തിരുവനന്തപുരം: എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോരിറ്റി ഉത്തരവ് പ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർഫീ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ഡോ. ശശിതരൂർ എം പി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡോ. ശശിതരൂർ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ജരാപ്പു റാം മോഹൻ നായിഡുവിന് കത്തെഴുതി.
വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന ആഭ്യന്തര യാത്രക്കാർക്കുള്ള യൂസർ ഫീ 506 -ൽ നിന്നും 50 % വർദ്ധിപ്പിച്ച് 770 ആയി ഉയർത്തി. 2025 മാർച്ച് 31 വരെ ഈ നിരക്കായിരിക്കുമെന്നും തുടർന്നുള്ള സാമ്പത്തിക വർഷങ്ങളിൽ ഇപ്രകാരം നിരക്കു വർദ്ധന ഉണ്ടാകുമെന്നും എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോരിറ്റി ഉത്തരവിൽ പറയുന്നു. അതോടൊപ്പം തന്നെ വിമാനങ്ങളുടെ ലാൻ്റിംഗ് ചാർജ്ജുകൾ മൂന്നു മടങ്ങായി വർദ്ധിപ്പിച്ചിട്ടുണ്ട്. ആദ്യവർഷത്തേക്ക് ഒരു മെട്രിക് ടൺ എയർക്രാഫ്റ്റ് ഭാരത്തിന് 309 രൂപയിൽ നിന്ന് 890 രൂപയായി വർദ്ധിക്കും. ഈ നിരക്ക് തുടർ വർഷങ്ങളിൽ അഞ്ചും ആറും മടങ്ങ് വർദ്ധിച്ച് ഒരു മെട്രിക് ടണ്ണിന് 1, 400 രൂപയും 1650 രൂപയുമാകുമെന്നും ഉത്തരവിൽ പറയുന്നു. പാർക്കിംഗ് നിരക്കും ക്രമാതീതമായി വർദ്ധിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ വികസനത്തിന് ഈ നിരക്ക് വർദ്ധന ശക്തമായ പ്രതിബന്ധം സൃഷ്ടിക്കുമെന്ന് ഡോ. ശശിതരൂർ കത്തിൽ ചൂണ്ടിക്കാട്ടി.
അന്യായമായ യൂസർഫീ നിരക്കു വർദ്ധന വിമാനത്താവളത്തിലെത്തുന്ന വിമാനങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്തിയേക്കാം . അമിതമായ ഫീസ് യാത്രക്കാരുടെ എണ്ണത്തിലും കുറവ് വരുത്തും. തൊട്ടടുത്ത വിമാനത്താവളങ്ങളിലൊക്കെ കുറഞ്ഞ യൂസർ ഫീ നിരക്ക് ഉള്ളപ്പോൾ തിരുവനന്തപുരത്തെ ഈ നിരക്ക് വർദ്ധന
വിമാനകമ്പനികളും യാത്രക്കാരും തിരുവനന്തപുരം വിമാനത്താവളം ഒഴിവാക്കുന്നതിന് കാരണമാകും. സ്ഥലത്തെ പാർലമെൻ്റിലെ സിറ്റിംഗ് അംഗത്തിൻ്റെ അധ്യക്ഷതയിൽ ഉണ്ടായിരുന്ന വിമാനത്താവള ഉപദേശക സമിതി ഇപ്പോൾ പ്രവർത്തനരഹിതമാണ്. വിമാനത്താവളം നേരിടുന്ന വെല്ലുവിളികളും വികസന സാധ്യതകളും ചർച്ച ചെയ്യാൻ നിലവിൽ ഒരു വേദിയും ഇല്ലാത്ത അവസ്ഥയാണ് എന്നും ഡോ. ശശിതരൂർ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ വികസനം മുരടിപ്പിക്കുന്ന ഈ നിരക്കു വർദ്ധന പുന:പരിശോധിച്ച് പഴയ നിരക്കുകൾ പുന: സ്ഥാപിക്കുവാൻ എയർപോർട്ട് ഇക്കണോമിക് റഗുലേറ്ററി അതോരിറ്റിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദ്ദേശം നൽകണമെന്നും, എ ഇ ആർ എ , വിമാനത്താവള നടത്തിപ്പുകാരായ അദാനി എയർപോർട്ട് ലിമിറ്റഡ്, സ്ഥലം എം പി തുടങ്ങിവരുടെ അടിയന്തിര യോഗം വിളിക്കണമെന്നും ഡോ. ശശിതരൂർ ആവശ്യപ്പെട്ടു. ജനപ്രതിനിധികൾ, വിനോദ സഞ്ചാര ഏജൻസികൾ, യാത്രക്കാർ , തുടങ്ങിയവരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി വിമാനത്താവള ഉപദേശക സമിതി അടിയന്തിരമായി രൂപീകരിക്കണമെന്നും, വിമാനത്താവള വികസനത്തിന് പുതിയ പദ്ധതികൾ ആവിഷ്കരിക്കണമെന്നും ഡോ. ശശിതരൂർ ആവശ്യപ്പെട്ടു.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.