ഭരണാനൂകൂല സംഘടനകളുടെ വാക്ക് പോര്ജീവനക്കാരുടെ ഇടയിൽ ചർച്ചയാകുന്നു. സമൂഹമാധ്യമങ്ങളിൽ വന്ന ഒരു കുറിപ്പ്.

എൻ. ജി. ഒ യൂണിയൻ പ്രസിഡൻ്റ് എന്ന പേരിൽ ഒരു കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വായിക്കാനിടയായി. അതിന് അക്കമിട്ട് മറുപടി വേണമെന്നാണ് ആ സഖാവിൻ്റെ ആവശ്യം. ഒരു തൊഴിലാളി സംഘടനാ പ്രവർത്തകൻ എന്ന നിലയിൽ ഞാൻ സമരസമിതിയുടെ സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു നേതാവിനോട് ഇക്കാര്യത്തിൽ മറുപടി നല്കുന്നുണ്ടോ എന്ന് ചോദിച്ചു. അപ്പോൾ അദ്ദേഹം തന്നെ മറുപടിയാണ് ചുവടെ…….

അദ്ദേഹത്തിൻ്റെ വാക്കുകൾ പകർത്തിയത്.

എൻ.ജി.ഒ യൂണിയൻ്റെ സാധാരണ പ്രവർത്തകൻ പോലും ഇത്രയും വിഡ്ഢിത്തം വിളമ്പുന്ന ഒരു കുറിപ്പ് തയ്യാറാക്കുമെന്ന് തോന്നുന്നില്ല. ഡിസംബർ 10, 11 തീയതികളിൽ സെക്രട്ടറി യേറ്റിന് മുന്നിൽ ആയിരങ്ങൾ പങ്കെടുത്ത് ഐതിഹാസികമാക്കിയ 36 മണിക്കൂർ സത്യഗ്രഹത്തിന് ഒടുവിലാണ് ജനുവരി 22 ലെ പണിമുടക്കം പ്രഖ്യാപിച്ചത്. അതിന് മുമ്പ് 2022 ഒക്ടോബർ 26 ന് സെക്രട്ടറിയേറ്റ് നടയിൽ നടത്തിയ മഹാറാലി മറന്നു കാണില്ലല്ലോ. 25000 പേരെ പങ്കെടുപ്പിക്കുമെന്ന് ഞങ്ങൾ പ്രഖ്യാപിച്ച് മുന്നോട്ട് പോയപ്പോൾ വന്നതോ 42000 ൽ പരം പേർ. ഇത് സെക്രട്ടറിയേറ്റിന് മുന്നിൽ ഇത്രയും വലിയ ഒരു പ്രക്ഷോഭം സമരം നടന്നിട്ടും കണ്ടില്ല എന്ന് നടിച്ചവരുടെ ജനാധിപത്യബോധം എത്രയായിരിക്കും . 2023 നവംബർ ഒന്നു മുതൽ ഡിസംബർ 7 വരെ കാസർഗോഡു നിന്നും തിരുവനന്തപുരം വരെ കാൽ നടയായി നടന്ന ജീവനക്കാരുടെ എണ്ണം എത്രയാണെന്ന് പൊതുസമൂഹം കണ്ടതാണല്ലോ.22000 പേരാണ് ഇതേ മുദ്രാവാക്യം ഉയർത്തി 525 കിലോമീറ്റർ ദൂരം കാൽ നടയായി താണ്ടിയത്. ഈ സമരങ്ങളിലെല്ലാം ഉന്നയിച്ച മുദ്രാവാക്യങ്ങളാണ് ഈ പണി മുടക്കിനും ഉന്നയിക്കാനുള്ളത്. ഇത്രയധികം സമരങ്ങൾ നടന്നിട്ടും സർക്കാർ എന്തിനാണ് മുഖം തിരിച്ചു നിന്നത്. ഞങ്ങൾ അന്നെല്ലാം പ്രതീക്ഷിച്ചു, നിങ്ങളും പഴയ കാല നിലപാടിലേക്ക് ഉയരുമെന്ന്.. അന്നും നിങ്ങൾ PFRDA എന്ന് പാടി നടന്നു…

ഞങ്ങൾക്ക് ആരുടെയും മുന്നിൽ ഓച്ഛാനിച്ച് നില്ക്കാൻ അറിയില്ല.. ജനാധിപത്യപരമായ സമരമാർഗ്ഗങ്ങളിലൂടെ നിരവധി തവണ സർക്കാരിന് മുന്നിൽ വിഷയങ്ങൾ അവതരിപ്പിച്ചു. പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടു..

പണി മുടക്കത്തിൻ്റെ സാഹചര്യത്തെ കുറിച്ചാണ് അദ്ദേഹം പിന്നീട് വാചാലനാകുന്നത്. ഒന്നും രണ്ടുമല്ല സുഹൃത്തേ ഏറ്റവും താഴെ തട്ടിലെ ജീവനക്കാരനു പോലും ഒന്നരലക്ഷത്തിലധികം രൂപ നല്കാനുള്ളപ്പോൾ 1500 രൂപ തന്നില്ലേ എന്ന് മുഖത്ത് നോക്കി കൊഞണം കാണിക്കുമ്പോൾ നിങ്ങളെപ്പോലെ കയ്യടിക്കാൻ മനസില്ലാത്തതുകൊണ്ട് പണിമുടക്കുന്നു. ക്ഷേമ പെൻഷൻ തട്ടിയെടുത്തവരെന്ന് സർക്കാർ ജീവനക്കാരെ പൊതു സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച് നാണം കൊടുത്തിയത് ഓർക്കുമ്പോൾ ഒരു ദിവസമെങ്കിലും പണി മുടക്കിയില്ലെങ്കിൽ പിന്നെ നമ്മൾ ആരാകും..
ആരാണ് യഥാർത്ഥ പ്രതി എന്ന് തിരിച്ചറിയാതെ ഏതോ ഒരു സ്ഥാപനം കൊടുത്ത പട്ടിക ഒന്നു പരിശോധിക്കുക കൂടെ ചെയ്യാതെ എന്നാൽ ഇരിക്കട്ടെ ഒരു താങ്ങ് സർക്കാർ ജീവനക്കാരന് എന്നു കരുതിയവർക്ക് എതിരെ സമരം ചെയ്യാതിരിക്കണമോ……
എല്ലാ ഓണകാലത്തും സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് നല്കാൻ കടം എടക്കുന്നു എന്ന പല്ലവി കേൾക്കുന്നില്ലേ..
പദ്ധതി വിഹിതം വെട്ടി കുറച്ചത് ജീവനക്കാർക്ക് ശമ്പളം നല്കാനാണെന്ന് പറഞ്ഞത് കേട്ടില്ലേ..
മുമ്പ് യു.ഡി.എഫ് നേതാക്കളുടെ പ്രഖ്യാപനങ്ങളായിരുന്നത് എങ്ങനെയാണ് ഇടതുപക്ഷത്തിൻ്റെ തൊഴിലാളി സഖാക്കൾക്ക് പറയാനാകുക. വേതനത്തിനും പെൻഷനുമായി ചെലവഴിക്കുന്നത് 38 ശതമാനമാകുമ്പോൾ പണം മുഴുവൻ ശമ്പളത്തിനും പെൻഷനും ചെലവഴിക്കുന്നു എന്നു പറയുമ്പോൾ നിങ്ങൾക്ക് കൈയ്യടിക്കാം. അത്രയും തൊലിക്കട്ടി ഞങ്ങൾക്കില്ല ….

പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചിട്ട് അത് ഈട് വച്ച് വായ്പ എടുത്തവർക്ക് എതിരെ മിണ്ടാതിരിക്കണോ..

ഇടതു പക്ഷമാണെന്ന് പറഞ്ഞാൽ പോര ഇടതുപക്ഷമാകണം.

പട്ടിണി പാവങ്ങളായ ഒ എ ക്ക് പോലും ഡി. എ യും കുടിശികയും നല്കാൻ ബുദ്ധിമുട്ട് എന്ന് വിലപിച്ചിട്ട് ഐ. എ. എസ് ഏമാന്മാർക്ക് വാരിക്കോരി കൊടുക്കുന്നത് കണ്ട് മിണ്ടാതിരിക്കണമോ..
ആത്മാഭിമാനമുള്ളവർ പ്രതികരിക്കും.
അധികാര രാഷ്ട്രീയമല്ല , വർഗ്ഗ രാഷ്ട്രീയമാണ് പുലർത്തേണ്ടത് എന്ന് കരുതുന്നവർ പണി മുടക്കും. അതിന് ഇനിയും മുഹൂർത്തം നോക്കിയിരുന്നാൽ വലതന്മാർ കയറി ഞരങ്ങും.
അപ്പോൾ ഇരുന്ന് വലിയ വായിൽ വിലപിക്കാതിരിക്കാൻ ഇനിയും ഞങ്ങൾ പണി മുടക്കും.

ഞങ്ങൾ തനിച്ച് തന്നെയാണ് ഡിസംബർ 11 ന് സെക്രട്ടറിയേറ്റ് നടയിൽ സമരം പ്രഖ്യാപിച്ചത്. കേരളത്തിലെ സർക്കാർ ജീവനക്കാരോടും അദ്ധ്യാപകരോടും സംഘടനാ ഭേദമന്യേ പണി മുടക്കിൽ അണി ചേരാനാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. പണിമുടക്കിൽ ഞങ്ങളാരെയും കൂട്ടു വിളിച്ചിട്ടില്ല .
ഒരു കൂട്ടർ പണി മുടക്ക് പ്രഖ്യാപിച്ചു.
മറ്റൊരു കേന്ദ്ര കൂട്ടർ പണിമുടക്ക് പ്രഖ്യാപിക്കാതെ നിങ്ങളോടൊപ്പം മാറി നില്ക്കുന്നുണ്ട്.
20 ന് എതോ ധർണ്ണ നടത്തുമെന്ന് പറഞ്ഞ് ഒളിച്ചിരിക്കുന്നു.
ആരാണ് ജീവനക്കാരോടൊപ്പം എന്ന് ചരിത്രം പരിശോധിച്ചാൽ ബോധ്യമാകും.

യു. ഡി. എഫ് സർക്കാരുകളുടെയും കേന്ദ്ര സർക്കാരുകളുടെയും തൊഴിലാളിവിരുദ്ധ നയങ്ങൾ ഞങ്ങൾ അക്കമിട്ട് നിരത്തിയ മൂന്ന് നോട്ടീസുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. അക്ഷരം കൂട്ടി വായിക്കണം.
കേന്ദ്രത്തിനെതിരെ ഒന്നും പറയാത്ത സമരം എന്നാണ് മറ്റൊരു വിലാപം. ഞങ്ങളുടെ ലഘുലേഖകൾ, നോട്ടീസുകൾ, മുദ്രാവാക്യങ്ങൾ ശ്രദ്ധയോടെ വായിക്കണം. ഞങ്ങളുടെ ഓഫീസ് വിശദീകരണം കേൾക്കണം. ഒഴിഞ്ഞു കിടക്കുന്ന എല്ലാ തസ്തികകളിലും നിയമനം നടത്തുന്ന രാജ്യത്തെ ഏക സർക്കാരാണെന്ന് ഞങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നത് നിങ്ങൾ കേൾക്കുന്നില്ലേ. പക്ഷേ കേന്ദ്രത്തിൻ്റെ പിണിയാളുകളായ ഐ. എ. എസുകാർ പറയുന്ന നിലയിലാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ ഞങ്ങൾ ഒരു ഒത്തു തീർപ്പിനുമില്ല . ഇത് ബംഗാളും തൃപുരയും ആകാൻ അനുവദിയ്ക്കില്ല.

