5 June 2026
എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ.

ഓച്ചിറ: പോലീസ് നടത്തിയ ലഹരി വേട്ടയിൽ എം.ഡി.എം.എ യുമായി യുവാവ് പിടിയിലായി. ഓച്ചിറ മഠത്തിൽകാരായ്മ കിടങ്ങിൽ വീട്ടിൽ ഉദയഭാനു മകൻ ഉല്ലാസ്(22) ആണ് കൊല്ലം സിറ്റി ഡാൻസാഫ് സംഘവും ഓച്ചിറ പോലീസും സംയുക്തമായി നടത്തിയ രഹസ്യ നീക്കത്തിലൂടെ പിടിയിലായത്. ഇയാളിൽ നിന്ന് 12.76 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കുൾപ്പടെ വിതരണം ചെയ്യാനായി എത്തിച്ച മാരക മയക്ക് മരുന്നാണ് പോലീസ് സംഘത്തിന്റെ പരിശ്രമത്തിലൂടെ പിടികൂടാനായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ബാംഗളൂരിൽ നിന്നും ലഹരി മരുന്നുമായി എത്തിയ ഇയാൾ ഞായറാഴ്ച വൈകിട്ട് 4.00 മണിയോടെ ഓച്ചിറ രാഗം ജംഗ്ഷന് സമീപം സുഹൃത്തിനായി കാത്ത് നിൽക്കുമ്പോൾ പോലീസ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. ഓച്ചിറ പോലീസ് ഇൻസ്‌പെക്ടർ സുജാതൻപിള്ളയുടെ നേതൃത്വത്തിൽ എ.എസ്.ഐ രഞ്ജിത്ത് എസ്.സി.പി.ഓ അനി, സി.പി.ഓ ദീപു എന്നിവരും എസ്.ഐ അനീഷിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.