അടൂർ തെങ്ങമത്ത് ചായക്കടയിൽ യുവാക്കൾക്ക് മർദ്ദനമേറ്റ കേസ് : 3 പ്രതികൾ അറസ്റ്റിൽ .

പത്തനംതിട്ട : അടൂർ തെങ്ങമത്ത് ചായക്കടയിൽ നടന്ന ആക്രമണത്തിന് എടുത്ത കേസിൽ 3 പേർ അറസ്റ്റിലായി.
രണ്ടിന് രാത്രി എട്ടരയോടെയാണ്‌ സംഭവം. പള്ളിക്കൽ തെങ്ങമം ഹരിശ്രീയിൽ അഭിരാജ്(29), സുഹൃത്ത് വിഷ്ണു മോഹൻ (28) എന്നിവർക്കാണ് 10 പേരടങ്ങുന്ന സംഘത്തിന്റെ മർദ്ദനമേറ്റത്. കേസെടുത്ത അടൂർ പോലീസ് വിശദമായ അന്വേഷണം തുടരുന്നതിനിടെയാണ് അറസ്റ്റ്. ഒന്നാം പ്രതി പള്ളിക്കൽ ഇടിഞ്ഞയ്യത്ത് ജംഗ്ഷനിൽ വേണു ഭവനം വീട്ടിൽ ടി ആർ വിനീത് (26 ),രണ്ടാം പ്രതി ആലപ്പുഴ പാലമേൽ പണയിൽ പോസ്റ്റിൽ ഇടിഞ്ഞയ്യത്ത് തട്ടാരുടെയ്യത്ത് വീട്ടിൽ ജി രാഹുൽ(25), നാലാം പ്രതി ആലപ്പുഴ പാലമേൽ പണയിൽ പോസ്റ്റിൽ ഇടിഞ്ഞയ്യത്ത് ചാങ്ങിയത്ത് വീട്ടിൽ എം വിജിത്ത്(26)എന്നിവരാണ് പിടിയിലായത്. പരിക്കേറ്റ യുവാക്കൾ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അഭിരാജിന്റെ അനുജന്റെ ബൈക്കിൽ ഇയാളും സുഹൃത്ത് വിഷ്ണു മോഹനും എടക്കാട് നിന്നും തെങ്ങമത്തേക്ക് യാത്ര ചെയ്യവേ, കൊല്ലായ്ക്കൽ മീൻ ചന്തയ്ക്ക് വച്ചു മുന്നിൽ പോയ മോട്ടോർ സൈക്കിൾ റോഡിനു മധ്യത്തിൽ നിർത്തിയശേഷം ഇതിൽ യാത്ര മദ്യലഹരിയിലായിരുന്ന മൂന്നുപേർ ഇവരെ ചോദ്യം ചെയ്തു. മോട്ടോർ സൈക്കിളിന്റെ ഫോട്ടോ മൊബൈൽ ഫോണിൽ അഭിരാജ് പകർത്തി. പിന്നീട് ഇവർ യാത്ര തുടർന്നപ്പോൾ മേക്കുന്നുമുകൾ പമ്പിനുസമീപം വച്ച് വിഷ്ണുവിന് ഫോൺ കാൾ വരികയും, ഇയാൾ സംസാരിച്ചുകൊണ്ടുനിന്നപ്പോൾ നേരത്തെ തർക്കത്തിൽ ഏർപ്പെട്ട മൂവർ സംഘം അവിടെയെത്തി ഇവരെ ചീത്ത വിളിക്കുകയും ചെയ്തു. തുടർന്ന് അഭിരാജിന്റെ ചെള്ളക്കടിക്കുകയും മൂവരും ചേർന്ന് യുവാക്കളെ മർദ്ദിക്കുകയും തറയിലിട്ട് ചവുട്ടുകയും ചെയ്തു. ഇതുകണ്ട് പമ്പിലെയും അടുത്ത ചായക്കടയിലെയും ആളുകൾ ഓടിയെത്തി പിടിച്ചുമാറ്റി.
തുടർന്ന്, അഭിരാജും വിഷ്ണുവും മേക്കുന്നുമുകൾ പമ്പിനടുത്തുള്ള എം എം കഫേയിൽ ചായ കുടിക്കുമ്പോൾ 4 മോട്ടോർ സൈക്കിളുകളിലായി, മുമ്പ് മർദ്ദിച്ച സംഘത്തിലെ മൂന്നുപേരും വേറെ ഏഴുപേരുമായി എത്തി ഇവരെ ആക്രമിക്കുകയായിരുന്നു. കടയ്ക്കുള്ളിൽ ഓടിക്കയറിയ യുവാക്കളെ,അവിടെയിട്ട് അക്രമികൾ വളഞ്ഞിട്ട് തല്ലി. ഇടിവള, കല്ല്, സോഡാക്കുപ്പി എന്നിവ കൊണ്ടായിരുന്നു ആക്രമണം. വീണപ്പോൾ അഭിരാജിന്റെ കഴുത്തിൽ മുറിവേറ്റു. കൊല്ലുമെന്ന് ആക്രോശിച്ചുകൊണ്ട് എല്ലാവരും ചേർന്ന് ഇരുവരെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കടയിലെ സാധനങ്ങളും നശിപ്പിച്ചു, തുടർന്ന് അക്രമികൾ ബൈക്കുകളിൽ കയറി സ്ഥലം വിടുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തലയിലും കഴുത്തിലുമാണ് ഇവർക്ക് മുറിവേറ്റത്. മറ്റ് പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു. അടൂർ ഡി വൈ എസ് പി ജി സന്തോഷ്‌ കുമാറിന്റെ മേൽനോട്ടത്തിൽ പോലീസ് ഇൻസ്‌പെക്ടർ ശ്യാം മുരളിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading