Kerala Latest News India News Local News Kollam News

കാലം മാറുമ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടിയോട് ഇതുവരെ ജീവതം ഉഴിഞ്ഞു വച്ചവർ ഇന്നും കമ്മ്യൂണിസ്റ്റായി ജീവിക്കുന്നു……

ഒരുപാട് ആർഭാട ജീവിതത്തിലേക്ക് വഴുതി വീഴുമ്പോൾ ഇടക്ക് ഇവരെയൊക്കെ ഒന്ന് ഓർക്കുന്നത് നല്ലതാണ്. “കാലം 1952, മലപ്പുറത്തെ ചൂളൂര്‍ ദേശത്ത് ആണ്ടി എന്നൊരു ഈര്‍ച്ചക്കാരനുണ്ടായിരുന്നു. പ്രായമായപ്പോള്‍ ഈര്‍ച്ചപ്പണി നിറുത്തി അയാള്‍ ചായക്കട തുടങ്ങി. അന്നത്തെ പകല്‍ നേരത്ത് ചായക്കടയില്‍ ആണ്ടി മാത്രമേ ഉള്ളൂ. അപ്പോഴാണ് ദലിതനായ നാടിക്കുട്ടി ചായ കുടിക്കാന്‍ വന്നത്. ദലിതനെ ചായപ്പീടികയുടെ അകത്തേക്ക് കടത്തുക പതിവില്ല. അവര്‍ തൊടിയില്‍ നിന്ന് ചായ കുടിക്കണം. ഈഴവര്‍ക്ക് കടയില്‍ കയറാം. എന്നാല്‍ നിന്നേ കുടിക്കാവൂ. ബെഞ്ച് ഒഴിഞ്ഞു കിടന്നാലും ഇരിക്കാന്‍ പാടില്ല. നാടിക്കുട്ടി വന്ന സമയം ഒരാളും ചായപ്പീടികയില്‍ ഉണ്ടായിരുന്നില്ല. അയാള്‍ ബെഞ്ചിലിരുന്ന് ചായ കുടിക്കാന്‍ തുടങ്ങി. ആ സമയത്താണ് നാട്ടിലെ പ്രമാണി കയറി വന്നത്. അയാള്‍ നാടിക്കുട്ടിയെ ആഞ്ഞു ചവിട്ടി. ആ പാവം നിലത്തേക്കുരുണ്ടു വീണു. ചായയും ഗ്ലാസും നിലത്തു തൂവി. വീണ നാടിക്കുട്ടിയെ അയാള്‍ അടിക്കാന്‍ തുടങ്ങി. ബഹളം കേട്ട് ഓടി വന്നവരും മര്‍ദിച്ചു. ഇതെല്ലാം കണ്ടാണ് കൌമാരക്കാരനായ മുഹമ്മദുകുട്ടി വരുന്നത്. കൂട്ടുകാരുമായി ചേര്‍ന്ന്, മണ്ണില്‍ ചോരയൊലിച്ച് വീണു കിടക്കുകയായിരുന്ന നാടിക്കുട്ടിയെ വൈദ്യന്‍റെ അടുത്തേക്ക് മുഹമ്മദികുട്ടി കൊണ്ടു പോയി. കൂടിനിന്നവര്‍ കൂവി വിളിച്ചു പരിഹസിച്ചു. അതൊന്നും മുഹമ്മദുകുട്ടി വകവച്ചില്ല. എണ്ണയും മരുന്നും വാങ്ങിക്കൊടുത്ത് നാടിക്കുട്ടിയെ കൂരയില്‍ കൊണ്ടാക്കി. പാവപ്പെട്ടവനോടുള്ള അക്രമം. ഇതിങ്ങനെ വെറുതെ വിട്ടാല്‍ പറ്റില്ലെന്ന് മുഹമ്മദ് കുട്ടിക്ക് തോന്നിത്തുടങ്ങി. പ്രമാണിമാരുടെ മേധാവിത്വം അവസാനിപ്പിക്കണം. ഇതിന് പ്രതികാരം ചെയ്യണം. മുറിവെല്ലാം മാറി ജോലിക്ക് പോകാന്‍ തുടങ്ങിയ നാടിക്കുട്ടിയോട് മുഹമ്മദും കൂട്ടുകാരും പറഞ്ഞു,

നീ ആണ്ടിക്കുട്ടിയുടെ ചായക്കടയില്‍ പോയി ചായ കുടിക്കണം. ആരും നിന്നെ ഒന്നും ചെയ്യില്ല. ഞങ്ങളുണ്ട് നിന്നോടൊപ്പം. ആദ്യം നാടിക്കുട്ടി സമ്മതിച്ചില്ല. ആറുമാസത്തെ പരിശ്രമത്തിനുശേഷം സമ്മതിച്ചു. അങ്ങനെ മുഹമ്മദുകുട്ടിയും ആറ് ചങ്ങാതിമാരും നാടിക്കുട്ടിയും ആണ്ടിയുടെ ചായക്കടയിലേക്ക് നടന്നു. എട്ട് ചായയ്ക്ക് ഓര്‍ഡര്‍ ചെയ്തു. നാടിക്കുട്ടിയും ബെഞ്ചിലിരുന്ന് ചായ കുടിച്ചു. ഇതറിഞ്ഞ് പ്രമാണിയുടെ നേതൃത്വത്തിലുള്ളവര്‍ എത്തിച്ചേര്‍ന്നു. പിന്നെ അടിയുടെ പൊടിപൂരമായിരുന്നു. ഇടയില്‍ ഈര്‍ച്ചത്തെറ്റുകൊണ്ട് മുഹമ്മദ് കുട്ടിയെ ആരോ അടിച്ചു. അടികൊണ്ട് കാല്‍മുട്ടിലെ എല്ലിന്‍റെ ഒരു ഭാഗം ചീന്തിപ്പോയി. ആറുമാസം മുഹമ്മദ്കുട്ടി കട്ടിലില്‍ നിന്ന് എഴുന്നേറ്റില്ല. ഒരേ കിടപ്പായിരുന്നു. ഒരു ജീവിതത്തില്‍ അനുഭവിക്കേണ്ട എല്ലാ വേദനയും ആറുമാസം കൊണ്ട് അനുഭവിച്ചു. എന്നാല്‍ അതോടെ കോഡൂര്‍ പ്രദേശത്തെ ചായക്കടകളില്‍ ദളിതരെ കയറ്റില്ല എന്ന അവസ്ഥ മാറി.
….
കഥയിലെ നായകനായ മുഹമ്മദ് കുട്ടിയെ കേരളമറിയും-
സഖാവ് പാലോളി മുഹമ്മദ് കുട്ടി.

