മത സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും തുരുത്തായ കേരളത്തെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന നാടാക്കി മാറ്റാനുള്ള ഗൂഢശക്തികളുടെ നീക്കത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്ന കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന വിധത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താനുള്ള പരിശ്രമമാണ് ചില ശക്തികള്‍ നടത്തുന്നത്. മഹത്തായ പാരമ്പര്യമുള്ള തൃശൂര്‍ പൂരത്തെ വിവാദത്തില്‍പ്പെടുത്തിയതിനെതിരെയും മുനമ്പം ഭൂമി പ്രശ്‌നത്തില്‍ വൈകാരികത ചൂഷണം ചെയ്ത് സമൂഹത്തെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കാനുള്ള ഹീനശ്രമങ്ങള്‍ക്കെതിരെയും കേരളത്തിന്റെ പൊതുബോധം ഉണരേണ്ടതുണ്ട്. ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ മതാടിസ്ഥാനത്തില്‍ നവമാധ്യമക്കൂട്ടായ്മകള്‍ രൂപീകരിച്ച് ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നത് ഗൗരവത്തോടെ കാണണം.
രാഷ്ട്രീയ ലാഭം കൊയ്യാന്‍ കാത്തിരിക്കുന്നവരുടെ ദല്ലാളന്മാരായി മാറാന്‍ ശ്രമിക്കുന്ന ഇത്തരക്കാരെ ശക്തമായി നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വ്യത്യസ്ത ജാതിയിലും മതത്തിലും വിശ്വസിക്കുകയും പരസ്പര സൗഹ്യദം പുലര്‍ത്തുകയും ചെയ്യുന്ന സാഹോദര്യ സമൂഹമാണ് കേരളത്തിലേത്. ബഹുസ്വരമായ പരസ്പര വിശ്വാസത്തിലടിസ്ഥാനമായ കേരളത്തിന്റെ പരിഷ്‌കൃത സമൂഹത്തില്‍ വിഷം കുത്തി നിറയ്ക്കുന്നതിന് പിന്നിലുള്ള ഗൂഢാലോചനകള്‍ പുറത്തു കൊണ്ട് വരണം. ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യന് എന്നരുള്‍ ചെയ്ത ശ്രീനാരായണ ഗുരുദേവന്റെയും ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന പ്രഖ്യാപനം നടത്തിയ സഹോദരന്‍ അയ്യപ്പന്റെയും മണ്ണാണിത്. മഹത്തായ പാരമ്പര്യമുള്ള മലയാള മണ്ണിനെ മതാന്ധതയുടെ നാടായി മാറ്റാനുള്ള എല്ലാ ശ്രമങ്ങളെയും മനുഷ്യ പക്ഷത്തുനിന്ന് ഒറ്റകെട്ടായി പ്രതിരോധിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മറ്റി പൊതു സമൂഹത്തോട് ആവശ്യപ്പെട്ടു.
Discover more from News12 india malayalam
Subscribe to get the latest posts sent to your email.




