17 June 2026
കെഎസ്ഇബിയുടെ പ്രവർത്തനം കൂടുതൽ ജനസൗഹൃദമാകണം: മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി വിതരണത്തിലെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിച്ച് കെഎസ്ഇബിയുടെ പ്രവർത്തനം ജനസൗഹൃദമാക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കൊല്ലം-പത്തനംതിട്ട മേഖലയിലെ കെഎസ്ഇബിയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ കൊട്ടാരക്കര വൈദ്യുതി ഭവനിൽ ചേർന്ന പ്രത്യേക യോഗത്തിൽ അധ്യക്ഷത വഹിക്കവേ വൈദ്യുതി തടസ്സം പരിഹരിക്കാൻ രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ പ്രവർത്തനം കൂടുതൽ സജീവമാക്കണമെന്നും നിർദ്ദേശിച്ചു. മഴക്കാലം മുന്നൊരുക്കങ്ങളുടെ ഭാഗമായി രൂപീകരിച്ച ട്രീ കട്ടിങ് കമ്മറ്റികൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കണം. നിയോജകമണ്ഡല-പഞ്ചായത്ത്‌-വാർഡ് തലങ്ങളിൽ മഴക്കാല ജാഗ്രത പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ പ്രത്യേക യോഗങ്ങൾ ചേരണം.

കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ കെഎസ്ഇബിക്ക് സ്വന്തമായ ഓഫീസ് കെട്ടിടം അനുവദിക്കണമെന്നും ജീവനക്കാരുടെ അഭാവം പരിഹരിക്കണമെന്നും ആവശ്യമുയർന്നു. ചടയമംഗലത്ത് പ്രത്യേക സബ്സ്റ്റേഷൻ സ്ഥാപിക്കണം. തേവലക്കര സബ്സ്റ്റേഷൻ അടിയന്തരമായി പൂർത്തിയാക്കണം. ഈസ്റ്റ് കല്ലടയിൽ 110 കെ വി സബ്സ്റ്റേഷൻ സ്ഥാപിക്കണം. പടിഞ്ഞാറേ കല്ലട കേന്ദ്രീകരിച്ച് പുതിയ ഇലക്ട്രിക്കൽ സെക്ഷൻ രൂപീകരിക്കണം. ശാസ്താംകോട്ട സബ്സ്റ്റേഷൻ 220 കെ വി യായി ഉയർത്തണം. ഹൈവേ നിർമ്മാണത്തിനായി ജില്ലയിലെ വിവിധ സ്കൂളുകളിൽ വിച്ഛേദിച്ച വൈദ്യുതി കണക്ഷൻ പുനസ്ഥാപിക്കണം. പുനലൂർ പേപ്പർമിലിന് അടുത്തായി സബ്സ്റ്റേഷൻ സ്ഥാപിക്കണം. തെരുവ് വിളക്കുകൾ കൃത്യമായി പേരും നമ്പറുമുള്ള തെരുവുകളിൽ മാത്രമേ സ്ഥാപിക്കാൻ കഴിയൂ എന്ന വൈദ്യുതി വകുപ്പ് ഡയറക്ടറേറ്റ്‌ നിർദ്ദേശത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കണം. മയ്യനാട്-താന്നി മേഖലയിൽ പുതിയ സബ്സ്റ്റേഷൻ സ്ഥാപിക്കണം. ഇരവിപുരം മണ്ഡലത്തിൽ ദേശീയപാത നിർമാണത്തോടനുബന്ധിച്ച് വൈദ്യുതി കേബിളുകൾ സ്ഥാപിക്കാൻ എടുത്ത കുഴികൾ ഉടനെ മൂടണം. ശബരിമല-കോന്നി മേഖലയിൽ നിലവിലുള്ള കോന്നി സബ്സ്റ്റേഷൻ നവീകരിക്കണം. നിലയ്ക്കൽ സബ്സ്റ്റേഷനിലെ പ്രവർത്തികളും ത്വരിതപെടുത്തണം.കെ ഐ പി കനാൽ പുറമ്പോക്കിൽ താമസിക്കുന്നവർക്ക് വൈദ്യുതി കണക്ഷൻ നൽകുന്നത് പരിഗണിക്കണം. സോളാർ വൈദ്യുതി പദ്ധതി ഉപയോക്താക്കൾക്ക് സ്മാർട്ട് മീറ്റർ നൽകണം.
കൊല്ലം- പത്തനംതിട്ട എന്നിവിടങ്ങളിലെ വിവിധ കാര്യാലയങ്ങളിലെ ജീവനകാരുടെയും ഉദ്യോഗസ്ഥരുടെയും എണ്ണത്തിലെ പരിമിതി പരിഹരിക്കണം എന്നീ നിർദ്ദേശങ്ങളും മന്ത്രി അംഗീകരിച്ചു.

യോഗത്തിൽ എം എൽ എ മാരായ സി ആർ മഹേഷ്, ജ്യോതികുമാർ ചാമക്കാല, വിഷ്ണു മോഹൻ, എം എം നസീർ, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതാദേവി, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ റോയ്, മന്ത്രി ഷിബു ബേബി ജോണിന്റെ പ്രതിനിധി വൈശാഖ്, സി അജയപ്രസാദ് എംഎൽഎയുടെ പ്രതിനിധി ജി വിജയൻ, ഉല്ലാസ് കോവൂർ എംഎൽഎയുടെ പ്രതിനിധി ഗോപകുമാർ കെഎസ്ഇബി ദക്ഷിണ മേഖല ചീഫ് എൻജിനീയർ ആർ ആർ ബിജു, കൊല്ലം ഡെപ്യൂട്ടി ചീഫ് എൻജിനീയർ സോണി, മറ്റ് കെഎസ്ഇബി ഉദ്യോഗസ്ഥർ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.