തൊഴിൽ കോഡുകൾ പിൻവലിക്കണം; മെയ് 20 ന് പൊതുപണിമുടക്കിന്

തൊഴിൽ കോഡുകൾ പിൻവലിക്കണം; മെയ് 20 ന് പൊതുപണിമുടക്കിന്*

എൻഡിഎ സർക്കാർ തൊഴിലാളിദ്രോഹ നടപടികൾ തീവ്രമാക്കിയതിൽ പ്രതിഷേധിച്ച്‌ മെയ്‌ 20ന്‌ രാജ്യവ്യാപക പൊതുപണിമുടക്ക്‌ പ്രഖ്യാപിച്ച്‌ സംയുക്ത ട്രേഡ്‌ യൂണിയനുകൾ. തുറമുഖങ്ങൾ, ഫാക്‌റികൾ, വൈദ്യുതി മേഖല , പൊതുഗതാഗതം തുടങ്ങി സമസ്‌ത മേഖലകളും സ്‌തംഭിപ്പിക്കും. ചൊവ്വാഴ്‌ച ഡൽഹിയിൽ സംഘടിപ്പിച്ച ദേശീയ കൺവൻഷന്റേതാണ്‌ ആഹ്വാനം. മേയ്‌ മൂന്നിന്‌ പണിമുടക്ക്‌ നോട്ടീസ്‌ നൽകും.

തൊഴിലാളി അവകാശങ്ങൾ ഇല്ലാതാക്കുന്ന ലേബർ കോഡുകൾ ഉപേക്ഷിക്കുക, ഇന്ത്യൻ ലേബർ കോൺഫറൻസ്‌ വിളിച്ചുചേർക്കുക, പൊതുമേഖലയിലെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ പണിമുടക്ക്‌. ഏപ്രിലിനുള്ളിൽ ജില്ല–-സംസ്ഥാന കൺവൻഷനുകൾ പൂർത്തിയാക്കുന്നതിനൊപ്പം പദയാത്രകൾ, വാഹനറാലികൾ തുടങ്ങി ബഹുമുഖ പ്രചാരണ പരിപാടികൾ നടത്തും. സിഐടിയു, ഐഎൻടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എൽപിഎഫ്‌, യുടിയുസി എന്നീ ഒമ്പത്‌ കേന്ദ്രട്രേഡ്‌ യൂണിയനുകളും മറ്റ്‌ അനുബന്ധ സംഘടനകളുമാണ്‌ പണിമുടക്കിന്‌ ആഹ്വാനം ചെയ്‌തത്‌. സംയുക്ത ട്രേഡ്‌ യൂണിയനുകൾ മുന്നോട്ടുവച്ച 17ഇന ബദൽ നിർദേശങ്ങളിൽ ഊന്നിയാകും പ്രക്ഷോഭങ്ങൾ.

തൊഴിലുപ്പ്‌ പദ്ധതിയിൽ 200 തൊഴിൽ ദിനങ്ങളെങ്കിലും ഉറപ്പാക്കണം, പഴയപെൻഷൻ പദ്ധതി പുന:സ്ഥാപിച്ച്‌ 9000 രൂപ മിനിമം പെൻഷൻ നൽകണം, കാവിവൽക്കരണം ലക്ഷ്യമിട്ടുള്ള പുതിയ വിദ്യഭ്യാസനയം പിൻവലിക്കണം, കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണം തുടങ്ങിയവയും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഐഎൻടിയുസി നേതാവ്‌ അശോക് സിങ്‌, ഐഐടിയുസി ജനറൽ സെക്രട്ടറി അമർജീത്‌ കൗർ,സി. ഐ ടി യു നേതാവ് തപൻ സിംഗ് എച്ച്‌എംഎസ്‌ നേതാവ്‌ ഹർഭജൻ സിങ്‌ തുടങ്ങിയ നേതാക്കൾ സംസാരിച്ചു. ഐഎൻടിയുസി നേതാവ്‌ ഒ എസ്‌എസ്‌ തോമർ അധ്യക്ഷതവഹിച്ചു. 14 ഓളം തൊഴിലാളി സംഘടനകളുടെ നേതാക്കൾ പങ്കെടുത്തു വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് തൊഴിലാളികൾ കൺവെൻഷനിൽ പങ്കെടുത്തു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response