പണിമുടക്കിയ ജീവനക്കാരനെ സ്ഥലം മാറ്റിയ നടപടി റദ്ദ് ചെയ്യണം- ചവറ ജയകുമാർ.

സെറ്റോ സംഘടനകളുടെ അഭിമുഖ്യത്തിൽ ജനുവരി 22 ന് നടന്ന പണിമുടക്കിൽ പങ്കെടുത്തതിന്റെ പേരിൽ ആരോഗ്യ വകുപ്പിലെ ജീവനക്കാരനെ സ്ഥലം മാറ്റിയ നടപടി റദ്ദ് ചെയ്യണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു.

ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എട്ടര വർഷമായി അധികാരത്തിലിരിക്കുന്ന ഇടത് പക്ഷ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ കവർന്നെടുത്ത പശ്ചാത്തലത്തിലാണ് സെറ്റോ പണിമുടക്കിന് നേതൃത്വം നല്കിയത്. സർക്കാരിന്റെ ഈ ആനുകൂല്യ നിഷേധങ്ങളിൽ മനം മടുത്ത ജീവനക്കാർ പണിമുടക്കിനെ ഏറ്റെടുക്കുകയായിരുന്നു. അറുപത് ശതമാനത്തിൽ കൂടുതൽ ജീവനക്കാർ പണിമുടക്കി. സർക്കാരിനെതിരേയുള്ള ജീവനക്കാരുടെ ശക്തമായ വികാരമാണ് പണിമുടക്ക് ദിവസം സംസ്ഥാനത്ത് പ്രതിഫലിച്ചത്. ഇതിൽ വിറളി പൂണ്ട ഭരണാനുകൂല സംഘടന പണിമുടക്കിയ ജീവനക്കാരെ അകാരണമായി സ്ഥലം മാറ്റി കൊണ്ട് പ്രതികാര നടപടി സ്വീകരിക്കുകയാണ്.

ഹെൽത്ത് ഇൻസ്പെക്ടറായി ഡി.വി.സി. യൂണിറ്റിൽ സേവനമനുഷ്ഠിച്ചിരുന്ന രഖീഷ് കുമാറിനെ മാറനല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് മെഡിക്കൽ ഓഫീസർ വ്യക്തമാക്കണം. അർദ്ധരാത്രി 12.28 നാണ് ഉത്തരവ് ഒപ്പിട്ടിരിക്കുന്നത് എന്നത് ദുരൂഹമാണ്. ഭരണാനുകൂല സംഘടനയുടെ തിട്ടൂരത്തിന് വഴങ്ങി ഉത്തരവ് പുറപ്പെടുവിച്ച ജില്ലാ മെഡിക്കൽ ഓഫീസറുടെ നടപടി തികച്ചും പ്രതിഷേധാർഹമാണ്. ആരോഗ്യ വകുപ്പ് മന്ത്രി ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണം.ക്രമവിരുദ്ധമായി പുറപ്പെടുവിച്ചിട്ടുള്ള ഈ ഉത്തരവ് അടിയന്തരമായി റദ്ദ് ചെയ്യണം. ഇനിയും ഇത്തരത്തിലുള്ള പ്രതികാര നടപടി തുടരാനാണ് ശ്രമിക്കുന്നതെങ്കിൽ ശക്തമായ പ്രതിഷേധവും നിയമ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നൗഷാദ് അധ്യക്ഷത വഹിച്ചു.എ. പ്രസന്നകുമാർ, റ്റി. ഒ ശ്രീകുമാർ, ആർ.എസ്. പ്രശാന്ത് കുമാർ, വി.എസ്. രാകേഷ്, മോബിഷ് പി തോമസ്, ജോർജ്ജ് ആന്റണി, അരുൺ ജി. ദാസ്, ഷൈജി ഷൈൻ, ബി.എൻ ഷൈൻ കുമാർ, ഷിബി എൻ.ആർ, രതീഷ് രാജൻ, അനൂജ് രാമചന്ദ്രൻ, ശ്രീകാന്ത് ആർ.കെ, റെനി രാജൻ തുടങ്ങിയവർ സംസാരിച്ചു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading