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരകഹാളില്‍ നടന്ന ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.


2021 മുതല്‍ 24 വരെയുള്ള കാലയളവില്‍ 36662 കുടുംബങ്ങള്‍ മലപ്പുറം ജില്ലയില്‍ ഭൂമിയുടെ ഉടമസ്ഥരായി. എല്ലാ മനുഷ്യരെയും ഭൂമിയുടെ ഉടമകളാക്കുക എന്ന മഹാപ്രക്രിയയാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സത്രം ഭൂമി എന്നറിയപ്പെടുന്ന പയ്യനാട് വില്ലേജിലെ 36.49 ഏക്കര്‍ ഭൂമിയുടെ പട്ടയം നല്‍കുന്നതിലൂടെ ബ്രിട്ടീഷുകാരുടെ അടിച്ചമര്‍ത്തലിനെതിരെ ജനാധിപത്യപരമായ മറുപടിയാണ് കേരളം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.  ഇന്ത്യക്ക് പുറത്തുള്ള പത്തു രാജ്യങ്ങളില്‍ ജീവിക്കുന്ന മലയാളികള്‍ക്ക് നികുതിയടയ്ക്കാനും തരം മാറ്റാനും പോക്കുവരവ് നടത്തുന്നതിനും ഉള്‍പ്പെടെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും നാട്ടില്‍ വരാതെയും ബന്ധുക്കളെ ഏല്പിക്കാതെയും നടത്താവുന്ന വിധത്തില്‍ സംവിധാനങ്ങള്‍ മാറുകയാണെന്നും മന്ത്രി പറഞ്ഞു.
6514 പട്ടയങ്ങളാണ് പട്ടയമേളയുടെ ഭാഗമായി ജില്ലയില്‍ കൈമാറുന്നത്. ഇതില്‍ 5303 എല്‍.ടി പട്ടയങ്ങളും 91 എല്‍.എ പട്ടയങ്ങളും 1120 ദേവസ്വം പട്ടയങ്ങളും ഉള്‍പ്പെടുന്നു. പി. ഉബൈദുള്ള എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ കെ.പി.എ മജീദ്, ടിവി ഇബ്രാഹിം, ആബിദ് ഹുസൈന്‍ തങ്ങള്‍, യു.എ ലത്തീഫ്, ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്, എ.ഡി.എം എന്‍.എം മഹറലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം: ഭൂമിയുടെ അവകാശികളായി ദേവകിയും കുടുംബവും

ജില്ലാതല പട്ടയമേളയില്‍ മന്ത്രിയുടെ കൈയില്‍ നിന്നും തന്റെ ഭൂമിയുടെ പട്ടയം ലഭിച്ചതോടെ സന്തോഷത്തിലായിരുന്നു നന്നമ്പ്ര സ്വദേശിനി തട്ടാരങ്ങാടി ദേവകി. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഭൂമിയുടെ അവകാശിയായതിന്റെ സന്തോഷം ആ മുഖത്ത് കാണാമായിരുന്നു. നന്നമ്പ്ര പഞ്ചായത്തിലെ പത്ത് കുടുംബങ്ങള്‍ക്കാണ് ഇന്ന് പട്ടയം ലഭിച്ചത്. ഇതില്‍ ദേവകിയുടെ കുടുംബവും ഉള്‍പ്പെടുന്നു.  32 വര്‍ഷമായി 72 കാരിയായ ദേവകി ആ വീട്ടില്‍ കഴിയുന്നു. അന്ന് മുതല്‍ പട്ടയം ലഭിക്കാന്‍ വേണ്ടി കയറാത്ത ഓഫീസുകളില്ല. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് തന്റെ 52ാം വയസ്സില്‍ വിട്ടുപിരിഞ്ഞു. നാല് പെണ്‍ മക്കളും രണ്ട് ആണ്‍ മക്കളും അടങ്ങുന്ന കുടുംബം പട്ടയത്തിന് വേണ്ടി വീണ്ടും ഒരുപാട് അലഞ്ഞു. ഒടുവില്‍ തങ്ങളുടെ നാല് സെന്റ് ഭൂമിക്ക് പട്ടയം ലഭിച്ചതോടെ ഏറെ സന്തോഷത്തിലാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങിയത്. മകള്‍ പുഷ്പവല്ലിയുടെ കൂടെയാണ് ഇവര്‍ പട്ടയ മേളക്ക് എത്തിയത്.

ഇത് ജനാധിപത്യത്തിന്റെ വിജയം; ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടിയ ഭൂമി തിരികെ ലഭിച്ചു

ബ്രിട്ടീഷ് ഭരണകൂടം 224 വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടുകെട്ടിയ ഭൂമി തിരികെ കിട്ടിയ സന്തോഷത്തിലാണ് മഞ്ചേരി പയ്യനാട് സത്രം ഭൂമിയിലെ കുടുംബങ്ങള്‍. ബ്രിട്ടീഷ് ഭരണത്തിനെതിരെ പഴശ്ശിരാജക്കൊപ്പം പോരാടിയ അത്തന്‍കുട്ടി കുരിക്കളുടെ ഉടസ്ഥതയിലുള്ള ഭൂമിയാണ് മലപ്പുറത്ത് നടന്ന പട്ടയ മേളയില്‍ ഉടമകള്‍ക്ക് സ്വന്തമായത്. ഭൂമിയുടെ അവകാശികള്‍ക്ക് മന്ത്രി കെ രാജന്‍ പട്ടയം കൈമാറി.

1801ല്‍ പെരിന്തല്‍മണ്ണ മാപ്പാട്ടുകാരയില്‍ നിന്നും ബ്രിട്ടീഷുകാര്‍ അത്തന്‍കുട്ടി കുരിക്കളെ പിടികൂടി കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 36.49 ഏക്കര്‍ ഭൂമി  കണ്ടുകെട്ടി. പിന്നീട് അത്തന്‍കുട്ടി കുരിക്കളുടെ മകന്‍ കുഞ്ഞഹമ്മദ് കുട്ടി കുരിക്കള്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഭൂമി ബ്രിട്ടീഷ് ഭരണാധികാരികള്‍ തിരികെ നല്‍കി. നികുതിയും പാട്ടവും നല്‍കണമെന്ന വ്യവസ്ഥയിലായിരുന്നു ഇത്. കുഞ്ഞഹമ്മദ് കുട്ടി കുരിക്കളുടെ മരണശേഷം ഭൂമി മക്കള്‍ക്ക് ലഭിച്ചു. ഭൂമിക്ക് സര്‍ക്കാര്‍ 15,965 രൂപ ജന്മവില നിശ്ചയിക്കുകയും അത് എട്ടു ഗഡുക്കളായി സര്‍ക്കാരിലേക്ക് അടവാക്കിക്കൊള്ളാമെന്ന വ്യവസ്ഥയില്‍ മക്കളായ ഖാന്‍ ബഹദൂര്‍ അഹമ്മദ് കുരിക്കള്‍, മൊയ്തീന്‍കുട്ടി കുരിക്കള്‍ എന്നിവര്‍ക്ക് പതിച്ചു നല്‍കുകയും ചെയ്തു. 1864ല്‍ ഇവരുടെ കൈവശത്തിന് സര്‍ക്കാര്‍ കൈച്ചീട്ട് എഴുതിവാങ്ങുകയും ഇതു പ്രകാരമുള്ള സംഖ്യ 1868ല്‍ അടവാക്കുകയും ചെയ്തു. 1869ല്‍ ആകെയുള്ള ഭൂമിയില്‍ കുറച്ചു സ്ഥലം ഒഴിവാക്കി ബാക്കിയുള്ളവ മലബാറിലെ ചില സത്രങ്ങളുടെ സംരക്ഷണ ചെലവിനുള്ളത് കണ്ടെത്താനായി മാറ്റിവച്ചു. അന്നു മുതല്‍ ഈ ഭൂമി സത്രം വക ഭൂമിയെന്നറിയപ്പെട്ടു.

നിലവില്‍ ഇരുന്നൂറോളം കുടുംബങ്ങള്‍ ഇവിടെ കൃഷി ചെയ്തും വീടു വച്ചും കഴിയുന്നു. ഇവര്‍ സര്‍ക്കാരിന് നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് വിശദമായ പരിശോധന നടന്നത്. ഇവരുടെ കൈവശത്തിന് അടിസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍ ഉണ്ട്. സെറ്റില്‍മെന്റ് രജിസ്റ്ററില്‍ റീമാര്‍ക്സായി 1922 ഡിസംബര്‍ 20ന് പാട്ടം നിശ്ചയിച്ച് കൊല്ലംതോറും ഏല്പിച്ച് കൊടുക്കുന്ന ഭൂമി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. രേഖയിലെ ഈ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാട്ടഭൂമിയാണെന്ന് പരിഗണിച്ചതും രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ടും ഈനില തുടരാനിടയാക്കിയതും. കൈവശക്കാര്‍ക്ക് പൂര്‍ണ അവകാശത്തോടെ ഭൂമി വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് 1976ല്‍ കൈവശക്കാരനായ അബ്ദുഹാജിയുടെ നേതൃത്വത്തില്‍ ശ്രമങ്ങളാരംഭിച്ചെങ്കിലും ഫലം കണ്ടില്ല.

ഈ സര്‍ക്കാരിന്റെ കാലത്താണ് ഭൂമി ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ വേഗത്തിലായത്. സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് തങ്ങളുടെ ഭൂമി തിരികെ ലഭിച്ചതെന്ന് സത്രം ഭൂമി സംരക്ഷണ സമിതി ചെയര്‍മാന്‍ എം മുഹമ്മദ് കുരിക്കള്‍ പറഞ്ഞു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response