“ഞങ്ങൾക്ക് വേണം:പുതിയ ആകാശവും ഭൂമിയും”

എന്നും രാവിലെ ഞങ്ങൾ ഉണരുന്നു , ഭക്ഷണമുണ്ടാക്കുന്നു , വീട്ടുജോലികൾ ചെയ്യുന്നു ,കുട്ടികളെ സ്കൂളിൽ വിടുന്നു, ജോലി സ്ഥലത്തേക്ക് ഓടുന്നു…. കൂടെ സന്തതസഹചാരികളായ അസുഖങ്ങളും. വിരസമായ ഈ പതിവ് ജീവിതചര്യക്ക് ഒരു മാറ്റം വേണ്ടേ ?വെറുതെ ഡിപ്രെഷൻ അടിച്ചിരിക്കണോ? അല്ല. അതിനുള്ള ഏറ്റവും എളുപ്പ വഴി സൈക്ലിങ് തന്നെ.
ഒരു റോഡ് സൈക്കിളും, സേഫ്റ്റി ആക്സസറീസും ഉണ്ടെങ്കിൽ പിന്നൊന്നും ചിന്തിക്കേണ്ട..അതിരാവിലെ ലൈറ്റ് ഓണാക്കിക്കോളൂ.. കൊച്ചി നഗരം സുപ്രഭാതത്തോടെ വരവേൽക്കും.. ഇരുട്ടല്ലേ എന്ന പേടി വേണ്ട, കൂടെയുള്ളത് നല്ല ഫിറ്റ്നസ് ഉള്ള ചങ്കന്മാരാണ്.ഈ വനിതാ ദിനത്തിൽ ഞങ്ങൾക്കും വേണ്ടേ ഒരു മാറ്റം! വേണം, നമുക്കൊരു നല്ല മാറ്റം, നല്ല തുടക്കം. കൊച്ചിയിൽ സൈക്കിൾ ചവിട്ടുന്ന ഈ സ്ത്രീ കുട്ടായ്മ പറയുന്നു. വേണം ഒരു മാറ്റം. ഇനിയെല്ലാം അവര് തന്നെ പറയട്ടെ.

വെറുതെ സമയം കളയാനായിരുന്നില്ല ,ഞങ്ങൾ സൈക്കിൾ ചവിട്ടി തുടങ്ങിയത്. പിന്നെ ഒത്തിരി കാര്യങ്ങൾ മനസിലാക്കി.
സൈക്കിൾ ചവിട്ടുന്ന 55 മുതൽ 80 വയസ്സ് വരെയുള്ളവരിലെ രോഗപ്രതിരോധശേഷി ഇരുപത് വയസ്സുകാരുടെതിനു തുല്യമാണെന്നാണ് ആരോഗ്യ രംഗത്തെ പഠന റിപ്പോർട്ടുകൾ പറയുന്നത് മിക്ക ബോളിവുഡ്,ഹോളിവുഡ് താരങ്ങളുടെ ഫിറ്റ്നസ് മന്ത്രവും സൈക്ലിംഗ് തന്നെ. ഹൃദയാഘാതസാധ്യത കുറയ്ക്കുന്നതിനും, ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത കൂട്ടുന്നതിനും, ചർമ്മ സൗന്ദര്യത്തിനും, ജീവിതശൈലി രോഗങ്ങളിൽ നിന്ന് കരകയറാനും, കൊളാജന്റെ ഉൽപാദനത്തിനും… പറഞ്ഞാൽ തീരാത്തത്ര ഗുണങ്ങൾ.അങ്ങനെയാണ് സൈക്കിൾ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്. അവർ പറയുന്നു.
എറണാകുളം നഗരത്തിലൂടെ രാവിലെ നാലു മണി മുതൽ ആക്ടീവാകുന്ന സൈക്ലിംഗ് ടീമുകൾ ഒട്ടേറെ. ആ ടീമുകളിൽ ഒന്നു സൂക്ഷിച്ചു നോക്കിയാൽ രണ്ടുപേരെങ്കിലും വനിതകൾ ആയിരിക്കും. അവരൊക്കെ എല്ലാവരെയും പോലെ കുടുംബവും, ജോലിയും ഒരുമിച്ചു കൊണ്ടു പോകുന്നു, കൂടെ ആരോഗ്യവും.എല്ലാവർക്കും പറയാനുള്ളത് സൈക്ലിങ് തരുന്ന പോസിറ്റീവ് എനർജിയെ കുറിച്ച് മാത്രം.

