തിരുവനന്തപുരം:സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ആഫീസര്‍മാര്‍ കൂടിയായ ജില്ലാ കളക്ടര്‍മാര്‍ സെക്ടറല്‍ ആഫീസര്‍മാരെ നിയമിച്ച് ഉത്തരവായിട്ടുണ്ട്. ഓരോ സെക്ടറിലേയും ആഫീസര്‍മാരെ സഹായിക്കാന്‍ സെക്ടറല്‍ അസിസ്റ്റന്റുമാരെ ഇതുവരെ ജില്ലകളില്‍ നിയമിച്ച് ഉത്തരവായിട്ടില്ല. ത്രിതല സംവിധാനത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഓരോ ബൂത്തിലും മൂന്ന് മെഷീന്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും സങ്കീര്‍ണ്ണമായ സാഹചര്യത്തിലാണ് ഇതുവരെയും സെക്ടറല്‍ അസിസ്റ്റന്റുമാരെ നിയമിക്കാത്തതെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഓരോ സെക്ടറിലും പത്ത് മുതല്‍ പതിനഞ്ച് വരെ ബൂത്തുകളിലെ പ്രവര്‍ത്തനം, ഫോമുകളുടെ വിതരണം,അവിടുത്തെ അടിസ്ഥാന സൗകര്യം ഉറപ്പ് വരുത്തല്‍ കൂടാതെ ഏതെങ്കിലും ബൂത്തിലെ മെഷീന്‍ പ്രവര്‍ത്തന രഹിതമായാല്‍ പുതിയത് വച്ച് മോക്ക്‌പോള്‍ നടത്തി പോളിംഗ് പുനരാരംഭിക്കേണ്ടത് അങ്ങനെ തുടങ്ങി ഒരു സെക്ടറല്‍ ആഫീസര്‍ക്ക് മാത്രമായി ഇത്രയും ജോലികള്‍ നിര്‍വ്വഹിക്കാനാവില്ല.ഇത് സുഗമമായ പോളിംഗിനെ തടസ്സം സൃഷ്ടിക്കുകയും ബൂത്തുകളില്‍ സംഘര്‍ഷ സമാനമായ സാഹചര്യത്തിന് ഇടയാക്കുകയും ചെയ്യും. കൂടാതെ ഇത്രയും മെഷീനുകള്‍ കളക്ഷന്‍ സെന്റെറില്‍ നിന്ന് ഒറ്റയ്ക്ക് ഏറ്റുവാങ്ങി അതിന്റെ കസ്റ്റോഡിയനായും പ്രവര്‍ത്തിക്കേണ്ടതായും വരുന്നു. മുന്‍കാലങ്ങളില്‍ ചെയ്ത് വന്നിരുന്നത് പോലെ സംസ്ഥാനത്തെ എല്ലാ സെക്ടറുകളിലും നിയമിച്ചിട്ടുള്ള സെക്ടറല്‍ ആഫീസര്‍മാര്‍ക്ക് അടിയന്തിരമായി സെക്ടറല്‍ അസിസ്റ്റന്റുമാരെക്കൂടി നിയമിച്ച് സുഗമമായ പോളിംഗ് ഉറപ്പ് വരുത്തണമെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ്.സജീവും ജനറല്‍ സെക്രട്ടറി കെ.പി.ഗോപകുമാറും ആവശ്യപ്പെട്ടു.




