നവീന്‍ ബാബുവിന്‍റെ മരണം; കോടതി ആവശ്യപ്പെട്ടാൽ അന്വേഷണത്തിന് തയാറെന്ന് സിബിഐ, എതിര്‍ത്ത് സര്‍ക്കാർ

നവീന്‍ ബാബുവിന്‍റെ മരണം; കോടതി ആവശ്യപ്പെട്ടാൽ അന്വേഷണത്തിന് തയാറെന്ന് സിബിഐ, എതിര്‍ത്ത് സര്‍ക്കാർ

കൊച്ചി: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ വേണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം നല്‍കും. കോടതി പറയുകയാണെങ്കിൽ അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അഡ്വ. കെ പി സതീശനാണ് സിബിഐയ്ക്കായി ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സർക്കാ‍ർ നൽകുന്ന സത്യവാങ്മൂലം പരിശോധിച്ച് സിബിഐ വിശദമായ മറുപടി 12ന് നൽകും.
പൊളിറ്റിക്കൽ ഇൻഫ്ലുവൻസ് ഉള്ളതുകൊണ്ടുമാത്രം അന്വേഷണം മോശം ആവണമെന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയുടെ രാഷ്ട്രീയ ബന്ധം അന്വേഷണത്തെ ബാധിക്കുമോയെന്ന് കോടതി ചോദിച്ചു. അന്വേഷണത്തിൽ അപാകതയുണ്ടെന്നതിന് തെളിവുണ്ടോയെന്ന് കോടതി ചോദിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി 12 ന് പരിഗണിക്കാനായി മാറ്റി.സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സർക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടിയിരുന്നു. ആത്മഹത്യയല്ല കൊലപാതകമെന്ന് സംശയമുണ്ടെന്ന് നവീൻ ബാബുവിന്റെ കുടുംബം ആരോപിച്ചുിരുന്നു. നവീൻ ബാബുവിന്റെ മരണത്തിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം പേരിന് മാത്രമെന്ന് കുടുംബം ഹൈക്കോടതിയിൽ പറഞ്ഞിരുന്നു.

 


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.