അപൂര്‍വ പുസ്തകങ്ങള്‍ വിലക്കുറവില്‍ വാങ്ങാം; കൊല്ലം@75ല്‍ അക്ഷരപ്രേമികള്‍ക്ക് സുവര്‍ണാവസരംകൊല്ലം വാർത്തകർ സ്പെഷ്യൽ.

അപൂര്‍വ പുസ്തകങ്ങള്‍ വിലക്കുറവില്‍ വാങ്ങാം; കൊല്ലം@75ല്‍ അക്ഷരപ്രേമികള്‍ക്ക് സുവര്‍ണാവസരം
കൊല്ലം ജില്ല രൂപീകൃതമായതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍സ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ആശ്രാമം മൈതാനത്ത് നടക്കുന്ന പ്രദര്‍ശന വിപണന മേളയിലെ പുസ്തക സ്റ്റാളുകളില്‍ ഒരുക്കിയിരിക്കുന്നത് അപൂര്‍വ പുസ്തകങ്ങളുടെ വിപുലമായ ശേഖരം. വിവിധ പ്രസാധകര്‍ മികച്ച വിലക്കുറവോടെയാണ് പുസ്തകങ്ങള്‍ വില്‍പനക്ക് വെച്ചിരിക്കുന്നത്. മാതൃഭൂമി ബുക്സ്, ഡി.സി ബുക്സ്, യുവമേള പബ്ലിക്കേഷന്‍സ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ ബുക്സ്, കേരള മീഡിയ അക്കാദമി, ചിന്ത പബ്ലിക്കേഷന്‍, സദ്ഭാവന ട്രസ്റ്റ്, മൈത്രി ബുക്ക്, പ്രഭാത് ബുക്സ്, സൈന്ധവ ബുക്സ്, രചന ബുക്സ്, മാന്‍കൈന്‍ഡ് ബുക്സ്, പി.ജി സംസ്‌കൃതി കേന്ദ്രം, സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി നിരവധി പ്രസാധകരുടെ പ്രസിദ്ധീകരണങ്ങളാണ് മേളക്ക് അക്ഷരമധുരം പകരുന്നത്.
വിവിധ ഭാഷകളിലെ പ്രമുഖ എഴുത്തുകാരുടേത് മുതല്‍ യുവ എഴുത്തുകാരുടേത് വരെയുള്ള രചനകള്‍ വിലക്കുറവില്‍ വാങ്ങാന്‍ അവസരമുണ്ട്. മാതൃഭൂമി ബുക്സ് സ്റ്റാളില്‍ 1000 രൂപ വരെയുള്ള പുസ്തകങ്ങള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ടാണ് നല്‍കുന്നത്. ലൈബ്രറി, സ്‌കൂള്‍, കോളേജ് എന്നിവയ്ക്ക് 33.3 ശതമാനമാണ് ഡിസ്‌കൗണ്ട്. ഡി.സി ബുക്സിന്റെ എല്ലാ പ്രധാന പ്രസിദ്ധീകരണങ്ങളും മേളയില്‍ വിപണനത്തിനായി എത്തിച്ചിട്ടുണ്ട്. 50 രൂപ മുതല്‍ 1000 രൂപ വരെയുള്ള പുസ്തകങ്ങള്‍ക്ക് 10 ശതമാനം വരെ ഇളവും ലഭിക്കും.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നിരവധി മേഖലകളിലുള്ള പുസ്തകങ്ങള്‍ 20 ശതമാനം മുതല്‍ ഡിസ്‌കൗണ്ടോടെയാണ് വില്‍ക്കുന്നത്. ആയിരം രൂപക്ക് മുകളില്‍ പുസ്തകം വാങ്ങുന്നവര്‍ക്ക് 25 ശതമാനവും 2000 രൂപക്ക് മുകളില്‍ വാങ്ങുന്നവര്‍ക്ക് 30 ശതമാനവും 5000 രൂപക്ക് മുകളില്‍ വാങ്ങുന്നവര്‍ക്ക് 35 ശതമാനവുമാണ് ഇളവ്. 10000 രൂപക്ക് മുകളില്‍ വാങ്ങുന്നവര്‍ക്ക് 40 ശതമാനവും 25000 രൂപക്ക് മുകളില്‍ വാങ്ങുന്നവര്‍ക്ക് 45 ശതമാനവും ഒരു ലക്ഷം രൂപക്ക് മുകളില്‍ വാങ്ങുന്നവര്‍ക്ക് 50 ശതമാനവും ഇളവുണ്ട്.
യുവ മേള പബ്ലിക്കേഷന്‍സിന്റെ സ്റ്റാളില്‍ 35 ശതമാനം ഡിസ്‌കൗണ്ടും ലഭ്യമാകും. മലയാള ഭാഷയിലെ ആദ്യത്തെ കഥയായ ‘വേങ്ങയില്‍ കുഞ്ഞിരാമന്‍ നായരുടെ കഥകള്‍’ എന്ന പുസ്തകം യുവമേള പബ്ലിക്കേഷന്‍സിന്റെ സ്റ്റാളിലുണ്ട്.
നാഷണല്‍ ബുക്സിന്റെ സ്റ്റാളില്‍ കാള്‍ മാര്‍ക്സിന്റെ മൂലധനത്തിന്റെ മലയാള ഭാഷയിലുള്ള 2880 രൂപ വിലവരുന്ന മൂന്നു വാള്യങ്ങള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് 1440 രൂപയ്ക്ക് ലഭ്യമാവും.
മാധ്യമ മേഖലയിലെ പ്രധാന എഴുത്തുകാരുടെ രചനകള്‍ കേരള മീഡിയ അക്കാദമിയുടെ സ്റ്റാളില്‍ ലഭ്യമാണ്. മാധ്യമങ്ങളുടെ ആദ്യകാലം മുതല്‍ നവമാധ്യമങ്ങള്‍ വരെയുള്ള ചരിത്രം അടങ്ങിയ പുസ്തകങ്ങള്‍ 20 ശതമാനം വിലക്കുറവില്‍ ഇവിടെ ലഭിക്കും.
രാഷ്ട്രീയം, നോവല്‍, കഥ, കവിത, പഠനങ്ങള്‍, ബാലസാഹിത്യം, സിനിമ, നാടകം, സംസ്‌കാരം എന്നിങ്ങനെ നിരവധി മേഖലകളില്‍ ഉള്ള പുസ്തകങ്ങള്‍ 10 ശതമാനം ഡിസ്‌കൗണ്ടിലാണ് ചിന്താ പബ്ലിക്കേഷന്‍സ് നല്‍കുന്നത്. 500 രൂപ മുതലുള്ള പുസ്തകങ്ങള്‍ക്ക് 10 ശതമാനവും ആയിരം രൂപ മുതലുള്ള പുസ്തകങ്ങള്‍ക്ക് 20 ശതമാനവുമാണ് ഇളവ് നല്‍കുന്നത്.
ചങ്ങമ്പുഴയുടെ ഏക നോവലായ കളിത്തോഴി, മലയാള ഭാഷാ സാഹിത്യം, കഥാസമാഹാരം, യു.ജി.സി നെറ്റ് പുസ്തകങ്ങള്‍ തുടങ്ങിയവ രചന ബുക്ക്സ് സ്റ്റാളില്‍ ലഭിക്കും. മൂന്ന് ഭാഗമായി തിരിച്ച സ്റ്റാളില്‍ ആദ്യഭാഗത്ത് ഇരിക്കുന്ന ഏതു പുസ്തകം എടുത്താലും 200 രൂപയ്ക്ക് ലഭ്യമാകും. പഴയ പുസ്തകങ്ങള്‍ കൊടുത്താല്‍ ഡിസ്‌കൗണ്ട് വിലയില്‍ പുതിയ പുസ്തകങ്ങള്‍ വാങ്ങാനും അവസരമുണ്ട്.
പ്രഭാത് ബുക്സിന്റെ സ്റ്റാളില്‍ 10 മുതല്‍ 20 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. സ്‌കൂള്‍, കോളേജ്, ലൈബ്രറികള്‍ക്ക് 35 ശതമാനം വരെയാണ് ഇളവ്.
മൈത്രി ബുക്ക്സിന്റെ സ്റ്റാളില്‍ പ്രധാനമായും ഇംഗ്ലീഷ്, മലയാളം നോണ്‍ ഫിക്ഷന്‍ നോവലുകളാണുള്ളത്. പെരിയാര്‍ ഇ.വി രാമസ്വാമിയുടെ ഇരുപത്തിയഞ്ചോളം പുസ്തകങ്ങള്‍, മാര്‍ക്സ്, ഏംഗല്‍സ്, ലെനിന്‍ എന്നിവരുടെ പുസ്തകങ്ങളും വില്‍പനയ്ക്കായുണ്ട്.
കേരള സംസ്ഥാന സര്‍വ വിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തക സ്റ്റാളില്‍ 11560 രൂപ മുഖവിലയുള്ള വിജ്ഞാനകോശം ഗ്രന്ഥങ്ങള്‍ 4750 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ പരിമിത കാലത്തേക്ക് ആകര്‍ഷകമായ വിലക്കിഴിവില്‍ മാസതവണകളായി അടക്കാവുന്ന ക്രെഡിറ്റ് പദ്ധതി, അംഗീകൃത ഏജന്‍സികള്‍ക്ക് 50 ശതമാനം കിഴിവ് എന്നിവയും ലഭ്യമാകുന്നുണ്ട്.
100 രൂപ മുതല്‍ 1000 രൂപ വരെയുള്ള പുസ്തകങ്ങള്‍ അഞ്ചു മുതല്‍ 10 ശതമാനം വരെ ഡിസ്‌കൗണ്ടിലാണ് സൈന്ധവ ബുക്ക്സിന്റെ സ്റ്റാളില്‍നിന്ന് ലഭ്യമാകുന്നത്. മാന്‍കൈന്‍ഡ് പബ്ലിക്കേഷനില്‍ 100 രൂപ മുതല്‍ 400 രൂപ വരെയുള്ള പുസ്തകങ്ങള്‍ക്ക് 10 ശതമാനം ഇളവും അഞ്ചില്‍ കൂടുതല്‍ വാങ്ങിയാല്‍ 20 ശതമാനം വരെ കിഴിവും ലഭിക്കും. പി.ജി സംസ്‌കൃതി കേന്ദ്രത്തിന്റെ പുസ്തക സ്റ്റാളില്‍ പി.ജി യുടെ നിയമസഭാ പ്രസംഗങ്ങള്‍’ എന്ന പുസ്തകമാണ് ലഭ്യമാകുന്നത്. കേരള രൂപീകരണത്തിന് ശേഷം 1951- 1956 കാലഘട്ടത്തില്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രധാനപ്പെട്ട ബില്ലുകളുമായി ബന്ധപ്പെട്ട പ്രസംഗങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ 350 രൂപയുള്ള പുസ്തകം 10 ശതമാനം ഡിസ്‌കൗണ്ടില്‍ ലഭിക്കും.

