സുഹൃത്തിന്റെ ജീവൻ കാക്കാൻ സ്വന്തം സുരക്ഷ പോലും നോക്കാതെ വാമനപുരം നദിയിലെ ഒഴുക്കിലേക്ക് കൈനീട്ടുകയും, ഒടുവിൽ ആ ഒഴുക്കിൽപ്പെട്ട് സ്വന്തം ജീവൻ ബലിയർപ്പിക്കേണ്ടി വരികയും ചെയ്ത ടെക്നോപാർക്ക് ജീവനക്കാരി അനുപമയുടെ വിയോഗം വിശ്വസിക്കാനാകാതെ നടുങ്ങിയിരിക്കുകയാണ് നാട്. തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടംപൂവങ്കൽ ഹൗസിൽ അനുപമ (26) യാണ് ഈ ദാരുണ അപകടത്തിൽ മരണപ്പെട്ടത്. പ്രതീക്ഷകളും ഒരുപാട് സ്വപ്നങ്ങളുമായി ജീവിച്ച ഒരു യുവതിയുടെ ജീവനാണ് ഒരു നിമിഷത്തെ അപ്രതീക്ഷിത അപകടം കവർന്നെടുത്തത്.
അവധിദിനം ആഘോഷമാക്കാൻ പൊന്മുടി സന്ദർശിച്ച ശേഷം മടങ്ങുന്നതിനിടെയാണ് അനുപമയും സുഹൃത്തുക്കളും വിതുര ചന്തമുക്ക് താവയ്ക്കൽ ഭാഗത്ത് വാമനപുരം നദിക്കരയിൽ എത്തിയത്. പുഴയുടെ പടിക്കെട്ടുകളിൽ നടന്ന് ഭംഗി ആസ്വദിക്കുന്നതിനിടയിൽ, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അപ്രതീക്ഷിതമായി കാൽ വഴുതി നദിയിലെ ശക്തമായ ഒഴുക്കിലേക്കും ആഴങ്ങളിലേക്കും വീഴുകയായിരുന്നു. കൂടെയുള്ള സുഹൃത്ത് അപകടത്തിൽപ്പെട്ടത് കണ്ട് ഒട്ടും ആലോചിച്ചു നിൽക്കാതെ, സ്വന്തം ജീവൻ പോലും വകവെക്കാതെ അനുപമ രക്ഷിക്കാനായി കൈനീട്ടി. എന്നാൽ നിർഭാഗ്യവശാൽ ശക്തമായ ഒഴുക്കിൽപ്പെട്ട് അനുപമയും നദിയിലേക്ക് വീഴുകയായിരുന്നു.
ഇരുവരും ഒഴുക്കിൽപ്പെടുന്നത് കണ്ട് ഒപ്പമുണ്ടായിരുന്നവർ ചേർന്ന് ആദ്യം പുഴയിൽ വീണ സുഹൃത്തിനെ വേഗത്തിൽ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. എന്നാൽ അപ്പോഴേക്കും അനുപമ ശക്തമായ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. തുടർന്ന് സമീപത്തുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളും നാട്ടുകാരും ഒട്ടും സമയം കളയാതെ പുഴയിലേക്ക് ചാടി നടത്തിയ തിരച്ചിലിനൊടുവിലാണ് അനുപമയെ വെള്ളത്തിൽ നിന്നും പുറത്തെടുത്തത്. ഉടൻ തന്നെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.
ടെക്നോപാർക്കിലെ അലയൻസ് കമ്പനിയിലെ സോഫ്റ്റ്വെയർ എൻജിനീയർ ആയിരുന്ന അനുപമ ഓഫീസിലും നാട്ടിലും എല്ലാവർക്കും പ്രിയങ്കരിയായിരുന്നു. ആ നല്ല ഓർമ്മകൾ മാത്രം ബാക്കിയാക്കി, സുഹൃത്തിന് വേണ്ടി സ്വന്തം ജീവിതം തന്നെ സമർപ്പിച്ച് ഓർക്കാപ്പുറത്ത് വിടപറഞ്ഞുപോയ ഈ ധീരയായ സഹോദരി…….
