
അതിജീവന സമരത്തെ ഉത്തരവ് കൊണ്ട് തകർക്കാനാവില്ല : കെ എ എച്ച് ഡബ്ല്യു എ.
എൻഎച്ച്എം ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും
ഉത്തരവ് കത്തിക്കലും നടത്തി.
തിരുവനന്തപുരം : അർധരാത്രിയിൽ കമ്യൂണിറ്റി വോളണ്ടിയർമാരെ നിയമിക്കാൻ ഉത്തരവിറക്കി ആശങ്ക പരത്തി ആശാവർക്കർമാരുടെ സമരത്തെ തകർക്കാനാവില്ലെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു പറഞ്ഞു. വിവാദ ഉത്തരവിറക്കിയ എൻഎച്ച് എം സ്റ്റേറ്റ് മിഷൻ ഓഫീസിലേക്ക് ആശാവർക്കർമാർ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഫെബ്രുവരി 10ന് ആശാവർക്കർമാർ ആരംഭം കുറിച്ച ഐതിഹാസികമായ രാപകൽ സമരത്തെയും പണിമുടക്കിനെയും നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായി എൻ എച്ച് എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ 25-2-2025 ൽ പുറപ്പെടുവിച്ച സർക്കുലറിലെ ഭീഷണി കേരളത്തിലെ ആശാ പ്രവർത്തകർ ഒന്നാകെ തള്ളിക്കളഞ്ഞതാണ്. ആ സർക്കുലറിന്‍റെ തുടർച്ച എന്ന് കരുതാവുന്ന ഒരു ഉത്തരവാണ് 28 -2-2025 നു പുറപ്പെടുവിച്ചിരിക്കുന്നത്.
ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിലേക്ക് കമ്യൂണിറ്റി വോളണ്ടിയർമാരെ ഉദ്ദേശിച്ച് വാർഡ് തലത്തിൽ ട്രെയിനിംഗ് നൽകാനായി ഫണ്ട് അനുവദിച്ചുകൊണ്ടുള്ള ഉത്തരവാണിത്. ആശമാർ നടത്തുന്ന ജീവൻ മരണ സമരത്തിൻ്റെ മൂർദ്ധന്യത്തിൽ ഇത്തരം ഒരു ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്ന് വ്യക്തമാണ്. സമരത്തിൽ ഉരുക്കുപോലെ ഉറച്ചുനിൽക്കുന്ന ആശ വർക്കർമാരെ വിരട്ടാനാകുമോ എന്ന് പരീക്ഷിക്കുകയാണ് സർക്കാർ.
ഇത്തരത്തിലുള്ള എല്ലാ ശ്രമങ്ങളെയും അതിജീവിച്ച് തന്നെയാണ് ഇന്ന് ആശമാരുടെ അതിജീവന സമരം കേരളത്തിന്റെ പൊതുസമൂഹത്തിന്റെയാകെ പിന്തുണയോടെ കൂടുതൽ മുന്നേറുന്നത്. ഈ പിന്തുണയ്ക്ക് അഖിലേന്ത്യാ മാനം കൈവന്നിരിക്കുകയാണ്. ഈ സമരം വിജയിക്കേണ്ടത് കേരളത്തിലെ പണിയെടുത്ത് ജീവിക്കുന്ന മുഴുവനാളുകളുടെയും ആവശ്യമായി മാറിയിരിക്കുകയാണ്. സർക്കാരിന്റെ എല്ലാത്തരം ഭീഷണികളും തള്ളിക്കളഞ്ഞ് ആശമാർ രാപകൽ സമരത്തിലും പണിമുടക്കിലും വർദ്ധിത വീര്യത്തോടെ ഉറച്ചുനിൽക്കും. മാർച്ച് 3 ന് നടക്കുന്ന നിയമസഭാ മാർച്ച് ഒരു വൻ വിജയമാക്കാനുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ മുഴുകുകയും ചെയ്യും എന്ന് അവർ പറഞ്ഞു. സംസ്ഥാന പ്രസിഡൻ്റ് വി കെ സദാനന്ദൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറിയേറ്റിനു മുന്നിലെ രാപ്പകൽ സമരവേദിയിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിൽ നൂറുകണക്കിന് ആശാ പ്രവർത്തകർ അണിനിരന്നു. എൻഎച്ച്എം ഓഫീസിനു മുന്നിൽ ആശ വർക്കർമാർ വിവാദ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് എസ് മിനി, തിരുവനന്തപുരം ജില്ലാ നേതാക്കളായ കെ പി റോസമ്മ, റോസി എം, എ സബൂറ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.