കൊല്ലം @ 75: ഇന്ന് അതുല്‍ നറുകരയും സംഘത്തിന്റെയും സംഗീത വിരുന്ന്
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആശ്രാമം മൈതാനത്ത് നടക്കുന്ന കൊല്ലം @ 75 പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് ഇന്ന് (മാര്‍ച്ച് 7) വൈകിട്ട് 6.30 ന് ഫോക്ക്‌ലോര്‍ ലൈവ് – അതുല്‍ നറുകരയും സംഘവും നയിക്കുന്ന സംഗീത വിരുന്ന് അരങ്ങേറും. പ്രവേശനം സൗജന്യമാണ്. മേളയുടെ നാലാംദിനം അലോഷി അവതരിപ്പിച്ച ഗസല്‍ സന്ധ്യ സംഗീതപ്രേമികളുടെ മനം നിറച്ചു.

കൊല്ലം @ 75 വിപണനമേള; പല ഉത്പന്നങ്ങള്‍, ഒരു കുടക്കീഴില്‍
നിത്യോപയോഗിക്കുന്ന സാധനങ്ങള്‍ മുതല്‍ ചിരട്ട കൊണ്ടുള്ള കരകൗശല ഉത്പ്പന്നങ്ങള്‍, അലങ്കാര വസ്തുക്കള്‍ വരെ ഒരു കുടകീഴില്‍. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആശ്രാമം മൈതാനിയില്‍ സംഘടിപ്പിച്ച കൊല്ലം @ 75 പ്രദര്‍ശന വിപണന മേളയില്‍ സന്ദര്‍ശകര്‍ക്കായി വ്യവസായ വകുപ്പ്, കുടുംബശ്രീ, സഹകരണ വകുപ്പുകള്‍ മിതമായ നിരക്കില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് വിപണനത്തിന് സജ്ജമാക്കിയിരിക്കുന്നത്.
നൂറോളം സ്റ്റാളുകളിലായി 70 ലധികം ഉല്‍പ്പന്നങ്ങളാണ് വില്‍പ്പനക്കായുള്ളത്. മുളപ്പിച്ച തൈ ഇനങ്ങള്‍, കറി പൗഡറുകള്‍, ചക്ക വിഭവങ്ങള്‍, ഭക്ഷ്യോല്‍പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, എന്നിവ മേളയില്‍ ലഭിക്കും. കുടുംബശ്രീയുടെയുടെ ബ്രാന്‍ഡഡ് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, ധാന്യപ്പൊടികള്‍, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, മേളയുടെ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ആനക്കൊമ്പ്, മുള, പനയോല, തടി, ചിരട്ട, കളിമണ്ണ്, കയര്‍, ലോഹങ്ങള്‍, വൈക്കോല്‍ തുടങ്ങിയവ ഉപയോഗിച്ച് അതിമനോഹരങ്ങളായ അലങ്കാര വസ്തുക്കളും കുടില്‍വ്യവസായ സംരംഭകര്‍ വിപണനത്തിന് എത്തിച്ചിട്ടുണ്ട്. പ്രമേഹക്കാര്‍ക്കുള്ള മില്ലറ്റ് കഞ്ഞിക്കുട്ട്, തേന്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍, തേനീച്ച കൃഷിക്ക് ആവശ്യമായ ഉപകരണങ്ങള്‍, എല്‍.ഇ.ഡി ബള്‍ബുകള്‍ തുടങ്ങിയവയും മേളയില്‍ ഇടം പിടിച്ചിട്ടുണ്ട്. നീതി സ്റ്റോറുകളില്‍ നിന്ന് നിത്യുപയോഗ സാധനങ്ങളും മിതമായ വിലയില്‍ ലഭിക്കുന്നതാണ്. സ്റ്റോളുകളില്‍ എത്തുന്നവര്‍ക്ക് തല്‍സമയം മണ്‍പാത്ര നിര്‍മ്മാണം കാണാനും അടുത്തറിയാനും ഉള്ള അവസരവും സംരംഭകര്‍ ഒരുക്കിയിട്ടുണ്ട്.

പുത്തന്‍ മാലിന്യനിര്‍മാര്‍ജന മാതൃകകള്‍, ഗ്രീന്‍ ക്രെഡിറ്റ് സബ്‌സിഡി നല്‍കി ശുചിത്വ മിഷന്‍
കൊല്ലം @75 പ്രദര്‍ശന വിപണന മേളയില്‍ ജൈവമാലിന്യങ്ങളുടെയും ഖരമാലിന്യങ്ങളുടെയും ശാസ്ത്രീയ സംസ്‌കരണവും റിന്യൂബിള്‍ എനര്‍ജി ഉല്‍പാദനവും നേരിട്ടറിയാന്‍ അവസരം. ശുചിത്വ മിഷന്റെ സ്റ്റാളിലാണ് ദ്രവമാലിന്യങ്ങളുടെ സംസ്‌കരണം വഴി റിന്യൂവബിള്‍ എനര്‍ജി ഉല്പാദിപ്പിക്കാന്‍ കഴിയുന്ന ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. വീടിനുള്ളില്‍ തന്നെ മാലിന്യം ശരിയായ രീതിയില്‍ ബയോഗ്യാസ് പ്ലാന്റിലൂടെ സംസ്‌കരണം നടത്തിയ ശേഷം ലഭ്യമാകുന്ന ഊര്‍ജ്ജം ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലുള്ള ടര്‍ബോ ബയോഗ്യാസ് പ്ലാന്റ് ഇവിടെ വ്യക്തമാകും. കൊതുകിന്റെ ശല്യമോ ദുര്‍ഗന്ധമോ ഉണ്ടാവില്ല. അടുക്കള മാലിന്യത്തെ ഊര്‍ജ്ജമാക്കി മാറ്റി പാചകത്തിന് ഉപയോഗിക്കാന്‍ കഴിയുന്നതിനോടൊപ്പം ഓര്‍ഗാനിക് ഫെര്‍ട്ടിലൈസര്‍ കൃഷിക്ക് വളമായി ഉപയോഗിക്കാനും കഴിയും. ഈ ടര്‍ബോ ബയോഗ്യാസ് പ്ലാന്റ് സ്റ്റാള്‍ സന്ദര്‍ശിച്ചതിനു ശേഷം വീടുകളില്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശുചിത്വ മിഷന്‍ 4000 ത്തോളം രൂപ ഗ്രീന്‍ ക്രെഡിറ്റ് സബ്‌സിഡി നല്‍കുന്നുണ്ട്. കൂടാതെ ഖരമാലിന്യങ്ങളുടെ സംസ്‌കരണത്തിനുള്ള കമ്പോസ്റ്റര്‍ ഗാര്‍ഡന്‍ വേസ്റ്റ് പ്ലാന്റിനെയും കുറിച്ചറിയാം. പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് 10000 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണെന്നും അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച അവബോധമാണ് ശുചിത്വ മിഷന്റെ സ്റ്റോളിലൂടെ മനസിലാക്കി തരുന്നത്.

സംരംഭകര്‍ക്കുള്ള സേവനങ്ങള്‍ സൗജന്യമായി നല്‍കി വ്യവസായ വാണിജ്യ വകുപ്പ്
സംരംഭകര്‍ക്ക് ഇനി ലൈസന്‍സിനും, ലോണിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി ഓഫീസുകള്‍ കേറി ഇറങ്ങേണ്ട. കൊല്ലം @ 75 പ്രദര്‍ശന വിപണന മേളയില്‍ സംരംഭകര്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും സൗജന്യമായി വ്യവസായ വകുപ്പിന്റെ സ്റ്റാളില്‍ ലഭിക്കും. കെ സ്വിഫ്റ്റിലൂടെ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ അനുമതി, ഉദ്യം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാനും സംരംഭകര്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്. പുതുതായി സംരംഭങ്ങള്‍ ആരംഭിക്കാനും, വിപുലീകരിക്കാനും, വൈവിധ്യവത്ക്കരിക്കുന്നതിനും ആവശ്യമായ സാമ്പിള്‍ പ്രോജക്ട് റിപ്പോര്‍ട്ടും സൗജന്യമായാണ് സംരംഭകര്‍ക്ക് മേളയില്‍ നിന്ന് ലഭ്യമാകുന്നത്. സാങ്കേതിക വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരുടെ സേവനവും ഉണ്ടാകും. സംരംഭകര്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളും മറ്റു വിശദീകരണങ്ങളും അടങ്ങുന്ന കൈപ്പുസ്തകം സ്റ്റാളില്‍ നിന്ന് സൗജന്യമായി ലഭിക്കും. സേവനങ്ങള്‍ എല്ലാം ഞൊടിയിടയില്‍ ലഭിച്ച സന്തോഷത്തില്‍ സംരംഭകര്‍ക്ക് ഇവിടെനിന്ന് മടങ്ങാം.

