ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ട്യൂട്ടോറിയൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ . പരവൂർ കൂനയിൽ ഇ.സി കോട്ടേജിൽ സുജിത്ത്കുമാർ (39) ആണ് പിടിയിലായത്. ഇയാൾ പരവൂരിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായുള്ള സമാന്തര വിദ്യാഭ്യാസ സ്ഥാപനം നടത്തിവരികയാണ്.രണ്ട് മാസം മുൻപാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്ഥാപനത്തിൽ പഠിക്കുന്ന ഏതാനും ആൺകുട്ടികളെ കായിക പരിശീലനത്തിനെന്ന വ്യാജേന ടർഫിൽ കൊണ്ടുപോയി. ശേഷം സമയം വൈകിയതിനാൽ കുട്ടികളുടെ വീടുകളിലേക്ക് അയക്കുന്നില്ലായെന്ന് രക്ഷിതാക്കളെ വിളിച്ച് അറിയിക്കുകയും തന്റെ വീട്ടിൽ പാർപ്പിക്കുകയും ചെയ്തു. ശേഷമാണ് കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. തിരികെ വീട്ടിൽ എത്തിയ കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ രക്ഷിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ രക്ഷിതാക്കൾ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ അറിയിക്കുകയും തുടർന്ന് വിദ്യാർത്ഥികളെ കൗൺസിലിംഗ് നടത്തുകയും ശിശുക്ഷേമ സമിതിയിൽ പരാതി നല്കുകയും ചെയ്തു. ശിശുക്ഷേമ സമിതിയുടെ നിർദ്ദേശാനുസരണം രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് പ്രതിക്കെതിരേ കേസ് എടുക്കുകയായിരുന്നു. ഇതോടേ സുജിത്ത്കുമാർ ഒളിവിൽ പോയി. കേരളത്തിലെ വിവിധ സ്ഥലങ്ങളിലും ബാംഗ്ലൂരിലും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി നാട്ടിലെത്തി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ല. അതേ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടേ പരവൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.