ചരിത്രം സത്യസന്ധമായി പഠിക്കണം. 1968 ൽ വേതനം പരിഷ്ക്കരിച്ച ശേഷം അഞ്ചു വർഷം കഴിഞ്ഞ് 1973 ൽ അച്യുതമേനോൻ സർക്കാരാണെന്നത് ചരിത്രമല്ലേ. ഇനി അഞ്ചു വർഷം കഴിഞ്ഞായിരിക്കും വേതന പരിഷ്ക്കരണം എന്ന് പറഞ്ഞത് അച്യുതമേനോനല്ലേ. ചില കള്ളങ്ങൾ ആവർത്തിച്ച് പറഞ്ഞാൽ സത്യമായി വരുന്ന കാലമൊക്കെ മാറി. ഇപ്പോൾ ജീവനക്കാർ യാഥാർത്ഥ്യം തിരിച്ചറിഞ്ഞു തുടങ്ങി.

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും പങ്കാളിത്തപെൻഷൻ്റെ അപകടം തിരിച്ചറിഞ്ഞ് ,പിൻവലിച്ച് കഴിഞ്ഞിട്ടും ഇപ്പോഴും PFRDA എന്ന് പുലമ്പി നടക്കുന്നവർ എന്താണ് PFRDA എന്നും ആ അതോറിറ്റി സർക്കാർ ജീവനക്കാരുടെ പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് മാത്രമാണോ എന്നും അതിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ട് എന്ന് അന്വേഷിക്കണം. രാജ്യത്തെ സംഘടിത / അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് മാത്രമല്ല ഏത് പൗരനു വേണമെങ്കിലും ഈ പദ്ധതിയിൽ ഫണ്ട് നിക്ഷേപിക്കാം. ഈ നിക്ഷേപത്തിൽ മാർക്കറ്റിൻ്റെ ഉയർച്ച താഴ്ചകൾക്ക് അനുസരിച്ച് ലഭ്യമാകുന്ന ലാഭ വിഹിതത്തിൻ്റെ പങ്ക് പെൻഷനായി നല്കുന്ന വിവിധ സ്കീമുകളെ നിയന്ത്രിക്കുന്ന കേന്ദ്രഗവൺമെൻ്റിൻ്റെ ഒരു അതോറിറ്റിയാണ് PFRDA . അതായത് ഒരു നിക്ഷേപ പദ്ധതി.
കേരളം PFRDA യുമായി കരാറൊപ്പിട്ടത് 2016 നു ശേഷമാണ്. അപ്പോൾ ആരാണ് കേരളത്തിൽ PFRDA യ്ക്ക് അംഗീകാരം നല്കിയത് എന്ന് വ്യക്തമാണ്. ഇത്രയും അപകടം നിറഞ്ഞതാണെങ്കിൽ സംസ്ഥാന സർക്കാർ ഈ അതോറിറ്റിക്ക് അംഗീകാരം നല്കിയപ്പോൾ ഇവർ എവിടെയായിരുന്നു.
PFRDA പിൻവലിക്കാതെ പങ്കാളിത്തപെൻഷൻ പിൻവലിയ്ക്കുവാൻ കഴിയില്ല എന്ന അവരുടെ പ്രചരണം അജ്ഞത കൊണ്ടാകാം എന്നാണ് ഞങ്ങൾ ആദ്യം കരുതിയത്. പക്ഷേ അറിവില്ലായ്മ കൊണ്ടല്ല , മറിച്ച് ജീവനക്കാരെ വ്യാജ പ്രചരണത്തിലൂടെ വഞ്ചിക്കുക എന്ന തന്ത്രമാണ് ഇവർ പയറ്റുന്നത് എന്ന സത്യം പിന്നീടാണ് ബോധ്യപ്പെട്ടത്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതിന് നിയമപരമായ ഒരു തടസ്സവും ഇല്ല എന്ന് പുന:പരിശോധന സമിതി റിപ്പോർട്ട് പുറത്തു വന്നപ്പോൾ ബോധ്യമായിട്ടുണ്ടാകും എന്നാണ് ഞങ്ങൾ കരുതിയിരുന്നത്. ജീവനക്കാരെ എത്ര കാലം ഇവർക്ക് വിഡ്ഢികളാക്കാൻ കഴിയും. PFRDA എന്ന് ഓരോ വരിയിലും പുലമ്പുന്നവർ ഇംഗ്ലീഷ് വായിച്ച് മനസിലാക്കാൻ അറിയാമെങ്കിൽ PFRDA എന്താണെന്ന് അവരുടെ സൈറ്റിൽ എഴുതിവച്ചിട്ടുണ്ട്. അതെടുത്ത് വായിച്ചു നോക്കാൻ ശ്രമിക്കണം. ഒരപേക്ഷയെയുള്ളൂ, നിങ്ങൾ ഇനിയും ജീവനക്കാരുടെ മുന്നിൽ വിഡ്ഢി വേഷം കെട്ടരുത്.

സർക്കാർ നല്കിയ ഉറപ്പുകളെ കുറിച്ചാണ് അദ്ദേഹം വാചാലനാകുന്നത്. ഉറപ്പുകൾക്ക് എത്ര കിലോ ഉറപ്പുണ്ടെന്ന് ജീവനക്കാരെല്ലാം കണ്ടതാണ്. പങ്കാളിത്ത പെൻഷൻ പുന:പരിശോധിക്കുമെന്ന് 2012 മുതലുള്ള ഉറപ്പുകൾ ജീവനക്കാരുടെ പോക്കറ്റിലുണ്ട്. ശമ്പള പരിഷ്ക്കരണ കുടിശ്ശിക ഗഡുക്കളായി നല്കുമെന്ന ഉറപ്പും ജീവനക്കാർക്ക് മറക്കാൻ കഴിയില്ലല്ലോ. അടുത്ത കാലത്ത് നിയമസഭയിൽ നല്കിയ ഉറപ്പും ജീവനക്കാർ ഓർക്കുന്നുണ്ടാകും. ഈ ഉറപ്പുകൾ പുഴുങ്ങി ഭക്ഷിച്ചാലൊന്നും വിശപ്പടങ്ങില്ല സഖാവെ…
ഇനി ഉറപ്പുകൾ വാങ്ങി മെഡലായി സൂക്ഷിയ്ക്കാൻ ജീവനക്കാർ തീരുമാനിച്ചിട്ടുമില്ല. ഉറപ്പുകളെല്ലാം കാലഹരണപ്പെട്ടത് അറിഞ്ഞിട്ടുമുണ്ടാകില്ല.. അതു കൊണ്ട് ആ ഉറപ്പുകൾ സ്വന്തം ഓഫീസിൻ്റെ മേശവലിപ്പിൽ വിശ്രമിക്കട്ടെ.. ഞങ്ങൾ അതെടുത്ത് ചവറ്റുകുട്ടയിലെറിഞ്ഞിട്ടാണ് സമരത്തിനിറങ്ങിയത്.

കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന സാമ്പത്തിക വിവേചനത്തെ കുറിച്ച് ഈ പണിമുടക്കത്തിലെ മുദ്രാവാക്യം കണ്ടില്ലെന്നുണ്ടോ. പക്ഷേ കേന്ദ്ര സർക്കാർ സൃഷ്ടിക്കുന്ന എല്ലാ സാമ്പത്തിക പ്രതിസന്ധിയും ജീവനക്കാരുടെ തലയിലിരിക്കട്ടെ… നമുക്ക് ഉത്സവമാമാങ്കങ്ങൾ നടത്താൻ പണമുണ്ട്. വിരമിച്ച പാർശ്വവർത്തികളായ ഉദ്യോഗസ്ഥർക്ക് ഉയർന്ന ശമ്പളത്തിൽ പുനർനിയമനം നല്കാൻ പണമുണ്ട്. വിരമിച്ച ചീഫ് സെക്രട്ടറിമാർക്ക് പുതിയ സംവിധാനങ്ങൾ ഒരുക്കി സംരക്ഷിക്കാൻ പണമുണ്ട്. എയറോ പ്ലെയ്ൻ വാങ്ങാൻ പണമുണ്ട് …
ടെണ്ടർ എക്സസ് എന്ന പേരിൽ കോടി കണക്കിന്ന് രൂപ അക്രഡിറ്റഡ് ഏജൻസികളായ ഇടനിലകാർക്ക് നല്കാൻ പണമുണ്ട്. ഇതൊക്കെ യാഥാർത്ഥ്യമല്ലേ..

ഈ സർക്കാർ കേന്ദ്ര സർക്കാരിൻ്റെ വഴിയെ പോകാതിരിക്കാനും കൂടിയാണ് സമരം. ഇനിയും ഇവിടെ ഭരണ തുടർച്ച ഉണ്ടാകണമെങ്കിൽ സർക്കാരിൻ്റെ ഇത്തരം നയങ്ങൾ തിരുത്തണം.
അല്ലെങ്കിൽ യു.ഡി.എഫിൻ്റെ ഗതി കെട്ട കാലം തിരിച്ചു വരും.
നിങ്ങൾ പണിമുടാക്കാതിരിക്കണം എന്നാഗ്രഹിക്കുന്ന ഒരു കൂട്ടരുണ്ട്. അതിവിടത്തെ കോൺഗ്രസ്കാരാണ്. അതാണ് അവർക്ക് അടുത്ത തെരഞ്ഞെടുപ്പിലേക്ക് ആയുധം. ഇത്രയധികം വേതന നഷ്ടമുണ്ടായിട്ടും പെൻഷൻ ഇല്ലാതിയിട്ടും കബളിക്കപ്പെട്ടിട്ടും എങ്ങനെ കൂട്ടുകാരെ നിങ്ങൾ ഒരു ദിവസമെങ്കിലും പണി മുടക്കാതിരിക്കുന്നത്. ചുവരുണ്ടെങ്കിലെ ചിത്രം എഴുതാനാകൂ. ഭരണനേതൃത്വത്തിന് അവകാശങ്ങൾ അടിയറവച്ചാൽ പിന്നെ ഉയർത്തെഴുന്നേൽക്കാനാക്കില്ല. നിങ്ങൾ ആദ്യം പണി മുടക്കുമായി വരുമെന്ന് പ്രതീക്ഷിച്ച ആയിരങ്ങൾ ഇവിടെ ഉണ്ട്. അവരെ നിങ്ങൾ നിരാശരാക്കി. നിങ്ങളിപ്പോൾ പണിമുടക്കത്തെ പൊളിക്കാനായി നേരിട്ടും ഫോൺ വിളിച്ചും ഭീഷണി പെടുത്തുമ്പോൾ ഓർക്കണം നിങ്ങൾ ജീവനക്കാരിൽ നിന്നും ഒറ്റപ്പെടുകയാണ് .
സ്ഥലം മാറ്റും എന്നു പറയുന്നുണ്ട്, പ്രൊബേഷൻ കാരോട് സൂക്ഷിക്കാൻ പറയുന്നുണ്ട്.
ഇക്കാലമൊക്കെ കഴിഞ്ഞു.
നിങ്ങളും ചേരുക. നിങ്ങൾ ചേർന്നില്ലെങ്കിൽ നിങ്ങളില്ലാതെ……
നിങ്ങൾ കൂടെ വന്നാൽ നിങ്ങളോടൊപ്പം മുൻകാലങ്ങളെ പോലെ……..
നിങ്ങൾ എതിർത്താൽ നിങ്ങളെയും എതിർത്തു കൊണ്ട്..
ഇതാണ് നമ്മുടെ മുദ്രാവാക്യം…
സംശയമില്ല… സഖാവെ
ഈ പണി മുടക്കം, കേരളത്തിലെ ആത്മാഭിമാനമുള്ള എല്ലാ ജീവനക്കാരും ഏറ്റെടുത്തു കഴിഞ്ഞു…..
അവർ പണിമുടക്കും …….
എല്ലാ ഭീഷണികളെയും അതിജീവിച്ച് പണി മുടക്കും.

News Desk

Recent Posts

മധുരയില്‍ ഏപ്രില്‍ രണ്ടുമുതൽ ആറുവരെ നടക്കുന്ന 24–-ാം പാര്‍ടി കോൺ​ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയം സിപിഐ എം കേന്ദ്രകമ്മിറ്റി യോ​ഗം അം​ഗീകരിച്ചു.

കൊല്‍ക്കത്ത: മധുരയില്‍ ഏപ്രില്‍ രണ്ടുമുതൽ ആറുവരെ നടക്കുന്ന 24–-ാം പാര്‍ടി കോൺ​ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയം സിപിഐ എം…

11 hours ago

പെൻഷൻകാർ ഒരു ലക്ഷം പേർ മരണപ്പെട്ടു. സർക്കാർ മിണ്ടാതെ, പെൻഷൻകാർ ഇന്ന് സെക്രട്ടറിയേറ്റ്ന് മുന്നിൽ സമരം ചെയ്യും

തിരുവനന്തപുരം:പെൻഷൻകാർ ഒരു ലക്ഷം പേർ മരണപ്പെട്ടു. സർക്കാർ മിണ്ടാതെ, പെൻഷൻകാർ ഇന്ന് സെക്രട്ടറിയേറ്റ്ന് മുന്നിൽ സമരം ചെയ്യും.ഏതാണ്ട് ഒരു ലക്ഷത്തോളം…

12 hours ago

“ത്രിദിന ദേശീയ ശിൽപശാല”

കൊച്ചി: തൃക്കാക്കര ഭാരതം മാതാ കോളേജിലെ ഇന്റഗ്രേറ്റഡ് എംഎസ്സി കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഡിപ്പാർട്ട്മെന്റിന്റെനേതൃത്വത്തിൽ…

15 hours ago

“കെഎസ്ആര്‍ടിസി ബസില്‍ നിന്ന് സ്വര്‍ണ്ണ മാല പൊട്ടിച്ചെടുത്ത പ്രതി പിടിയില്‍”

കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് യാത്രക്കാരന്‍റെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത പ്രതി പോലീസ് പിടിയില്‍. നെയ്യാറ്റിന്‍കര ചെല്ലാമ്പാറ വലിയ വഴി ലക്ഷംവീട്ടില്‍ അപ്പു…

15 hours ago

“സൈബര്‍ തട്ടിപ്പുകാരനെ ജാര്‍ഖണ്ഡില്‍ നിന്നും പിടികൂടി കൊല്ലം സിറ്റി പോലീസ്”

കരുനാഗപ്പള്ളി മാരാരിത്തോട്ടം സ്വദേശിനിയുടെ 10 ലക്ഷം രൂപയോളം സൈബര്‍ തട്ടിപ്പിലൂടെ കവര്‍ന്ന പ്രതിയെ ജാര്‍ഖണ്ഡില്‍ നിന്നും പോലീസ് പിടികൂടി. ജാര്‍ഖണ്ഡ്…

15 hours ago

“പണിമുടക്കം വിജയിപ്പിക്കുക : കെ.സി.എസ്‌.ഓ.എഫ് “

തിരുവനന്തപുരം :പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുനസ്ഥാപിക്കുക, പന്ത്രാണ്ടം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക,…

20 hours ago