5 June 2026

കൊല്ലം :പുതുവത്സരാഘോഷങ്ങൾ സുരക്ഷിതമാക്കാൻ കൊല്ലം സിറ്റി പോലീസ് പരിധിയിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ശ്രീമതി കിരൺ നാരായണൻ ഐ.പി.എസ് അറിയിച്ചു. ഇതിന്റെ ഭാഗമായി എക്‌സൈസ്, മോട്ടോർവെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് എന്നീ ഡിപ്പാർട്ടുമെന്റുകളുമായി സഹകരിച്ച് ലഹരി ഉപയോഗം, ലഹരി വ്യാപാരം, അമിതവേഗം മുതലായ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി പരിശോധനകൾ ശക്തമാക്കി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റോപ്പുകളിലും പോലീസിന്റെ പ്രത്യേക പരിശോധനകൾ നടത്തുന്നതാണ്.
റോഡുകളിൽ അമിത വേഗമുണ്ടാകുന്ന സാഹചര്യം കണക്കിലെടുത്ത് പ്രധാന റോഡുകളിലും ഇടറോഡുകളിലുമായി അറുപതോളം സ്ഥലങ്ങളിൾ ബാരിക്കേഡ് സ്ഥാപിച്ച് പോലീസും എക്‌സൈസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി വാഹന പരിശോധന നടത്തുന്നതുമായിരിക്കും. നിയമ ലംഘനത്തിന് പിടിച്ചെടുക്കുന്ന വാഹനങ്ങൾ കോടതിയിൽ ഹാജരാക്കുകയും മോട്ടോർവെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെ വാഹനം ഓടിച്ചയാളുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതുമാണ്.
പുതുവത്സരാഘോഷങ്ങളുടെ മറവിൽ അനഃധികൃതമായി ഉപയോഗിക്കുന്ന മൈക്ക്‌സെറ്റ് മുതലായ വസ്തുവകകൾ പിടിച്ചെടുത്ത് മൈക്ക് ഓപ്പറേറ്റർ അടക്കമുളളവർക്കെതിരെയും, ബീച്ചുകൾ, വിനോദകേന്ദ്രങ്ങൾ മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിയമം ലംഘിക്കുന്നവർക്കെതിരെയും കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതുമാണ്.
കൊല്ലം ബീച്ചിലെയും വി പാർക്കിലെയും വാഹന ബാഹുല്യം കണക്കിലെടുത്ത് ബീച്ചിൽ എത്തുന്നവരുടെ വാഹനങ്ങൾ ഡി.സി.സി ഓഫീസിൽ നിന്നും മുണ്ടക്കലേക്ക് പോകുന്ന റോഡിന്റെ വശങ്ങളിലും വി പാർക്കിൽ എത്തുന്നവരുടെ വാഹനം ക്യു.എ.സി റോഡിന്റെ വശങ്ങളിലും കർബല-ശാരദാമഠം റോഡിന്റെ വശങ്ങളിലും ഗതാഗത തടസ്സം ഉണ്ടാക്കാത്ത വിധം പാർക്ക് ചെയ്യേണ്ടതാണ്.
സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വരുന്ന സ്ഥിരം കുറ്റവാളികൾക്കെതിരെ കരുതൽ തടങ്കൽ ഉൾപ്പെടെയുളള നടപടികൾ സ്വീകരിക്കുന്നതും ഇവരുടെ സാന്നിധ്യം ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ 50 പിക്കറ്റ് പോയിന്റുകളും സജീകരിച്ചിട്ടുണ്ട്.
പുതുവത്സര പ്രമാണിച്ച് പ്രത്യേക പട്രോളിംങ്ങിനായി 42 പോലീസ് ജീപ്പുകളും 35 ബൈക്കുകളും, വാഹനങ്ങൾ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞ് നിർത്തി പരിശോധിക്കുന്നതിനായി 65 വെഹിക്കിൾ ചെക്കിംഗ് പോയിന്റുകളും സജീകരിച്ചിട്ടുണ്ട്.
ആഘോഷങ്ങളുടെ മറവിൽ അക്രമങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനും, നഗരത്തിൽ ലഹരി ഉപയോഗവും വിൽപ്പനയും തടയുന്നതിന് ഡാൻസാഫിന്റെയും മഫ്തി പോലീസിന്റെയും നേതൃത്വത്തിൽ കർശന പരിശോധന നടത്തുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ 4 എ.സി.പി മാരുടെ നിയന്ത്രണത്തിൽ 16 പോലീസ് ഇൻസ്‌പെക്ടർന്മാരും 175 ഓളം എസ്.ഐ മാരും അടക്കം 700 ഓളം പോലീസ് ഉദ്യോഗസ്ഥരുടെയും എക്‌സൈസ്, മോട്ടോർവെഹിക്കിൾ, മറൈൻ എൻഫോഴ്‌സ്‌മെന്റ് എന്നീ വകുപ്പുകളുടെയും സേവനം സജ്ജമാക്കിയിട്ടുണ്ട.്
പൊതുജനങ്ങളുടെ സുരക്ഷിതമായ പുതുവത്സര ആഘോഷങ്ങൾക്കായി പോലീസ് ഏർപ്പെടുത്തുന്ന സുരക്ഷാ ക്രമീകരണങ്ങളോട് പൂർണ്ണമായി സഹകരിക്കണമെന്നും നിയമ ലംഘനങ്ങളെ സംബന്ധിച്ചുളള വിവരങ്ങൾ പോലീസിന്റെ 112, 04742742265 എന്നീ നമ്പരുകളിൽ അറിയിക്കാമെന്നും സിറ്റി പോലീസ് കമ്മീഷണർ ശ്രീമതി. കിരൺ നാരായണൻ ഐ.പി.എസ് അറിയിച്ചു.

 


Discover more from News12 india malayalam

Subscribe to get the latest posts sent to your email.