വ്യത്യസ്ത ഫാം ഉല്‍പ്പന്നങ്ങള്‍ ആശ്രാമത്ത്
കുരിയോട്ടുമല, തോട്ടത്തറ, കുരീപ്പുഴ ഫാമുകളിലെ വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ ആശ്രാമത്ത്. 800 ഓളം പശുക്കള്‍ ഉള്ള കുരിയോട്ടുമല ഫാമിലെ പാലും പാലുല്‍പന്നങ്ങളുമാണ് സ്റ്റോളിലെ പ്രധാന പ്രദര്‍ശനം. കുരിയോട്ടുമല സര്‍ക്കാര്‍ ഹൈടെക് ഡയറി ഫാം ഉല്‍പ്പന്നങ്ങളായ പശുവിന്‍ പാല്‍, ആട്ടിന്‍ പാല്‍, നെയ്യ്, പനീര്‍, തൈര്, കാടമുട്ട, കോഴി മുട്ട, ഒട്ടകപക്ഷി മുട്ട, ആട്ടിന്‍ കുട്ടികള്‍, കാള കുട്ടികള്‍, മുയല്‍ കുട്ടികള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളില്‍ പ്രദര്‍ശന വിധേയമായവ വിപണനത്തിനുണ്ട്. കൂടാതെ ചാണകപ്പൊടി, ട്രൈക്കോഡര്‍മ എന്റിച്ച്ഡ് ചാണകപ്പൊടി, ആട്ടിന്‍ വളം, വെര്‍മി വാഷ്, മണ്ണിര കമ്പോസ്റ്റ്, വെച്ചൂര്‍ ഗോമൂത്രം തുടങ്ങിയ ഫാമില്‍ നിര്‍മ്മിച്ച ജൈവവളങ്ങളും ലഭ്യമാണ്. കുരിയോട്ടുമല ഫാമിലെ കാര്‍ഷിക വിഭാഗത്തിന്റെ ഭാഗമായുള്ള ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ സസ്യങ്ങളും വ്യത്യസ്തയിനം അലങ്കാര മത്സ്യങ്ങളും പ്രധാനമായി ഗപ്പിയുടെ ഹൈബ്രിഡുകളും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കുരിയോട്ടുമല കൂടാതെ തോട്ടത്തറ ഹാച്ചറി കോംപ്ലക്‌സിന്റെ ഉല്‍പ്പന്നങ്ങളും കുരീപ്പുഴയിലെ ടര്‍ക്കി ഫാമിലെ വിവരങ്ങളും സ്റ്റോളില്‍ ലഭ്യമാണ്. ഫാമില്‍ ഉപയോഗിക്കുന്ന കൂടുകളും ഉപകരണങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

കൊല്ലം @ 75 ല്‍ സപ്ലൈകോയില്‍ വന്‍ ഓഫര്‍
കൊല്ലം @75 പ്രദര്‍ശന വിപണന മേളയില്‍ 50 മത് വാര്‍ഷികം ആഘോഷിക്കുന്ന സപ്ലൈകോയുടെ സ്റ്റാളില്‍ വന്‍ വിലക്കുറവ്. സപ്ലൈകോയുടെ തനത് ബ്രാന്‍ഡായ ശബരിയുടെ വിവിധ ഉല്‍പ്പന്നങ്ങള്‍ ഇവിടെ ലഭിക്കും. ചിക്കന്‍ മസാലയോടൊപ്പം സാമ്പാര്‍ പൊടി വാങ്ങിക്കുമ്പോള്‍ 100 ഗ്രാം പെരുംജീരകം സൗജന്യം, 100 ഗ്രാം കാശ്മീരി ചില്ലി പൗഡറിനോടൊപ്പം 100 ഗ്രാം കടുക് സൗജന്യം, 100 ഗ്രാം മല്ലിപ്പൊടിക്കൊപ്പം 100 ഗ്രാം കടുക് സൗജന്യം തുടങ്ങിയ ഓഫറുകള്‍ മേളയില്‍ വരുന്നവര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. കൂടാതെ ചായപ്പൊടി, ആട്ട, അപ്പ പൊടി, സാമ്പാര്‍ പൊടി, മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, കായം, ഉലുവ, കടുക്, പുട്ടുപൊടി എന്നിവ സപ്ലൈകോയില്‍ ലഭ്യമാകുന്ന ഇളവുകളോട് കൂടിയും സ്റ്റോളുകളില്‍ നിന്ന് ലഭ്യമാകും.