എല്ലാ ദിവസവും രാവിലെ നാലു മുപ്പതിന് സൈക്ലിങ്ങിന് വീട്ടിൽ നിന്ന് പുറപ്പെടുന്ന വിദ്യ മനോജ് ആറരയോടെ തിരിച്ചെത്തും.
തുടർന്ന് അടുക്കള തിരക്കുകളും,കുട്ടികളുടെ കാര്യങ്ങളും. പിന്നീട് ജോലി സ്ഥലത്തേക്ക്. എല്ലാത്തിനും സപ്പോർട്ടായി ഡിഫൻസ് ഉദ്യോഗസ്ഥനായ ഭർത്താവ് മനോജ് കൂടെയുണ്ട്. ഡെങ്കിപ്പനിയുടെ അനന്തര ഫലമായുണ്ടായ സംസാരശേഷി കുറവും ശ്വാസതടസ്സവും വിദ്യയെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. തുടർന്നാണ് ഡോക്ടറുടെ നിർദേശപ്രകാരം നടത്തത്തിലേക്കും,പിന്നീട് സൈക്ലിങ്ങിലേക്കും എത്തിയത്. സൈക്ലിംഗ് തനിക്ക് പൂർണ്ണ ആരോഗ്യം തിരിച്ചു തന്നുവെന്ന് വിദ്യ പറയുന്നു. സാന്താ സൈക്ലിംഗ് 50 കിലോമീറ്റർ വിജയിയാണ് വിദ്യ.
ജോലിത്തിരക്കുകൾക്കിടയിൽ ശരിയായി വ്യായാമം ചെയ്യാതെ വന്നപ്പോഴാണ് അനുമിതയ്ക്ക് വണ്ണം കൂടിയത്. തുടർന്ന് വ്യായാമത്തിനായി ഓട്ടത്തിലേക്കും പിന്നീട് സൈക്കിളിങ്ങിലേക്കും. സൈക്ലിംഗ് പ്രൊഫഷണൽ ട്രെയിനറും, ലാപ് വൺ സൈക്ലിങ് ഷോപ്പ് ഉടമയുമായ സോൾവിൻ ടോം ആണ് അനുമിതയുടെ ഭർത്താവ്.
സി 3 റേസിംഗ് ടീമംഗങ്ങൾക്കൊപ്പം അനുമിതയും, സോൾവിനും സൈക്കിൾ ചവിട്ടുന്നു, ഒപ്പം ട്രെയിനിങ്ങും.
ഇപ്പോൾ വനിതകൾ കൂടുതലായി ഗ്രൂപ്പിലേക്ക് എത്തുന്നുണ്ടെന്ന് അനുമിത പറയുന്നു.കെഗ് മിന്നൽ ചാലഞ്ച് 2025 രണ്ടാം സ്ഥാനവും, ക്വാർട്ടർ എവറസ്റ്റിംഗ് വിജയിയുമാണ് അനുമിത.

‘വിമൻസ് സൈക്ലിംഗ് ഗ്രൂപ്പ് കൊച്ചി’ യിൽ
ഏകദേശം ഇരുപത് അംഗങ്ങളാണുള്ളത്. ഇടയ്ക്കിടെ ലേഡീസ് ഗ്രൂപ്പ് അൻപത് കിലോമീറ്റർ റൈഡുകളും നടത്താറുണ്ട്. നെടുമ്പാശ്ശേരി എയർപോർട്ട് വരെയോ, ചാലക്കുടി വരെയോ ആണ് ഗ്രൂപ്പ് റൈഡുകൾ നടത്താൻ ഇഷ്ടപ്പെടുന്ന ഇടം.
ഇടയ്ക്കിടെ ഇവർ വാഗമൺ, മൂന്നാർ പോലുള്ള സൈക്ലിംഗ് ട്രിപ്പുകളും നടത്താറുണ്ട്.

ഹൃദയാരോഗ്യം, ക്യാൻസർ പ്രതിരോധം, ലഹരിക്കെതിരെ തുടങ്ങി പലവിധ മെസ്സേജുകൾ പ്രചരിപ്പിച്ചുകൊണ്ടുള്ള ഒട്ടനവധി സൈക്ലിംഗ് മാരത്തോണുകളും പല ക്ലബ്ബുകളുടെയും ഗ്രൂപ്പുകളുടെയും നേതൃത്വത്തിൽ നടത്തിവരുന്നു.
ഇത് പുതിയൊരു കാലത്തിന്റെ ചുവടു വയ്പ്പാണ്. സ്നേഹത്തിന്റെ സൗഹൃദത്തിന്റെ അലയൊലികൾ ഉയരുന്ന യാത്രയുടെ സുഗന്ധങ്ങൾ.

ഈ സൈക്കിൾ യാത്രയെക്കുറിച്ച് എഴുതിയപ്പോൾ മറ്റൊരുകാര്യം ഓർമ്മ വന്നു.,

പ്രശസ്ത ഗ്രാമീണ പത്രപ്രവർത്തകൻ പി സായിനാഥന്റെ ‘എവെരിബഡി ലവ്സ് എ ഗുഡ് ഡ്രോട് ‘എന്ന പുസ്തകത്തിൽ പുതുക്കോട്ടയിലെ സൈക്കിൾ ഓടിക്കുന്ന സ്ത്രീകളെക്കുറിച്ച് എഴുതിയിട്ടുണ്ട്. ‘മനുഷ്യൻ പിന്നോക്കാവസ്ഥകളെ നേരിടാൻ അസാധാരണമായി പലതും ചെയ്യും.അവിടെ ഒരു ലക്ഷത്തിലേറെ സ്ത്രീകൾ,ഏറെയും നിരക്ഷരർ..സൈക്കിൾ പഠിച്ച് ആത്മവിശ്വാസം നേടുന്ന അത്ഭുത കാഴ്ചയാണ് കണ്ടത്.ഏറെ അഭിമാനം തോന്നിയ അനുഭവം ‘ അദ്ദേഹം എഴുതിയിരിക്കുന്നു ,അങ്ങനെ എത്രഎത്ര മധുരം കിനിയുന്ന ഓർമ്മകളാണ് സൈക്കിൾ സവാരി നമുക്ക് സമ്മാനിക്കുന്നത്.

ഗായത്രി

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response