പ്രായം തളർത്തിയ അവശതക്കിടയിലും പ്രായത്തിനും തളർത്താൻ കഴിയാത്ത കമ്യൂണിസ്റ്റ് പോരാളിയുടെ മനസ്സോടെ ആത്മാഭിമാനത്തോടെ ശിരസ്സുയര്ത്തിപ്പിടിച്ചു കപടതയില്ലാത്ത കളങ്കതയില്ലാത്ത വിശുദ്ധിയുള്ള സഖാവ് .
വർഷങ്ങൾക്കു മുമ്പ് മലപ്പുറം ജില്ലയിലെ ചെമ്മന്ക്കടവിൽ നിന്നും കറുത്ത സൂട്ട്കൈസിൽ മൂന്നു ജോഡി വെള്ള വസ്ത്രവും കുറച്ചു ബീഡിയും മാത്രം കയ്യിൽ കരുതി അനന്തപുരിയിലേക്ക് ആനവണ്ടി കയറി പോയ ഒരു കുറിയ മനുഷ്യൻ.
പിന്നീട് ഇടതുമുന്നണി കണ്‍വീനറായും മന്ത്രിയായും പ്രസ്ഥാനം ഏൽപ്പിച്ച കടമകൾ വളരെ വൃത്തിയായി നിറവേറ്റി .
ഇന്നുവരെ ഒരു അഴിമതി ആരോപണവും ഉയർന്നു വന്നിട്ടില്ല . ഒരു പക്ഷെ ഇന്നും സ്വന്തമായി സഖാവിന്റ്റ് കയ്യിൽ അതുപോലൊരു സൂട്ട് കൈസുണ്ടാവും …
5 വർഷം മന്ത്രി ആയി കേരളം ഭരിച്ചിട്ടും അടുത്ത തിരഞ്ഞെടുപ്പിൽ മൽസരിക്കുമ്പോൾ സ്വന്തമായി വീടില്ലെന്നും വാടക വീട്ടിലാണെന്നും സ്വന്തമായി ഉള്ളത്‌ 5000 രൂപയും കുറച്ച്‌ കടങ്ങളുടെ കണക്കുകളുമാണെന്ന് സത്യവാങ്മൂലം കൊടുത്ത്‌ കേരള കരയെ കണ്ണ് നിറയിച്ച കമ്മ്യൂണിസ്റ്റ്‌..
പാർട്ടി വീണ്ടും ആവശ്യപ്പെട്ട നിയമ സഭാ സീറ്റുപോലും സ്നേഹത്തോടെ നിരസിച്ച്‌ പുതു തലമുറക്ക്‌ വഴി മാറി കൊടുത്ത വിപ്ലവകാരി . മലപ്പുറത്തുകാർക്ക്
ഇപ്പോഴും സി പി ഐ എം എന്നാൽ പലോളിയുടെയും ഇംബിച്ചി ബാവയുടെയും പാർട്ടിയാണ് ,,പലോളി സഖാവ്‌ അനാരോഗ്യം മൂലം ഓടി നടന്നുള്ള പ്രവർത്തനം കുറവാണ്.. എങ്കിലും സഖാവെ അങ്ങയുടെ പേർ എന്നും രക്ത ശോഭയോടെ ഞങ്ങളുടെ മനസ്സിലുണ്ടാകും…

പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യങ്ങള്‍ ആത്മാര്‍ത്ഥതയോടെ നിര്‍വഹിച്ച് പടിയിറങ്ങുമ്പോഴും സ്വന്തമായി ഒന്നും സമ്പാദിക്കാത്ത മാതൃകാ കമ്മ്യൂണിസ്റ്റ്…
മാധ്യമങ്ങളെ ഉപയോഗിച്ച് പ്രതിച്ഛായ പൊലിപ്പിച്ച് കാട്ടാതെ സംതൃപ്തിയോടെ ഇന്നും പാർട്ടി പ്രവർത്തകരുടെ ആവേശമായ സഖാവിന്റെ പ്രവർത്തങ്ങളെ ചരിത്രം നന്ദിപൂര്‍വം സ്മരിക്കും…ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌കാരൻ ♥️♥️ഈ FB പോസ്റ്റ് വായിച്ചപ്പോൾ കൂടുതൽ പേർ വായിക്കണം എന്ന തോന്നലാണ് വീണ്ടും പ്രസിദ്ധീകരിക്കുന്നത് (FB കടപ്പാട്)


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading