26 May 2026
മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സമരം ഒത്തുതീര്‍പ്പാക്കണം – ജോയിന്റ് കൗണ്‍സില്‍

ശമ്പളപരിഷ്‌കരണ കുടിശിക ആവശ്യപ്പെട്ടുകൊണ്ട് കെ.ജ.ിഎം.സി.ടി യുടെ നേതൃത്വത്തില്‍ കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ നടക്കുന്ന സമരം ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ് സജീവും ജനറല്‍ സെക്രട്ടറി കെ പി ഗോപകുമാറും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
2016 മുതല്‍ പരിഷ്‌കരിച്ച ശമ്പള പരിഷ്‌കരണം 2020 ഒക്ടോബറില്‍ നടപ്പിലാക്കുമ്പോള്‍ 57 മാസത്തെ കുടിശിക പിന്നീട് നല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നതാണ്. എന്നാല്‍ യു.ജി.സി ഫണ്ട് കേന്ദ്രത്തില്‍ നിന്ന് ലഭ്യമാകാതിരുന്നതിനാല്‍ സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം ഉണ്ടായിരുന്നതിനാലും കുടിശിക സമയബന്ധിതമായി നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. കെ.ജി.എം.സി.റ്റി യുമായി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. യു.ജി.സി ഫണ്ട് ലഭിക്കാതെ കുടിശിക നല്‍കുന്നതിന് നിയമപരമായ കാര്യങ്ങള്‍ പരിശോധിക്കുന്നതിന് സര്‍ക്കാര്‍ നിയമവകുപ്പിന് ചുമതലപ്പെടുത്തുകയും നിയമപദേശം ധനവകുപ്പിന് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സമരം ചെയ്യുന്ന മെഡിക്കല്‍ കോളേജ് അധ്യാപകരുമായി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പില്‍ എത്തിക്കുകയാണ് വേണ്ടത്. ഏറ്റവും വിദഗ്ധ ചികിത്സ ലഭ്യമാകേണ്ട അടിയന്തര സാഹചര്യമുള്ള രോഗികളാണ് മെഡിക്കല്‍ കോളേജുകളില്‍ ചികിത്സയ്ക്കായി റഫര്‍ ചെയ്ത് എത്തിപ്പെടുന്നത്. ഈ ഒ.പി ബഹിഷ്‌കരണ സമരം മൂലം രോഗികള്‍ വലിയ തോതില്‍ ദുരിതമനുഭവിക്കുകയാണ് രോഗികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഡോക്ടര്‍മാരുടെ സമര രീതിയില്‍ മാറ്റം വരുത്തണമെന്ന് കെ.ജി.എം.സി.റ്റി യോട് ജോയിന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ രോഗികളുടെ അനുപാതം വളരെ കൂടുന്നതിനാല്‍ ജോലിഭാരം കൊണ്ട് വല്ലാതെ വീര്‍പ്പുമുട്ടുന്നു എന്നുള്ളത് വസ്തുതയാണ്. അതിനാല്‍ മെഡിക്കല്‍ കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കേണ്ടതുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇത്തരം വിഷയങ്ങളെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്നതാണ്. സര്‍ക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് മെഡിക്കല്‍ കോളേജ് അധ്യാപകര്‍ക്കും നല്ല ബോധ്യമുണ്ടാകേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ചര്‍ച്ചകളിലൂടെയും രോഗികളെ ബന്ദിയാക്കാതെയുള്ള മറ്റു സമരമാര്‍ഗ്ഗങ്ങളിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കണമെന്നും ജോയിന്റ് കൗണ്‍സില്‍ അഭ്യര്‍ത്ഥിക്കുന്നു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ഡി.ബിനില്‍, സെക്രട്ടേറിയറ്റംഗങ്ങളായ എന്‍.കൃഷ്ണകുമാര്‍, കെ.അജിന, ജില്ലാ സെക്രട്ടറി പി.സുനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.