മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾക്കെതിരെ പെൻഷനേഴ്സ് കൗൺസിൽ പ്രക്ഷോഭത്തിലേക്ക്
തിരുവനന്തപുരം:സംസ്ഥാന ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട അപാകതകൾക്കെതിരെ സംസ്ഥാന തലത്തിൽ പ്രക്ഷോഭ സമരങ്ങൾക്ക് തുടക്കം കുറിക്കാൻ സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. പദ്ധതിയുടെ രണ്ടാം ഘട്ട നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ ഉറപ്പുകൾ ഒന്നും പാലിക്കുന്നില്ലെന്ന് മാത്രമല്ല അധികം പ്രീമിയം പെൻഷൻകാരിൽ നിന്ന് ഈടാക്കുകയും ചെയ്യുന്നു. ജീവനക്കാരുടെയും പെൻഷൻകാരുടെയും ഈ ജീവൻ രക്ഷാ പദ്ധതിയുടെ മറവിൽ ഇൻഷ്വറൻസ് കമ്പനി നടത്തുന്ന തട്ടിപ്പ് അടിയന്തിരമായി അവസാനിപ്പിക്കണം. ജില്ലാ താലൂക്ക് തലങ്ങളിൽ പരാതി പരിഹാര സമിതികൾക്ക് അടിയന്തിരമായി രൂപം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിൻ്റെ വിശദാംശങ്ങൾ മേയ് 7 ന് ചേരുന്ന സംസ്ഥാന സമിതിയോഗം രൂപം നൽകുo. പ്രസിഡൻ്റ് സുകേശൻ ചൂലിക്കാടിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി എൻ. ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എ.നിസാറുദീൻ, എം.എ ഫ്രാൻസിസ്, ആർ. ശരത് ചന്ദ്രൻ നായർ, ആർ. ബാലൻ ഉണ്ണിത്താൻ, യൂസഫ് കോറോത്ത്, എ ജി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.





