സോഷ്യൽ മീഡിയായിൽ വൈറൽ ആകുന്ന ചില സത്യങ്ങൾ തുറന്നു പറഞ്ഞ് സി.പി എം.ഉം, സി പി ഐ യും.എവിടെയാണ് പാളിയത്, തെറ്റുകൾ സ്വാഭാവികം. എന്നാൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആശയങ്ങൾ വ്യതിചലിക്കരുത്. വെള്ളം ചേർക്കരുത്. രണ്ട് പോസ്റ്റും വായിക്കാം.
സ: ബിനോയ് വിശ്വം മറക്കാതിരിക്കാൻ ഓർമ്മപെടുത്തുന്ന ചില കാര്യങ്ങൾ…..
താങ്കൾ ഇപ്പോൾ അടിയന്തരാവസ്ഥ കാലത്തെ AISF നേതാവല്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും, ഭരണ മുന്നണിയിലും രണ്ടാമത്തെ കക്ഷിയായ CPI യുടെ സംസ്ഥാന സെക്രട്ടറിയാണ്. അപ്പോൾ താങ്കളുടെ അഭിപ്രായങ്ങൾ വിലയറിയതാണ്. അത് ആദ്യം തിരിച്ചറിയേണ്ടത് താങ്കൾ തന്നെയാണ്.
എന്റെ ഓർമ്മകളിൽ ഇതേ സ്ഥാനം വഹിച്ചിരുന്നവരിൽ സി.അച്ചുത മേനോൻ, എം.എൻ. ഗോവിന്ദൻ നായർ, എൻ.ഇ. ബലറാം, പി.കെ.വി,
വെളിയം, തുടങ്ങിയവർ CPM-CPI ഐക്യം കാത്ത് സൂക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. വിമർശനങ്ങളും, അഭിപ്രായ പ്രകടനങ്ങളും, അരോപണങ്ങളും അതിന്റേതായ വേദികളിലായിരുന്നു.
അത് പാടേ തകിടം മറിച്ചത് സ: സി.കെ.ചന്ദ്രപ്പൻ സെക്രട്ടറി ആയപ്പോഴാണ്. അതിൽ താങ്കൾ വഹിച്ച പങ്ക് ചെറുതല്ല.
CPMന്റെ ഞ്ച്രാഞ്ച് സമ്മേളനങ്ങൾ മുതൽ പാർട്ടി കോൺഗ്രസ് വരെ എപ്പോൾ, എവിടെ വെച്ച് നടത്തണം എന്നൊക്കെ ചുരുങ്ങിയത് ഒരു വർഷം മുമ്പെങ്കിലും തീരുമാനിക്കപ്പെടുന്നതാണ്.
2012 ൽ CPM-CPI സംസ്ഥാന സമ്മേളനങ്ങൾ
തിരുവനന്തപുരത്തും, കൊല്ലത്തുമായിരുന്നു നടന്നത്. CPI സമ്മേളനത്തെ ചെറുതാക്കി കാണിക്കാനാണ് CPM സമ്മേളനം തിരുവനന്തപുരത്ത് നടത്തുന്നതെന്ന താങ്കളുടെ പ്രസ്താവന എന്ത് മാത്രം ബാലിശമായിരുന്നു.
2012 ലെ കോഴിക്കോട് പാർട്ടി കോൺഗ്രസിന് ആളെ കൂട്ടിയത് ഇവന്റ് മാനേജ്മെന്റ് വഴിയാണെന്നും താങ്കൾ പറഞ്ഞു. എന്ത് പൊള്ളത്തരമായിരുന്നു അത്. കേരളത്തിൽ CPM ഏറ്റവും ശക്തമായ ജില്ല കോഴിക്കോടാണ്, കണ്ണൂർ പോലുമല്ല.
