തൊഴിലുറപ്പ് പദ്ധതിയുടെ നിർവ്വഹണ ഏജൻസികളിൽ സ്ഥിരം തസ്തിക സൃഷ്ടിക്കാതെ താഴേത്തട്ടിൽ 100% പരിശോധനയും മേൽനോട്ടവും അപ്രായോഗികമാണ്. നിർവ്വഹണ തലത്തിൽ എന്ത് നടക്കുന്നു, എങ്ങനെ നടക്കുന്നു എന്നത് പരിഗണിക്കാതെ കോടികളുടെ പ്രവൃത്തികൾ എങ്ങനെയെങ്കിലും നടത്തിയാൽ മതിയെന്ന സമീപനമാണ് പ്രയോഗത്തിലുള്ളത്.
പെയ്മെന്റിലെ അപാകതകൾ ക്ക് സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറിയും സസ്പെന്റ് ചെയ്യപ്പെടുന്നു, മസ്റ്റർ റോൾ പരിശോധനയുടെ പേരിൽ വി.ഇ.ഒമാർ ശിക്ഷിക്കപ്പെടുന്നു. തദ്ദേശസ്ഥാപനങ്ങളിലെ ജോലിഭാരത്തിനിടയിൽ 100% മേൽനോട്ടവും പരിശോധനയും നടത്തണമെന്നത് തീർത്തും അപ്രായോഗികമാണ്. വിശദ പരിശോധന നടത്തിയാൽ ഏതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും ശിക്ഷിക്കാനുള്ള കാര്യങ്ങൾ കണ്ടെത്താനാവും എന്നത് ഉറപ്പാണ്. നിലവിലുള്ള സ്ഥിരം തസ്തികയിലെ ജീവനക്കാർക്ക് നടപ്പിലാക്കാൻ കഴിയാത്ത നിർദ്ദേശങ്ങളാണ് നിലവിലുള്ളത്. മാലിന്യ നിർമ്മാർജ്ജനവും, അതി ദാരിദ്ര്യവും പദ്ധതി നിർവ്വഹണവും കുടുംബശ്രീയും വിവിധ മിഷനുകളും തുടങ്ങി വിവിധ തലങ്ങളിൽ നിന്ന് നൽകുന്ന നിരവധി നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ഓടി നടക്കുന്നതിനിടയിൽ തൊഴിലുറപ്പ് പദ്ധതിയെ താൽക്കാലിക ജീവനക്കാർക്ക് ഡിജിറ്റൽ സിഗ്നേച്ചർ സഹിതം പൂർണ്ണമായും വിട്ടു നൽകിയ സ്ഥിതിയാണുള്ളത്. പെയ്മെന്റ് നൽകുന്നതിലെ ദിവസ നിബന്ധനയും വരുമ്പോൾ എങ്ങനെ 100% പരിശോധന നടത്താനാണ്? ഇത്തരം നിർദ്ദേശങ്ങൾ കാലോചിതമായി പരിഷ്കരിക്കണം. സ്ഥിരം തസ്തിക അനുവദിക്കാനാവില്ലെങ്കിൽ ദീർഘകാലത്തേക്ക് താൽക്കാലിക തസ്തിക സൃഷ്ടിച്ച് നിർവ്വഹണ ഉദ്യോഗസ്ഥരെ നിയമിക്കണം.
കേവലം ഒരു സർക്കുലർ പുറപ്പെടുവിച്ച് പ്രസിഡണ്ടിനെ പെയ്മെന്റ് സിസ്റ്റത്തിൽ നിന്ന് മാറ്റി നിർത്തിയിരിക്കുകയാണ്. ഇതിലൂടെ ഭരണഘടനാ സ്ഥാപനമായ പഞ്ചായത്തിലെ നിർവ്വഹണ ചട്ടങ്ങൾ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഫെഡറേഷൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. NREGA മിഷൻ ഡയറക്ടറെയും എതിർകക്ഷിയാക്കി നൽകിയ കേസ് WP(C) 17716/2023 ഹൈക്കോടതിയിൽ നടക്കുകയാണ്. പഞ്ചായത്ത് മുഖാന്തിരമുള്ള തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിൽ ഓതറൈസേഷൻ ഉറപ്പാക്കണമെന്ന് ഫെഡറേഷൻ ആവശ്യപ്പെടുന്നു.
പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ തൊഴിലെടുക്കുന്നതിലുള്ള വിമുഖതയാണ് ഇത്തരം ആവശ്യങ്ങൾക്കു പിന്നിലെന്ന അധികൃതരുടെ നിരീക്ഷണം നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണ്. ജോലി ഭാരവും മാനസിക സമ്മർദ്ധവും കൊണ്ട് ജീവൻ നഷ്ടപ്പെട്ടവരെയും സമയക്രമം നോക്കാതെ തൊഴിലെടുക്കുന്ന ജീവനക്കാരെയും അപമാനിക്കുന്നതാണ് പ്രസ്തുത നിലപാട്.
നിർവ്വഹണ രീതിയിലെ അനുചിതമല്ലാത്ത നിർദ്ദേശങ്ങൾ പിൻവലിക്കുന്നതിനും
തൊഴിലുറപ്പ് പദ്ധതിയിലെ പ്രശ്നങ്ങൾ ജീവനക്കാരുടെ സംഘടനകളുമായി ചർച്ച ചെയ്ത് പരിഹരിക്കുന്നതിനും അധികൃതർ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.
തിരുത്താനുള്ളത് തിരുത്തുക തന്നെ വേണം. ശീതീകരിച്ച മുറിയിൽ നിന്നല്ല നനഞ്ഞ് കുതിർന്ന മണ്ണിൽ നിന്നാണ് സംഘടനാ പ്രവർത്തകർ ഓരോ കാര്യങ്ങളും ചൂണ്ടിക്കാട്ടുന്നത്. പരിഹസിച്ചാലും ഒരിക്കലും ഞങ്ങളെ അവഗണിക്കാനാവില്ല.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.