6 June 2026
ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു

മുംബൈ:ടാറ്റ സൺസിന്റെ എമിരറ്റസ് ചെയര്‍മാൻ രത്തൻ ടാറ്റ (86) വിടവാങ്ങി. രണ്ട് ദിവസം മുമ്പും രത്തന്‍ ടാറ്റ ആശുപത്രിയിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പതിവ് ചെക്കപ്പുകള്‍ക്കാണ് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സ തേടിയതെന്ന് തിങ്കളാഴ്ച രത്തന്‍ ടാറ്റ എക്‌സില്‍ കുറിപ്പുമായി രംഗത്ത് വന്നു.മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ബുധൻ രാത്രിയാണ്‌ അന്ത്യം.

നവൽ എച്ച്.ടാറ്റയുടെയും സൂനുവിന്റെയും മകനായി 1937 ഡിസംബർ 28നു ജനിച്ച രത്തൻ ടാറ്റ അവിവാഹിതനാണ്. യുഎസിൽ ആർക്കിടെക്ടായിരുന്ന അദ്ദേഹം വീട്ടുകാരുടെ നിർബന്ധത്തെത്തുടർന്ന് ഇന്ത്യയിലേക്കു മടങ്ങുകയായിരുന്നു. 1962ൽ ടാറ്റ സ്റ്റീലിൽ ട്രെയ്നിയായി ജോലിയിൽ പ്രവേശിച്ചു. 1981ൽ ടാറ്റ ഇൻഡസ്ട്രീസ് ചെയർമാനായി. ജെ.ആർ.ഡി.ടാറ്റയുടെ പിൻഗാമിയായി 1991ൽ ടാറ്റയുടെ തലപ്പത്തെത്തി. ടാറ്റയെ ലോകോത്തര ബ്രാൻഡാക്കി മാറ്റുന്നതിൽ വലിയ സംഭാവനകൾ നൽകിയ രത്തൻ പുതിയ സാങ്കേതിക മേഖലകളിലേക്കു ടാറ്റ കമ്പനികളെ നയിച്ചു.

6 ഭൂഖണ്ഡങ്ങളിലായി നൂറിലേറെ രാജ്യങ്ങളിൽ പടർന്നു കിടക്കുന്നതാണ് ടാറ്റയുടെ വ്യവസായ സാമ്രാജ്യം. ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചു ടാറ്റയെ മുന്നോട്ടു നയിച്ചു. ജീവകാരുണ്യത്തിനായി വരുമാനത്തിന്റെ വലിയൊരു ഭാഗം നീക്കിവച്ച രത്തൻ ടാറ്റ ഒട്ടേറെ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിൽ മുൻകയ്യെടുത്തു. 2000ൽ പത്മഭൂഷണും 2008ൽ പത്മവിഭൂഷണും ലഭിച്ചു. മിത്‍സുബിഷി കോർപറേഷൻ, ജെപി മോർഗൻ ചേസ് തുടങ്ങിയവയുടെ ഉപദേശക സമിതികളിൽ അംഗമായിരുന്നു. 2012 ഡിസംബറിലാണ് ടാറ്റ സൺസ് ചെയർമാൻ പദവിയൊഴിഞ്ഞത്. തുടർന്നു സ്ഥാനമേറ്റ സൈറസ് മിസ്ത്രി അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നു 2016 ൽ പുറത്തായതോടെ ഇടക്കാല ചെയർമാനായി തിരിച്ചെത്തി. 2017 ജനുവരിയിൽ എൻ.ചന്ദ്രശേഖരനു പദവി കൈമാറിയ അദ്ദേഹം ഇമെരിറ്റസ് ചെയർമാനായി.

ടെലി കമ്യൂണിക്കേഷൻ കമ്പനിയായ ടാറ്റ ടെലി സര്‍വീസസ് 1996ൽ സ്ഥാപിച്ചത് അദ്ദേഹമാണ്. ബ്രിട്ടീഷ് കാര്‍ ബ്രാൻഡുകളായ ജാ​ഗ്വര്‍, ലാൻഡ് റോവര്‍ എന്നിവ 2004ൽ ഏറ്റെടുത്തു. ഏറ്റവും വിലകുറഞ്ഞ കാര്‍ പുറത്തിറക്കുമെന്ന വാ​ഗ്ദാനവുമായി 2009ൽ ലോകത്തെ അമ്പരിപ്പിച്ചുകൊണ്ട് ഒരു ലക്ഷം രൂപയുടെ ടാറ്റ നാനോ കാര്‍ പുറത്തിറക്കി.

കോർണൽ സർവകലാശാലയിൽനിന്ന് ആർക്കിടെക്‌ചറൽ എൻജിനിയറിങ് ബിരുദം. ഹാവാര്‍ഡിൽനിന്ന് മാനേജ്മെന്റ് പഠനവും പൂര്‍ത്തിയാക്കി.  സമൂഹമാധ്യമങ്ങളിലും സജീവമായിരുന്ന അദ്ദേഹത്തിനെ 13 മില്യൺ പേർ എക്സിലും പത്തുമില്ല്യൺ പേര്‍ ഇൻസ്റ്റ​ഗ്രാമിലും ഫോളോ ചെയ്യുന്നുണ്ട്. അവിവാഹിതനാണ്.കോർപറേറ്റ് വളർച്ചയെ രാഷ്ട്രനിർമാണവുമായി കോർത്തിണക്കിയ വ്യക്തിയായിരുന്നു രത്തൻ ടാറ്റയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചന സന്ദേശത്തിൽ കുറിച്ചു. രത്തൻ ടാറ്റ ദീർഘവീക്ഷണമുള്ള വ്യക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു. രത്തൻ ടാറ്റ മികച്ച കാഴ്ചപ്പാടുള്ള വ്യക്തിയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സന്ദേശത്തിൽ പറഞ്ഞു.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *