ജുഡീഷ്യറിക്കെതിരായ വിമര്‍ശനം രാജ്യത്തിന് ഭീഷണി

സുപ്രീംകോടതിയെ ഭയപ്പെടുത്തി സമ്മര്‍ദ്ദത്തില്‍ ആക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയതെന്നും കോടതിയലക്ഷ്യ പ്രസ്താവന നടത്തിയ ബിജെപി എംപി നിഷികാന്ത് ദുബെയ്‌ക്കെതിരെ സ്പീക്കര്‍ നടപടിയെടുക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.

ഭരണഘടനക്കെതിരായ ശക്തമായ കടന്നാക്രമണമാണിത്.സുപ്രീംകോടതിയും സ്വമേധയാ ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടതാണ്. കോണ്‍ഗ്രസ് പാര്‍ട്ടി അതീവഗൗരവതരമായാണ് ഈ വിഷയത്തെ കാണുന്നത്. ബിജെപി നിഷികാന്ത് ദുബെയെ ഇപ്പോള്‍ തള്ളിപ്പറഞ്ഞത് കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണ്. നിഷികാന്ത് ദുബെ ആദ്യമായല്ല ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തുന്നത്. പാര്‍ലമെന്റിലെ പ്രസംഗങ്ങളില്‍ എല്ലാം അദ്ദേഹം ഇതേ രീതി തന്നെയാണ് പിന്തുടരുന്നത്.എന്നാല്‍ ബിജെപി ദുബെയെ നിയന്ത്രിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. നിഷികാന്ത് ദുബെ മാത്രമല്ല, ഏറ്റവും വലിയ പാര്‍ലമെന്ററി സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പോലും കോടതിയെ ആക്രമിക്കുകയാണെന്നും കെ.സി.വേണുഗോപാല്‍ വിമര്‍ശിച്ചു.

ജുഡീഷ്യറിക്കെതിരായ ഇത്തരം തുറന്നുപറച്ചിലുകള്‍ നമ്മുടെ രാജ്യത്തെ ജനാധിപത്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.സുപ്രീംകോടതി നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ ഭരണഘടന സ്ഥാപനമാണ്. കേസിന്റെ മെറിറ്റ് അനുസരിച്ചുള്ള തീരുമാനങ്ങളാണ് കോടതിയില്‍ നിന്നുണ്ടാവുക. അനുകൂല തീരുമാനങ്ങള്‍ മഹത്തരം എന്നും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ചില തീരുമാനങ്ങള്‍ വന്നാല്‍ അത് പുറപ്പെടുവിച്ച ജഡ്ജിയെ തന്നെ ഭീഷണിപ്പെടുത്തുകയും വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

നീതിപൂര്‍വ്വമായ ചര്‍ച്ചകള്‍ക്ക് അവസരം ഇല്ലാതാക്കി പ്രതിപക്ഷ നേതാവിന് പോലും സംസാരിക്കാന്‍ അവസരം നല്‍കാതെ പാര്‍ലമെന്റിന്റെ മഹത്വം പറഞ്ഞുകൊണ്ട് പാര്‍ലമെന്റിനെ പരിഹാസ്യമാക്കുകയാണ് ഭരണപക്ഷം. ചെറിയ ഭൂരിപക്ഷം ഉപയോഗിച്ച് പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണങ്ങള്‍ ബുള്‍ഡോസ് ചെയ്യുകയാണെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.

വഖഫ് ബില്ലില്‍ ലോക്‌സഭയില്‍ ചര്‍ച്ച നടക്കുമ്പോള്‍ തന്നെ പ്രതിപക്ഷം ഉന്നയിച്ചതാണ്, ഇത് ആര്‍ട്ടിക്കിള്‍ 26 ന്റെ ലംഘനമാണെന്ന്. കോടതിയുടെ വരാന്തയില്‍ പോലും നില്‍ക്കാന്‍ പ്രൊവിഷനുകള്‍ അതില്‍ ഉണ്ടെന്നും പ്രതിപക്ഷം താക്കീത് നല്‍കിയതാണെന്നും കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ;
അഭിപ്രായ വ്യത്യാസമില്ല

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടന്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും ഉണ്ടാകും. യാതൊരു അഭിപ്രായ വ്യത്യാസവും കോണ്‍ഗ്രസില്‍ ഇക്കാര്യത്തില്‍ ഇല്ല. സ്ഥാനാര്‍ത്ഥികളാകാന്‍ പലരും ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍, അതിനെ ഊതി വീര്‍പ്പിച്ച് കോണ്‍ഗ്രസിലെ ഭിന്നത എന്ന് പറയുന്നതിലാണ് പ്രശ്‌നം. ആശങ്കകളോ അഭിപ്രായ വ്യത്യാസങ്ങളോ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് കോണ്‍ഗ്രസിനകത്ത് ഇല്ല. എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കുന്ന തെരഞ്ഞെടുപ്പ് ആയിരിക്കും നിലമ്പൂരിലേതെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading