ഇറിഗേഷൻ പദ്ധതികളിലെ ജീവനക്കാരുടെ ശമ്പളം ഉടൻ വിതരണം ചെയ്യണം – ചവറ ജയകുമാർ

തിരുവനന്തപുരം:ഇറിഗേഷൻ വകുപ്പിലെ ഒന്നും രണ്ടും പ്രോജക്ടുകളിലെ ജീവനക്കാരുടെ മാർച്ച് മാസത്തെ ശമ്പളം വിതരണം ചെയ്യാൻ പ്ലാൻ ഫണ്ടിൽ തുക അനുവദിക്കാത്ത സർക്കാർ നടപടി നിരുത്തരവാദപരമാണെന്നും അടിയന്തരമായി ശമ്പളം നൽകണമെന്നും കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ചവറ ജയകുമാർ ആവശ്യപ്പെട്ടു.

ഇറിഗേഷൻ വകുപ്പിന്നെ ചീഫ് എൻജിനീയർ ഓഫീസിന് മുന്നിൽ നടന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രോജക്ടുകളിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് സ്റ്റേറ്റ് ഫണ്ടിനു പകരം പ്ലാൻ ഫണ്ടിൽ നിന്നാണ് ശമ്പളം നൽകുന്നത്. പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദങ്ങളിൽ ശമ്പളം മുടങ്ങാതിരിക്കാൻ അഡിഷണൽ ഓതറൈസേഷൻ നൽകിയായിരുന്നു മുൻ വർഷങ്ങളിൽ ശമ്പളം ക്രമീകരിച്ചിരുന്നത്.

എന്നാൽ സമയബന്ധിതമായി പ്ലാൻ ഫണ്ടിലേക്ക് ബജറ്റ് വിഹിതം അനുവദിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. വകുപ്പ് മേധാവിയുടെ മെല്ലെ പോക്കും ഇതിലേക്ക് വഴിതെളിച്ചു.

വിഷുവും ഈസ്റ്ററും ആഘോഷിക്കുന്ന ഏപ്രിൽ മാസത്തിൽ ഒരു വിഭാഗം ജീവനക്കാർ ശമ്പളം കിട്ടാതെ പട്ടിണിയാകുന്ന അവസ്ഥ അംഗീകരിക്കാൻ ആവില്ല. സർക്കാർ ഈ വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണം.

ജലസേചന വകുപ്പിന് ബജറ്റ് വിഹിതമായി ലഭിച്ചിരുന്ന തുകയുടെ പകുതിയിലധികവും ഇപ്പൊൾ നൽകുന്നത് KIIDC (കിടുക്ക്) എന്ന് ഓമന പേരിൽ അറിയപ്പെടുന്ന കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെൻ്റ് കോർപ്പറേഷൻ ആണ്.
500 കോടിയിലധികം രൂപയാണ് പല വർഷങ്ങളിലും kiidc ന് ലഭിക്കുക. ഇതെല്ലാം തന്നെ മുൻകാലങ്ങളിൽ ജലസേചന വകുപ്പിന് ലഭിച്ചുകൊണ്ടിരുന്ന തുകയാണ്. ആയതിനാൽ ജലസേചന വകുപ്പിലെ എസ്റ്റാബ്ലിഷ്മെൻറ് ചെലവുകൾ ചെയ്യുന്ന മരാമത്ത് പ്രവൃത്തികൾക്ക് ആനുപാതികമായല്ല എന്നുള്ള ഓഡിറ്റ് പരാമർശങ്ങളും നിലനിൽക്കുന്നുണ്ട്.

ജലസേചന വകുപ്പിൽ നിന്ന് വിരമിക്കുന്ന എൻജിനീയർമാരെ പുനപ്രതിഷ്ടിക്കുന്നതിനുള്ള ഒരു സംവിധാനമായി kiidc മാറിയിരിക്കുന്നു. തൻമൂലം വകുപ്പിനെ kiidc വിഴുങ്ങുന്നതിനുള്ള സാദ്ധ്യതകളും നിലനിൽക്കുന്നുണ്ട്. ഗുണനിലവാരം കുറഞ്ഞ രീതിയിലാണ് kiidc മരാമത്ത് പണികൾ ചെയ്യുന്നതെന്ന ആക്ഷേപം നിലവിലുണ്ട്.
വകുപ്പിലെ പദ്ധതികളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും സ്റ്റേറ്റ് ഫണ്ടിൽ നിന്നും ശമ്പളം ലഭിക്കാനുള്ള നടപടി സ്വീകരിക്കണം.
കഴിഞ്ഞ 9 വർഷക്കാലം ഏറ്റവുമധികം തസ്തികകൾ വെട്ടി നിരത്തപ്പെട്ടത് ഇറിഗേഷൻ വകുപ്പിലാണ്.

ടൈപ്പിസ്റ്റ്, ഫെയർ കോപ്പി സൂപ്രണ്ട്, ഓഫീസ് അറ്റൻഡൻ്റ് തുടങ്ങി നിരവധി തസ്തികകൾ നിർത്തലാക്കാനുള്ള പ്രൊപ്പോസലുകൾ ഭരണപരിഷ്കാര കമ്മീഷൻ തയ്യാറാക്കിക്കൊണ്ടിരിക്കുന്നതായാണ് പുറത്തുവരുന്ന വിവരം.

സംസ്ഥാനത്തിന്റെ സുസ്ഥിരവികസനത്തിന് ഏറ്റവും വലിയ പങ്കുവഹിക്കുന്ന ഒരു വകുപ്പിനെ ഗളഛേദം ചെയ്യുന്ന സർക്കാർ നടപടി അപലപനീയമാണ്. പി എസ് സി എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കി കരാർ നിയമനങ്ങൾ നടത്താനുള്ള വഴിയാണ് ഇതിലൂടെ തുറക്കുന്നത്.

ഇറിഗേഷൻ വകുപ്പ് സ്വകാര്യമേഖലയ്ക്ക് കൈമാറാനും കോർപ്പറേറ്റുകൾ ചരട് വലിക്കുന്നുണ്ട്.

വകുപ്പിനെ തകർക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോയാൽ സംസ്ഥാന വ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കും എന്നും അദ്ദേഹം അറിയിച്ചു.

ആർ എസ് പ്രശാന്ത് കുമാർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി ബി പ്രദീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി. വി.എസ് .രാകേഷ്, മോബിഷ് .പി .തോമസ്, ബി.അനിൽകുമാർ, യു .എസ് .സണ്ണി, കല്ലമ്പലം സനൂസി, അരുൺ ജി ദാസ് എസ്. പി . അഖിൽ, എസ് .ശരത്, അനിൽകുമാർ, ഷൈൻ കുമാർ, ശിബി, രാജു മണ്ണാർകുന്നിൽ, രമേശ്,സുധീഷ് കുമാർ .ടി ,ഹസീന എന്നിവർ സംസാരിച്ചു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response