12 June 2026
മടങ്ങിയെത്തുന്ന വൈറസുകളും കേരളത്തിന്റെ പൊതുജനാരോഗ്യ ജാഗ്രതയും.ഡോ ബി ഇക്ബാൽ

കേരളത്തിൽ വീണ്ടും നിപ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിൽ, രോഗവ്യാപനത്തിന്റെ ചരിത്രവും മറ്റ് പകർച്ചവ്യാധികൾ ഉയർത്തുന്ന വെല്ലുവിളികളും ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. സംസ്ഥാനത്ത് ഇതുവരെ അഞ്ച് പ്രധാന തരംഗങ്ങളിലായി 35 നിപ കേസുകളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 26 പേർ മരണമടയുകയും ചെയ്തു. രോഗം പൂർണ്ണമായും ഭേദമായ 2019-ലെ എറണാകുളത്തെ ഒരു കേസ് ഒഴിച്ചുനിർത്തിയാൽ, ബാക്കിയെല്ലാ കേസുകളും കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

നിപ വൈറസിന്റെ സ്വാഭാവിക ഉറവിടം പഴംതീനി വവ്വാലുകളാണെന്ന് (Pteropus bats) ശാസ്ത്രീയമായി കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഇവയിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് എത്തുന്നത് ഏതെങ്കിലും ഇടജീവിയിലൂടെയാണോ അതോ വവ്വാലുകൾ കടിച്ചിട്ട പഴങ്ങളിലൂടെയും അവയുടെ വിസർജ്യങ്ങളിലൂടെയുമാണോ എന്ന് ഇപ്പോഴും കൃത്യമായി നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ല. നിപയ്ക്കെതിരെ ഫലപ്രദമായ വാക്സിനുകളോ സവിശേഷമായ ആന്റിവൈറൽ ചികിത്സയോ നിലവിലില്ലാത്തതിനാൽ, പ്രാരംഭഘട്ടത്തിൽ തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തി പ്രതിരോധിക്കുക മാത്രമാണ് ഏക പോംവഴി.

ഇതേ പ്രതിസന്ധി കോവിഡ്-19-ന്റെ കാര്യത്തിലും നാം കണ്ടതാണ്. കോവിഡിന്റെയും പ്രഭവകേന്ദ്രം വവ്വാലുകളാണെന്ന് മനസ്സിലാക്കാൻ സാധിച്ചെങ്കിലും, ചൈനയിലെ വന്യമൃഗ മാർക്കറ്റിലെ ഈനാംപേച്ചികളിലൂടെയാണ് (Pangolin) ഇത് മനുഷ്യരിലെത്തിയതെന്ന പ്രാരംഭ നിഗമനം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ കോവിഡിനെതിരെ അതവേഗത്തിൽ വാക്സിനുകൾ വികസിപ്പിച്ചെടുക്കാൻ ശാസ്ത്രലോകത്തിന് കഴിഞ്ഞു. ഈ വാക്സിനുകൾ രോഗബാധയെ പൂർണ്ണമായി തടയുന്നില്ലെങ്കിലും, രോഗം ഗുരുതരമാകുന്നതും മരണം സംഭവിക്കുന്നതും വലിയൊരു പരിധി വരെ ഒഴിവാക്കാൻ സഹായിക്കുന്നുണ്ട്. കോവിഡിന്റെ എല്ലാ വകഭേദങ്ങൾക്കുമെതിരെ ഒരേപോലെ പ്രവർത്തിക്കുന്ന വാക്സിൻ കണ്ടെത്താനുള്ള ഗവേഷണങ്ങൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ്.

കോവിഡ്-19 വളരെ പെട്ടെന്ന് ഒരു ആഗോള മഹാമാരിയായി (Pandemic) മാറിയതിന് പിന്നിൽ അതിന്റെ ഉയർന്ന വ്യാപനശേഷിയും, രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് തന്നെ രോഗിയിൽ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പകരാനുള്ള കഴിവുമാണ് പ്രധാന കാരണം. എബോളയും നിപയും പോലുള്ള അണുബാധകളിൽ രോഗിയുടെ അവസ്ഥ വളരെ വേഗം മോശമാകുന്നതുകൊണ്ട്, കൃത്യമായ നിരീക്ഷണവും ഐസൊലേഷനും വഴി വൈറസ് സമൂഹത്തിലേക്ക് പടരുന്നത് കുറഞ്ഞ സമയത്തിനുള്ളിൽ നിയന്ത്രിക്കുവാൻ ആരോഗ്യ സംവിധാനങ്ങൾക്ക് സാധിക്കുന്നു.

പൊതുജനാരോഗ്യ രംഗത്തെ മറ്റൊരു യാഥാർത്ഥ്യം, മനുഷ്യശരീരത്തിൽ മാത്രം നിലനിൽക്കുന്ന വൈറസുകളെ മാത്രമേ വാക്സിനേഷൻ വഴി ലോകത്തുനിന്ന് പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യാൻ സാധിക്കൂ എന്നതാണ്. ഈ വിഭാഗത്തിൽ പെട്ട വസൂരി 1980-ൽ ലോകവ്യാപകമായ വാക്സിനേഷനിലൂടെ തുടച്ചുനീക്കാൻ കഴിഞ്ഞു. എന്നാൽ ഇതേ ഗണത്തിലുള്ള പോളിയോ വൈറസ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിലെ ചില അതിർത്തി പ്രദേശങ്ങളിൽ ഇപ്പോഴും പൂർണ്ണമായി മാറാതെ നിലനിൽക്കുന്നുണ്ട്. പ്രകൃതിയിൽ നിലനിലനിൽക്കുന്നതും നിർമ്മാർജ്ജനം ചെയ്യാൻ കഴിയാത്തതുമായ മറ്റ് വൈറസുകൾ സമൂഹത്തിൽ എക്കാലവും നിലനിൽക്കും; അവയെ വാക്സിനേഷനിലൂടെയും കൃത്യമായ പൊതുജനാരോഗ്യ ഇടപെടലുകളിലൂടെയും നിയന്ത്രിച്ചു നിർത്തുക മാത്രമാണ് പ്രായോഗിക മാർഗ്ഗം.

ഫലപ്രദമായ വാക്സിനുകളും ആന്റിവൈറൽ മരുന്നുകളും ലഭ്യമായിട്ടും, ഒന്നാം ലോകമഹായുദ്ധകാലത്ത് പത്ത് കോടിയോളം മനുഷ്യരുടെ ജീവനെടുത്ത ഇൻഫ്ലുവൻസ (ഫ്ലൂ) വൈറസ് ഇന്നും കേരളത്തിൽ സജീവമാണ്. കഴിഞ്ഞ 2025-ൽ മാത്രം സംസ്ഥാനത്ത് 7,193 ലബോറട്ടറി സ്ഥിരീകരിച്ച ഫ്ലൂ കേസുകളും 43 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മനുഷ്യരിൽ കാണുന്ന എച്ച്1എൻ1 (H1N1) ഫ്ലൂ വൈറസും, കേരളത്തിലെ കോഴി, താറാവ് എന്നിവയിൽ കാണുന്ന എച്ച്5എൻ1 (H5N1) ഏവിയൻ ഫ്ലൂ വൈറസും തമ്മിൽ ജനിതക കൈമാറ്റം (Antigenic Shift) നടക്കാനുള്ള വലിയൊരു സാധ്യത ഇവിടെയുണ്ട്. അങ്ങനെ സംഭവിച്ചാൽ വൻവ്യാപനശേഷിയുള്ള രോഗാണു ആവിർഭവിക്കാനും പുതിയ മഹാമാരിക്കും കാരണമായേക്കാം. അതിനാൽ ആരോഗ്യവകുപ്പ്, വെറ്റിനറി, ആനിമൽ ഹസ്ബൻഡറി വകുപ്പുകൾ സംയുക്തമായി ‘വൺ ഹെൽത്ത്’ (One Health) കർമ്മപരിപാടി ആവിഷ്കരിച്ച് ഈ വിഷയം പരിശോധിച്ച് പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

ഡെങ്കിപ്പനി, സിക്ക തുടങ്ങിയ മാരക രോഗങ്ങൾ പടർത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത കുറയ്ക്കാൻ നമുക്ക് ഇതുവരെ പൂർണ്ണമായി സാധിച്ചിട്ടില്ല. വിദേശരാജ്യങ്ങളുമായി വലിയ തോതിൽ സമ്പർക്കമുള്ള കേരളത്തിലേക്ക്, ഇതേ കൊതുകുകൾ വഴി പടരുന്നതും ഉയർന്ന മരണനിരക്കുള്ളതുമായ മഞ്ഞപ്പനി (Yellow Fever) പോലുള്ള രോഗങ്ങൾ എത്തിപ്പെടാനുള്ള സാധ്യതയും ഏറെയാണ്. മാറുന്ന ആഗോള സാഹചര്യങ്ങളിൽ ഇത്തരം വെല്ലുവിളികളെ മുൻകൂട്ടി കണ്ട് പ്രതിരോധിക്കാൻ ശാസ്ത്രീയമായ ജാഗ്രതയും ശക്തമായ പൊതുജനാരോഗ്യ ഇടപെടലുകളും അടിയന്തിരമായി സ്വീകരിക്കേണ്ടതുണ്ട്.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.