ആശ്രാമത്ത് വന്നാല്‍ ഫിഷിംഗ് ഹാര്‍ബര്‍ കാണാന്‍ അവസരം
ആശ്രാമം മൈതാനിയില്‍ നടക്കുന്ന കൊല്ലം @ 75 പ്രദര്‍ശന വിപണന മേളയില്‍ നീണ്ടകര, ശക്തികുളങ്ങര ഫിഷിംഗ് ഹാര്‍ബറുകളുടെ മിനിയേച്ചര്‍ രൂപം കാണാം. നീണ്ടകര ഫിഷിംഗ് ഹാര്‍ബറില്‍ നടപ്പാക്കിയിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിച്ച് സംസ്‌കരിക്കുന്ന ശുചിത്വ സാഗരം പദ്ധതിയുടെ മിനിയേച്ചര്‍ രൂപവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതുവഴി പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തെക്കുറിച്ചും ജില്ലയിലെ ഹാര്‍ബറകളുടെ പ്രസക്തിയെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ മുഴുവന്‍ ഹാര്‍ബറുകളെയും ഭൂപട രൂപത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്.

കടയ്ക്കല്‍ താലൂക്ക് ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരം
സംസ്ഥാനത്തെ 202 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്.

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര മാനദണ്ഡമായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ താലൂക്ക് ആശുപത്രി 90.34 ശതമാനം സ്‌കോര്‍ നേടിയാണ് എന്‍.ക്യു.എ.എസ്. കരസ്ഥമാക്കിയത്. ഇതോടെ സംസ്ഥാനത്തെ 202 ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. അംഗീകാരവും 85 ആശുപത്രികള്‍ പുന:അംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികള്‍, 5 താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 136 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 4 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുണ്ട്.
ഈ സര്‍ക്കാരിന്റെ കാലത്ത് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി വലിയ ഇടപെടലുകളാണ് നടത്തിയത്. മന്ത്രി വീണാ ജോര്‍ജ് നിരവധി തവണ ആശുപത്രിയിലെത്തി വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി. ഈ സര്‍ക്കാരിന്റെ കാലത്ത് 15 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. സ്ഥലപരിമിതി കാരണം ബുദ്ധിമുട്ടിയ ആശുപത്രിയ്ക്കായി 20 സെന്റ് കൂടി അധികമായി ലഭ്യമാക്കി. ഇതില്‍ പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതി ആവിഷ്‌ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്.

മികച്ച സേവനങ്ങളാണ് ഇവിടെ നല്‍കി വരുന്നത്. അത്യാഹിത വിഭാഗം, ഗൈനക്കോളജി വിഭാഗം, ഓര്‍ത്തോപീഡിക്സ് വിഭാഗം തുടങ്ങിയ മികച്ച സ്പെഷ്യാലിറ്റി വിഭാഗങ്ങളാണിവിടെയുള്ളത്. ദിവസവും ആയിരത്തോളം പേരാണ് ഒപിയില്‍ ചികിത്സ തേടിയെത്തുന്നത്. 155 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുമുണ്ട്. ഇവിടത്തെ ഡയാലിസിസ് യൂണിറ്റില്‍ ദിവസവും നാല് ഷിഫ്റ്റില്‍ നാല്‍പതോളം പേര്‍ക്ക് ഡയാലിസിസ് നല്‍കുന്നുണ്ട്. കിടപ്പ് രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ 9 കിടക്കകളുള്ള സെക്കന്ററി പാലിയേറ്റീവ് കെയര്‍ വാര്‍ഡും ഇവിടെയുണ്ട്. ലക്ഷ്യ നിലവാരമുള്ള ലേബര്‍ റൂം സൗകര്യങ്ങളും സജ്ജമാണ്. ഇങ്ങനെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബഹുമതിയാണ് ഈ ദേശീയ ഗുണനിലവാര അംഗീകാരം.

ലഹരിക്കെതിരെ സ്‌നേഹത്തോണ്‍
വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം, അക്രമവാസന എന്നിവക്കെതിരെ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് സ്‌നേഹത്തോണ്‍ ലഹരിവിരുദ്ധ ഓട്ടം സംഘടിപ്പിക്കും. ലഹരി വസ്തുക്കളെ തുടച്ചുനീക്കുക, സമൂഹത്തില്‍ സ്‌നേഹവും ഐക്യവും വളര്‍ത്തുക, പക ഇല്ലാതാക്കുക എന്നീ ലക്ഷ്യത്തോടെയാണ് മാര്‍ച്ച് ഏഴിന് രാവിലെ 7.30ന് അധ്യാപകരും അനധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കൂട്ട ഓട്ടം, സ്‌നേഹ ചങ്ങല, സ്‌നേഹമതില്‍ എന്നിവ ഒരുക്കുക. ലഹരിക്കെതിരെ ബോധവത്കരണ ക്ലാസുകള്‍, സെമിനാറുകള്‍ എന്നിവയും നടത്തും.

നഴ്‌സിങ് അസിസ്റ്റന്റ് കോഴ്‌സ്
സ്‌കില്‍ ആന്‍ഡ് നോളജ് ഡെവലപ്‌മെന്റ് സെന്റര്‍ കേരള നോളജ് ഇകോണമി മിഷനുമായി ചേര്‍ന്ന് പെരുമണ്‍ എന്‍ജിനീയറിങ് കോളേജില്‍ ആരംഭിക്കുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്‌സിങ് അസിസ്റ്റന്റ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി/പ്ലസ്ടു. ഫോണ്‍: 8129345780.

കേന്ദ്രീയ വിദ്യാലയ പ്രവേശനം
പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസിലേക്കും ബാല്‍വാടിക ഒന്നിലേക്കുമുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് ഏഴ് മുതല്‍ 21 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും https://kvsanathan.nic.in/en/admission, https://balvatika.kvs.gov.in, https://kvsonlineadmission.kvs.gov.in.

മദ്രസാധ്യാപക ക്ഷേമനിധി വിഹിതം
കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ 2024-2025 സാമ്പത്തിക വര്‍ഷത്തെ വിഹിതം അടക്കാത്തവര്‍ മാര്‍ച്ച് 10നകം പോസ്റ്റ് ഓഫീസില്‍ അടക്കണമെന്നും അല്ലാത്തവരുടെ അംഗത്വം റദ്ദാവുമെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2966577.

വിമുക്തഭടാ•ാര്‍ക്ക് കോമണ്‍ സര്‍വീസ് സെന്റര്‍
വിമുക്തഭട•ാര്‍ക്ക് കോമണ്‍ സര്‍വീസ് സെന്ററുകള്‍ തുടങ്ങാന്‍ അവസരം. താല്‍പര്യമുള്ളവര്‍ https://dgrindia.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ കോമണ്‍ സര്‍വീസ് സെന്റര്‍ നടത്തിവരുന്ന വിമുക്തഭട•ാര്‍ രജിസ്‌ട്രേഷന്‍ നടത്തി പരിശീലനത്തിന്റെ ഭാഗമാകണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0474 2792987

തൊഴിലധിഷ്ഠിത കോഴ്സ്
ശാസ്താംകോട്ട എല്‍.ബി.എസ് സബ്‌സെന്ററില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റ്വെയര്‍) കോഴ്‌സിലെ ഒഴിവുകളിലേക്ക് പ്ലസ്ടു വി.എച്ച്.എസ്.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. www.lbscentre.kerala.gov.in/services/courses മുഖേന അപേക്ഷ സമര്‍പ്പിക്കണം. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യം. ഫോണ്‍: 0476 2912132, 9446650576.

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍
കെല്‍ട്രോണില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മന്റ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ്, വെബ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ്, യു.ഐ/യു.എക്‌സ് ഡിസൈനര്‍, ഡാറ്റ സയന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. തിരുവനന്തപുരം ജില്ലയിലെ പ്രവേശനത്തിനായി രേഖകളുമായി വഴുക്കോട് കെല്‍ട്രാണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍: 8590805260, 04712325154.

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ്
കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടെ തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സില്‍ ഇന്‍േറണ്‍ഷിപ്പോടെ റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു. കോഴ്‌സ് കാലാവധി: ഒരു വര്‍ഷം. ഫോണ്‍: 7994926081.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response