എന്തുകൊണ്ട് പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ കഴിയുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ .മുരളീധരൻ.
സെറ്റോയുടെ ആഭിമുഖ്യത്തിൽ പണിമുടക്ക് നോട്ടീസ് നൽകുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പങ്കാളിത്ത പെൻഷൻ അധികാരത്തിലെത്തിയാൽ പിൻവലിക്കുമെന്ന് യു.ഡി.എഫിന്റെ ലെയ്സൺ കമ്മിറ്റി കൂടി തീരുമാനമെടുത്തിരിക്കുകയാണ്. എന്നാൽ പങ്കാളിത്ത പെന്‍ഷന്‍ പിൻവലിക്കുമെന്ന് 2016 ലേയും 2021 ലേയും നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രകടനപത്രികയിലൂടെ വാഗ്ദാനം ചെയത് അധികാരത്തിലേറിയിട്ട് നാളിതു വരെ പദ്ധതി പിൻവലിക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കില്ലായെന്ന ഉറപ്പിൽ 5721/- കോടി രൂപ വായ്പയെടുത്ത് പങ്കാളിത്ത പെൻഷൻ ജീവനക്കാരെ വഞ്ചിക്കുകയാണ്. കേന്ദ്രവും മറ്റ് സംസ്ഥാന സര്‍ക്കാരുകളും സര്‍ക്കാര്‍ വിഹിതം 14 ശതമാനം നൽകുമ്പോൾ കേരളത്തില്‍ മാത്രം 10 ശതമാനം. സര്‍വ്വീസിലിരിക്കെ മരിക്കുന്ന പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാരന്റെ ആശ്രിതര്‍ക്ക് ജോലി കിട്ടുന്നതുവരെ അവസാനം വാങ്ങിയ ശമ്പളം നല്‍കണമെന്ന യു.ഡി.എഫ്. തീരുമാനം അടിസ്ഥാന ശമ്പളത്തിന്റെ 30 ശതമാനമായി വെട്ടിച്ചുരുക്കി. ഡി.സി.ആര്‍.ജി കേരളത്തില്‍ വേണ്ടെന്ന് വെച്ചു. രാജ്യത്തെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിവിധ സംസ്ഥാനങ്ങള്‍ ഇതിനോടകം പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചു കഴിഞ്ഞു.
2024 ജൂലൈ 1 ന് അഞ്ചു വർഷ ശമ്പള പരിഷ്കരണ തത്വം അനുസരിച്ച് ശമ്പളം പരിഷ്കരിക്കേണ്ടതാണ്. എന്നാൽ പരിഷ്കരണ തീയതി പിന്നിട്ട് ആറ് മാസം കഴിഞ്ഞിട്ടും നാളിതുവരെ ഒരു ശമ്പള പരിഷ്കരണ കമ്മീഷനെ പോലും നിയോഗിച്ചിട്ടില്ല. നിലവിൽ 6 ഗഡു 19% ക്ഷാമബത്ത കുടിശ്ശികയാണ്. അനുവദിച്ച രണ്ട് ഗഡു ക്ഷാമബത്തയുടെ 78 മാസത്തെ കുടിശ്ശിക അനുവദിച്ചിട്ടില്ല. അഞ്ച് വര്‍ഷമായി ലീവ് സറണ്ടര്‍ നല്‍കുന്നില്ല.
2019-ലെ പതിനൊന്നാം ശമ്പളപരിഷ്കരണത്തിന്റെ കുടിശ്ശിക നാലു ഗഡുക്കളിലായി നൽകുമെന്ന ഉത്തരവിന്റെ കാലാവധി കഴിഞ്ഞിട്ടും നാളിതുവരെ നൽകിയിട്ടില്ല. മെഡിസെപ്പിന്റെ പേരില്‍ പ്രതിമാസം കൃത്യമായ വിഹിതം പിടിക്കുന്നതല്ലാതെ ആ പദ്ധതിയില്‍ ആശുപത്രികളെ സഹകരിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. നിലവിൽ എംപാനൽ ചെയ്തിട്ടുള്ള ആശുപത്രികൾ പോലും പദ്ധതിയുമായി സഹകരിക്കുന്നില്ല.സംസ്ഥാനത്ത് അതിരൂക്ഷമായ
വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. ക്ലിപ്ത വരുമാനക്കാരായ സംസ്ഥാന ജീവനക്കാരും അധ്യാപകരും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുകയാണ്. വിലക്കയറ്റത്തെ സമീകരിക്കാന്‍ അനുവദിക്കുന്ന ക്ഷാമബത്ത നിരന്തരം നിഷേധിക്കുന്ന നിലപാടാണ് ഈ സർക്കാർ സ്വീകരിച്ചു വരുന്നത്. ഇതിനെല്ലാം പുറമെ ഇൻഷുറൻസ് പരിരക്ഷയുടെ പേരിൽ ജീവാനന്ദം പദ്ധതി നടപ്പിലാക്കി പ്രതിമാസ ശമ്പളത്തിന്റെ 25 ശതമാനം കവർന്നെടുക്കാൻ ശ്രമിക്കുന്നു. എച്ച്. ബി എ, സി.സി.എ എന്നിവ നിർത്തലാക്കി. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിൽ സർവ്വീസ് വെയിറ്റേജ് നിഷേധിച്ചു. രാഷ്ട്രീയ പ്രേരിത സ്ഥലം മാറ്റങ്ങൾ നിർബാധം തുടരുന്നു. രാഷ്ട്രീയ പകപോക്കലിലൂടെ നവീൻ ബാബുമാരെ സൃഷ്ടിക്കുന്നു.
കഴിഞ്ഞ എട്ടര വർഷമായി അധ്യാപകരും ജീവനക്കാരും അനുഭവിക്കുന്ന കടുത്ത നീതി നിഷേധങ്ങൾക്കെതിരെ പണിമുടക്കമല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല. അതിനാൽ ഭരണകക്ഷി ഉൾപ്പെടെയുള്ള കൂടുതൽ സംഘടനകൾ പണിമുടക്കുമായി സഹകരിക്കണമെന്നും സംഘടനാ ഭേദമന്യേ സർക്കാർ ജീവനക്കാർ ഒന്നടങ്കം സെറ്റോ നേതൃത്വം കൊടുക്കുന്ന പണിമുടക്കിൽ അണിചേരണമെന്നും തുടർന്ന് അദ്ദേഹം അറിയിച്ചു.സെറ്റോ ചെയർമാർ ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു.ജി സുബോധൻ, കെ അബ്ദുൽ മജീദ്, കെ.സി സുബ്രഹ്മണ്യൻ, എ.എം ജാഫർ ഖാൻ, പി.കെ അരവിന്ദൻ, എം.എസ്. ഇർഷാദ്, ആർ. അരുൺ കുമാർ, അനിൽ എം.ജോർജ്ജ്, പ്രദീപ് കുമാർ,സന്തോഷ് , ആർ.അരുൺ കുമാർ, സുഭാഷ് ചന്ദൻ,ഗ്ലാഡ്സ്റ്റൻ രാജ്, എസ്. മനോജ്, അനസ്, ഹരികുമാർ ,പുരുഷോത്തമൻ, അനിൽ കുമാർ എന്നിവർ സംസാരിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.