എന്റെ നാടായ തൃശൂരിൽ ഞാൻ CPM-DYFI, SFI യുടെയൊക്കെ പല ജില്ലാ സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. തേക്കിൻകാട് മൈതാനത്തിന്റെ വലിപ്പവും, വിസ്തൃതിയും താങ്കൾക്കറിയാമല്ലോ! കേവലം മൂന്ന് ഏരിയാ കമ്മിറ്റികൾ മാത്രം പങ്കെടുക്കുന്ന ശക്തി പ്രകടനത്തിന്റെ പകുതിയിൽ കുറവ് മൈതാനത്തേക്ക് പ്രവേശിക്കുമ്പോഴേക്കും മൈതാനം നിറഞ്ഞ് കവിഞ്ഞിട്ടുണ്ടാകും. പ്രകടനം പിരിച്ചുവിട്ടതായി പ്രഖ്യാപിക്കലാണ് പതിവ്. അപ്പോഴാണ് കാശ് കൊടുത്ത് ആളെ കൂട്ടുന്നുവെന്ന ഉണ്ടയില്ലാ വെടി.
സ:കാനത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഏറെ വിഷമിച്ചതും, വ്യസനിച്ചതും CPM സഖാക്കളാണ്. കാരണം കോടിയേരി സഖാവിന്റെ മരണം തീർത്ത ആഘാതത്തിൽ നിന്നും ഞങ്ങൾ മോചിതരായിട്ടുണ്ടായിരുന്നില്ല. ഇടത് ഐക്യത്തിന് ഒരു പോറൽ പോലും ഏൽക്കുന്ന വാക്കോ, നോക്കോ, പ്രവൃത്തിയോ അദ്ദേഹത്തിൽ നിന്നുണ്ടായിട്ടില്ല. കേരളാ കോൺഗ്രസ് മാണി മുന്നണിയിൽ വന്നപ്പോൾ കീറാമുട്ടിയാകുമെന്ന് കരുതിയ സീറ്റ് വിഭജനം പോലും എത്ര ഭംഗിയായാണ് കലാശിച്ചത്. ആ സ്ഥാനത്ത് കെ.ഇ.ഇസ്മയിലോ , പ്രകാശ് ബാബുവോ അവരോധിക്കപ്പെടുമോ എന്ന ഭീതി നിലനിൽക്കെയാണ് ആശ്വാസമായി താങ്കൾ വരുന്നത്.
ഓർമ്മയില്ലേ 2001 ലെ തിരഞ്ഞെടുപ്പ് . അന്ന് CPI യിൽ സമയ പരിധി ഉണ്ടായിരുന്നില്ല. പറവൂരിൽ P. രാജുവും,
കൊടുങ്ങല്ലൂരിൽ മീനാക്ഷി തമ്പാനും, നാട്ടികയിൽ കൃഷ്ണൻ കണിയാംപറമ്പിലും മത്സരിക്കുന്നതിൽ CPI യിൽ നിന്ന് ശക്തമായ എതിർപ്പുണ്ടായിരുന്നു. എന്നിട്ടും അവിടെയൊന്നും താങ്കളെ മത്സരിപ്പിക്കാതെ, കഴിവുറ്റതും യുവാവുമായസഖാവ്: സത്യൻ മൊകേരിയെ മാറ്റിയാണ് താങ്കളെ നാദാപുരത്ത് മത്സരിപ്പിച്ചത്. നാദാപുരത്തെ CPI ക്കാരുടെ എണ്ണമെടുക്കാൻ രണ്ട് കൈകളിലെ വിരലുകൾ മുഴുവൻ വേണോ ?
കേരളം മുഴുവൻ, തെരുവം പറമ്പിൽ നബീസുവിനെ സ്വന്തം മകൾ നോക്കി നിൽക്കെ നിസ്ക്കാര പായയിലിട്ട് ബലാത്സംഗം ചെയ്തു എന്ന വ്യാജ കൊടുങ്കാറ്റ് ആഞ്ഞ് വിശിയിട്ടും താങ്കൾ നാദാപുരത്ത് വിജയിച്ചു.
അതിന് ശേഷമാണ് ബിനു എന്ന യുവാവിനെ ബലാത്സംഗ കുറ്റമാരോപിച്ച് ലീഗ്, മുസ്ലിം ഭീകരവാദികൾ നാദാപുരം തെരുവിൽ വെച്ച് പട്ടാ പകൽ അരും കൊല ചെയ്ത് ലിംഗം മുറിച്ചെടുത്ത് വായിൽ തിരുകി അട്ടഹാസത്തോടെ തിരികെ പോയത്. ആ യുവാവിന്റെ മൃതദേഹവും വഹിച്ച് കൊണ്ടുള്ള പതിനായിരങ്ങൾ പങ്കെടുത്ത വിലാപയാത്രയിലും , സംസ്കാര ചടങ്ങുകളിലും ഒരു സാധാരണ മനുഷ്യനായി പോലും താങ്കൾ ഉണ്ടായിരുന്നോ ? ആ പാവം യുവാവിന്റെ നിരാംലംബയായ മാതാവ് വിളമ്പിവെച്ച ചോറുമായി മകനെ കാത്തിരുന്ന് കാണാതായപ്പോൾ മാനസിക നില തെറ്റി ( സമാന അനുഭവം അടിയന്തരാവസ്ഥ കാലത്ത് പോലീസ് കൊന്ന് കത്തിച്ച് ചാരമാക്കിയ എഞ്ചിനീയറിംഗ് വിദ്യാർത്ഥി രാജന്റെ മാതാവിനും ഉണ്ടായിരുന്നു)
നാദാപുരത്തെ തെരുവുകളിൽ മോനെയും വിളിച്ചു കൊണ്ട് അലഞ്ഞ് തിരിഞ്ഞപ്പോൾ ഒരു സാന്ത്വനമായി താങ്കൾ അവിടെ ഉണ്ടായിരുന്നോ? അവിടെ നിന്ന് തന്നെയാണ് താങ്കൾ വീണ്ടും ജയിച്ചതും, മന്ത്രിയായതും.
അവിടെ തന്നെയാണ് സഖാവേ , ഷിബിൻ എന്ന പത്തൊമ്പത് കാരനെ DYFI ക്കാരനായി എന്നതിന്റെ പേരിൽ മാത്രം ലീഗ് ഭീകരർ കോടാലി കൊണ്ട് നെഞ്ചകം വെട്ടി പിളർന്ന് കൊന്നത്. അതിൽ എന്തെങ്കിലം പ്രതിഷേധം താങ്കൾ രേഖപ്പെടുത്തിയോ.
CPM സംസ്ഥാന കമ്മിറ്റിയംഗവും, മുൻ ലോകസഭാംഗവുമായ സ:NN കൃഷ്ണ ദാസ് വിദ്യാർത്ഥി ജീവിത കാലത്തെ ഒരു സംഭവം ഓർമ്മിച്ചെഴുതുന്നു.
“അടിയന്തരാവസ്ഥ കാലത്ത് AISF ന്റെ അഖിലേന്ത്യാ നേതാവായിരുന്ന താങ്കൾ നയിച്ചൊരു ജാഥ ചിറ്റൂർ കോളേജിലേക്കെത്തുന്നു. ജാഥയെ തടയാൻ KSU കൃമിനൽ സംഘം എത്തുന്നു. AISFന്റെ അംഗബലം ഇന്നത്തേക്കാൾ മോശം. SFl അവിടെ പ്രതിരോധം തീർക്കുന്നു. താങ്കൾ പ്രസംഗിക്കുന്നു. പ്രസംഗിച്ചത് മുഴുവൻ SFI വിരുദ്ധ രാഷ്ട്രീയം !”
താങ്കൾ അതിൽ നിന്നൊക്കെ മാറേണ്ട പ്രായവും, പക്വതയുമായി.
കണ്ണൂർ ADM ആയിരുന്ന നവിൻ ബാബുവിന്റെ ആത്മഹത്യയെ തുടർന്ന് PP ദിവ്യയെ തൂക്കിലേറ്റാൻ താങ്കളും, പാർട്ടിയും, റവന്യൂ വകുപ്പും, മന്ത്രിയും മത്സരിച്ച് വാളെടുത്ത് തുള്ളിയിരുന്നില്ലോ. അതിലൊരംശം വയനാട്ടിൽ
സ്വന്തം മകന് വിഷം കൊടുത്ത് കൊന്ന് പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്ഥലം MLA യും DCC അധ്യക്ഷനടക്കമുള്ള നേതാക്കൾ പ്രതികളാണെന്നറിഞ്ഞിട്ടും പ്രതിഷേധിച്ചോ?
ബ്രൂവെറി വിഷയത്തിലും പ്രതിപക്ഷത്തിന്റെ ചട്ടുകമാകുകയല്ലേ ചെയ്തത്?
വയനാട്ടിലെ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച്
UDF നടത്തുന്ന നാടകത്തിനെതിരെ ഒരക്ഷരമുരിയാടിയോ ? താങ്കളും വനം വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയായിരുന്നല്ലോ? സംസ്ഥാന സർക്കാറിന് കേന്ദ്ര നിയമം മറി കടന്ന് ഒന്നും ചെയ്യാനാകില്ല എന്ന് അബദ്ധത്തിലെങ്കിലും K.സുധാകരന് വിളിച്ച് പറയേണ്ടി വന്നു. അത്രയെങ്കിലും നിങ്ങൾ ചെയ്തോ?
മന്ത്രിയായിരിക്കുമ്പോൾ ഹാരിസൻ പ്ലാന്റ് അഴിമതിയിൽ പ്രതിപക്ഷം താങ്കളുടെ പേരും എഴുതി ചേർത്തപ്പോൾ, താങ്കൾ അഴിമതി നടത്തിയെന്ന് താങ്കൾ പറഞ്ഞാൽ പോലും ജനങ്ങൾ വിശ്വസിക്കില്ല എന്ന് പറഞ്ഞ് പ്രതിരോധിച്ചത് ഞങ്ങൾ CPM കാരാണ് സഖാവേ…..
ഞങ്ങൾ തൃശൂർക്കാരെങ്കിലും മുന്നണി ഐക്യത്തിന് വേണ്ടി പലതും മറന്നും, മറച്ചും എപ്പോഴും വഴി മാറി തരുന്നുണ്ട് എന്ന സത്യത്തെ പാഴ്മുറംകൊണ്ട് മറച്ച് പിടിക്കരുത്.
കടപ്പാട്
ബിനോയ് വിശ്വത്തെ ഓർമ്മപ്പെടുത്തുന്നവരോട്… സി പി ഐ സംസ്ഥാന സെക്രട്ടറിയെ
ചിലത് ഓർമ്മപ്പെടുത്താനും ചരിത്രം പഠിപ്പിക്കാനും സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ
രംഗത്തിറങ്ങിയിട്ടുണ്ട്.
ഇടതു പക്ഷ വിരുദ്ധ രാഷ്ട്രീയത്തെ കൃത്യമായി പൊളിച്ചെഴുതുകയും സങ്കുചിത താല്പര്യങ്ങൾക്ക് വേണ്ടി രൂപപ്പെടുത്തുന്ന നയങ്ങൾക്കെതിരെ കാർക്കശ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നത് മൂലമാണ് ചില തല്പര കക്ഷികൾക്ക് സംസ്ഥാന സെക്രട്ടറി കണ്ണിലെ കരടാകുന്നത്.
അസുഖം തുടങ്ങിട്ട് നാളുകളേറെയായി!
എസ് എഫ് ഐ യുമായി ബന്ധപ്പെട്ട
ബിനോയ് വിശ്വം മുൻപൊരിക്കൽ നടത്തിയ പ്രതികരണം കാലഘട്ടം ആവശ്യപ്പെടുന്ന അഭിപ്രായ പ്രകടനമായി വിലയിരുത്തി തിരുത്തൽ നടപടികൾ സ്വീകരിക്കേണ്ടതിന് പകരം ആരോപണങ്ങൾ മാധ്യമ സൃഷ്ടിയായി വ്യാഖ്യാനിക്കുകയും ബിനോയ് വിശ്വത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്ന സമീപനമാണ് എസ് എഫ് ഐ നേതൃത്വത്തിൽ നിന്നും ചില സി പി എം നേതാക്കളിൽ നിന്നും അന്നുണ്ടായത്.
എസ് എഫ് ഐ യും എ ഐ എസ് എഫും അടക്കമുള്ള ഇടത് വിദ്യാർത്ഥി സംഘടനകൾ പരസ്പര ഐക്യത്തോടെയും ധാരണയോടെയും പ്രവർത്തിക്കേണ്ട രാഷ്ട്രീയ സാഹചര്യത്തിൽ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ മറവില്‍ എസ് എഫ് ഐ യുടെ ലേബലിൽ ചില കലാലയങ്ങളില്‍ ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങൾ നടമാടുന്നതിനെ ഗൗരവ പൂർവ്വം നോക്കിക്കണ്ട് ആവശ്യമായ തിരുത്തലുകൾ വരുത്താൻ അവർ ശ്രമിക്കണമെന്ന ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തെ വലത് പക്ഷ ചാപ്പ കുത്തിക്കൊണ്ടുള്ള ജനാധിപത്യ വിരുദ്ധ വ്യാഖ്യാനങ്ങളിലൂടെ സ്വന്തം പോരായ്മകളെ മറച്ചു പിടിക്കുകയായിരുന്നു അന്ന് അതി വിപ്ലവകാരികൾ ചെയ്തത്.
‘ബ്രൂവറി ‘വിഷയത്തിലടക്കം സഖാവിന്റെ നിലപാടുകൾ ഉയർത്തിപ്പിടിച്ചു കൊണ്ടാണ് ഇപ്പോൾ ‘ഉണ്ടയില്ല വെടി’ പൊട്ടിക്കുന്നത്.
കമ്മ്യൂണിസ്റ്റ് ഐക്യത്തിനും ഇടത് പക്ഷ ജനാധിപത്യ മുന്നണി രൂപീകരണത്തിനും വേണ്ടി മുഖ്യമന്ത്രി സ്ഥാനം ത്യജിച്ച പാർട്ടിക്ക്
സൈബർ സഖാക്കളുടെ സർട്ടിഫിക്കേറ്റ് ആവശ്യമില്ല എന്ന് ആദ്യം തന്നെ അറിയിക്കട്ടെ,
പിന്നെ നട്ടപ്പാതിരക്ക് നട്ടുച്ച യെന്ന് വിളിച്ചു കൂവിയാൽ ഉത്തരവെന്നരുളിച്ചെയ്യുന്നതാണ് മുന്നണി മര്യാദ എന്നാണ് ധരിച്ചു വെച്ചിരിക്കുന്നതെങ്കിൽ അതി വിപ്ലവകാരികൾ നിർവചിക്കുന്ന മുന്നണി മര്യാദ തൊണ്ട തൊടാതെ വിഴുങ്ങാൻ ഇത്തിരി ബുദ്ധിമുട്ടുണ്ടെന്ന കാര്യവും അറിയിക്കുന്നു.
2001 ലെ നിയമ സഭ തെരഞ്ഞെടുപ്പിൽ നാദാ പുരത്ത് ബിനോയ് വിശ്വത്തെ വിജയിപ്പിക്കാൻ കൈ മെയ് മറന്നുള്ള അധ്വാനം ഓർമ്മിപ്പിച്ചതായി കണ്ടു.
നാദാപുരത്തെ സഖാവിന്റെ വിജയത്തിൽ സി പി എം സഖാക്കളുടെ പങ്ക് ആരും വിസ്മരിച്ചിട്ടില്ല,
‘തെരുവം പറമ്പിൽ നബീസു’ വിഷയം ഉയർത്തിക്കാട്ടി കേരളം മുഴുവൻ യു ഡി എഫ് നടത്തിയ നട്ടാൽ കുരുക്കാത്ത നുണ പ്രചാരണങ്ങൾക്കിടയിലും നാദാ പുരത്ത് വിജയിക്കാൻ എൽ ഡി എഫിന് കഴിഞ്ഞുവെങ്കിൽ അതിന്റെ പിന്നിൽ സ്ഥാനാർഥിയുടെ മികവ് കൂടിയുണ്ടെന്നത് മറക്കരുത്.
രാഷ്ട്രീയത്തിന്നതീതരായ നിഷ്പക്ഷ വോട്ടർമാരാണല്ലോ പല മണ്ഡലങ്ങളിലെയും വിധി നിർണ്ണയിക്കുന്നത്.
അല്ല സഖാക്കളേ, 2001 ൽ ബിനോയ് വിശ്വത്തെ സഹായിച്ചത് ഓർമിപ്പിച്ച സ്ഥിതിക്ക് 2011 ൽ ഏറനാട് നൽകിയ ‘സഹായം’ ഞങ്ങൾക്കും ഓർമ്മിപ്പിക്കേണ്ടി വരും.
അന്ന് നമ്മളെ അൻവറിക്കാന്റെ കയ്യിൽ നിന്ന് കാശ് വാങ്ങി സി പി ഐ സ്ഥാനാർഥിയെ പിന്നിൽ നിന്ന് കുത്തിയത് മറന്നോ?
ഇതേ അൻവറിക്ക 2016 ലും 2021 ലും നിലമ്പൂരിലും 2019 ൽ പൊന്നാനി ലോക സഭ മണ്ഡലത്തിലും മത്സരിച്ചപ്പോൾ സി പി ഐ ക്കാർ മുന്നണി മര്യാദ ഒട്ടും കുറച്ചിട്ടില്ല എന്നതും ഓർമിക്കണം.
അല്ല ഈ അൻവറിക്ക ഇപ്പോൾ എവിടെയാണ് സഖാക്കളേ,
എന്തൊക്കെ പുകിലായിരുന്നു അല്ലേ,
‘കടന്നൽ രാജ’, ‘ഏറനാടൻ പോരാളി ‘, മാപ്രകളുടെ പേടി സ്വപ്നം ‘
“കൊണ്ടു നടന്നതും നീയേ ചാപ്പാ
കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പാ”
പണ്ട് സഖാവ് സി കെ ചന്ദ്രപ്പനെതിരെ കക്ഷി ഒരു ജൽപനം നടത്തിയപ്പോൾ,
അല്ലേൽ വേണ്ട, പറയുന്നില്ല
മുന്നണി മര്യാദ വേണമല്ലോ അല്ലേ!
സഖാവ് ബിനോയ് വിശ്വത്തെ കേരളത്തിനറിയാം,
സഖാവോ സിപിഐയോ വികസനത്തിന്നെതിരല്ല
വികസനം വേണം. എന്നാല്‍ കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാവൂ.
ബ്രൂവറി വിഷയത്തിൽ പാർട്ടി നിലപാട് കൃത്യമാണ്.
മനുഷ്യന്റെ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വസ്തുവിന്റെ മൂല്യവും നിലനിൽപും നിശ്ചയിക്കുന്ന രീതി പ്രകൃതിയ്ക്കും മനുഷ്യകുലത്തിനും ഗുണകരമാവുകയില്ലെന്ന തിരിച്ചറിവാണ് പ്രധാനം.
കേരളത്തിലെ പാരിസ്ഥിതിക വിഷയങ്ങളിൽ കൃത്യവും വ്യക്തവുമായ നിലപാട് എല്ലാക്കാലത്തും ഉയർത്തിപ്പിടിച്ച നേതാവാണ് സഖാവ് ബിനോയ് വിശ്വം.
ഓർമ്മപ്പെടുത്തുന്നവർക്ക് ചിലതെല്ലാം ഓർമ്മയുണ്ടായിരിക്കണം എന്നേ പറയാനുള്ളൂ…
ഇതെല്ലാം പതിനായിരങ്ങൾ വായി വായിച്ചു കഴിഞ്ഞു വീണ്ടും അഭിപ്രായങ്ങളും ആശയങ്ങളും ഉണ്ടാകട്ടെ……
പത്രാധിപർ.
Discover more from News12 india malayalam
Subscribe to get the latest posts sent to your email.




