കടയിൽ അതിക്രമിച്ച് കയറി കടയുടമയെയും മാതാപിതാക്കളെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു. തൃക്കരുവ പ്രാക്കുളം സ്വദേശിയായ ആലുനിന്നവിളയിൽ വിശാഖ് @ കൊച്ചുണ്ണി (35) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കരുവ കാഞ്ഞാവെളി സ്വദേശി നാരായണനെയാണ് ഇയാൾ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ജൂൺ 9-ന് രാത്രി 10.45 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാഞ്ഞാവെളിയിൽ നാരായണൻ നടത്തി വരുന്ന സ്റ്റേഷനറി കടയിൽ നിന്നും പ്രതി മുൻപ് കടമായി വാങ്ങിയ സാധനങ്ങളുടെ പണം തിരികെ ആവശ്യപ്പെട്ടതിലുള്ള വിരോധത്തെ തുടർന്നാണ് ആക്രമണം നടത്തിയത്. ആയുധങ്ങളുമായി കടയിൽ അതിക്രമിച്ച് കയറിയ പ്രതി കടയുടമയെ അസഭ്യം പറയുകയും തള്ളിയിട്ട് ആക്രമിക്കുകയും ചെയ്തു. തുടർന്ന് കൈവശമുണ്ടായിരുന്ന പാറക്കല്ല് ഉപയോഗിച്ച് മുഖത്തും മൂക്കിലും അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പ്രതിയെ തടയാൻ എത്തിയ കടയുടമയുടെ അമ്മയെ മർദിക്കുകയും ചവിട്ടി താഴെയിടുകയും കടയുടമയുടെ പിതാവിനെ വിറക് കഷണം ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. അറസ്റ്റിലായ വിശാഖ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മോഷണം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, പോക്‌സോ കേസ്, ആയുധ നിയമപ്രകാരമുള്ള കേസുകൾ തുടങ്ങി ഒൻപതിലധികം കേസുകളിൽ ഇയാൾ പ്രതിയാണ്. 2025-ൽ ഇയാൾക്കെതിരെ കാപ്പാ നിയമപ്രകാരം നടപടി സ്വീകരിച്ചിരുന്നു. നിലവിൽ കാപ്പാ നിയമപ്രകാരമുള്ള തുടർനടപടികൾക്കായി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ തുടർ അന്വേഷണം പുരോഗമിക്കുകയാണ്. അഞ്ചാലുംമൂട് പോലീസ് ഇൻസ്‌പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അർജുൻ, പ്രദീപ്കുമാർ, ജി.എ.എസ്.ഐ ഡെൽഫിൻ, സി.പി.ഓ മാരായ ഷെഫീക്ക്, അംഷാദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.
Discover more from News12 india malayalam
Subscribe to get the latest posts sent to your email.




