വീയപുരം ചുണ്ടന് പ്രസിഡന്റ്‌സ് ട്രോഫി കാരിച്ചാൽ ചുണ്ടൻ സി.ബി.എല്‍ വിജയി

കൊല്ലം:അഷ്ടമുടി കായലിനെയും ആയിരക്കണക്കിന് കാണികളെയും സാക്ഷിയാക്കി പ്രസിഡന്റ്‌സ് ട്രോഫി സ്വന്തമാക്കി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ. സി ബി എല്‍ നാലാം സീസണിലെ കിരീടം കരസ്ഥമാക്കിയത് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടന്‍.

10 -മത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവും ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സി ബി എല്‍) നാലാം എഡിഷന്റെ ഫൈനലും കൊല്ലത്ത് അഷ്ടമുടിക്കായലില്‍ അരങ്ങേറി. ആറ് മത്സരങ്ങളില്‍ നിന്നായി 58 പോയിന്റുകള്‍ കരസ്ഥമാക്കിയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടന്‍ സി.ബി.എൽ ചാമ്പ്യന്മാരായത്. 57 പോയിന്റുമായി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന്‍ സി.ബി.എല്‍ മത്സരങ്ങളില്‍ രണ്ടാം സ്ഥാനവും 48 പോയിന്റുകളുമായി നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ മൂന്നാം സ്ഥാനത്തെത്തി.

ഫൈനല്‍ മത്സരത്തില്‍ 3 മിനിറ്റ് 53 സെക്കന്‍ഡ് 85 മൈക്രോ സെക്കന്‍ഡിൽ ലക്ഷ്യസ്ഥാനത്തെത്തി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന്‍ പ്രസിഡന്റ്‌സ് ട്രോഫി ഉറപ്പിച്ചപ്പോള്‍ 3 മിനിറ്റ് 55 സെക്കന്‍ഡ് 14 മൈക്രോ സെക്കന്‍ഡിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടനും 3 മിനിറ്റ് 55 സെക്കന്‍ഡ് 62 മൈക്രോ സെക്കന്‍ഡില്‍ നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടനും യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

മത്സരങ്ങളുടെ ഭാഗമായി വനിതകളുടെ മൂന്ന് വള്ളങ്ങള്‍ അടക്കം 10 ചെറുവള്ളങ്ങളുടെ മത്സരവും നടന്നു. അതിൽ ഇരുട്ടുകുത്തി ബി വിഭാഗത്തില്‍ ഡാനിയേൽ, ഇരുട്ടുകുത്തി എ വിഭാഗത്തില്‍ പി.ജി കർണൻ കരുത്ത് തെളിയിച്ചപ്പോള്‍ വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ ആശാ പുളിക്കിക്കളവും തെക്കനോടി വനിതകളുടെ മത്സരത്തില്‍ ദേവസും ജേതാക്കളായി.

സി. ബി.എല്‍ ജേതാക്കള്‍ക്ക് 25 ലക്ഷമാണ് സമ്മാനത്തുക. രണ്ടാം സ്ഥാനത്തിന് 15 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയും ലഭിക്കും.

എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ജലോത്സവം ഉദ്ഘാടനം ചെയ്തു. സി.ബി.എൽ ഫൈനൽ, പ്രസിഡന്റ്‌സ് ട്രോഫി മത്സരങ്ങൾ നടക്കുമ്പോൾ ടൂറിസം ഭൂപടത്തിൽ കൊല്ലത്തിനും അഷ്ടമുടി കായലിനും പ്രത്യേക സ്ഥാനമാണ് വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകളുടെയും ജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഇത്തരത്തില്‍ ഒരു മത്സരം വിജയകരമായി ഒരുക്കാൻ സാധിച്ചതെന്നും എം.പി കൂട്ടിച്ചേർത്തു.

മേയര്‍ പ്രസന്നാ ഏണസ്റ്റ് പതാക ഉയര്‍ത്തി മത്സരങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കംകുറിച്ചു. എം മുകേഷ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ ഗോപാന്‍ മാസ്സ് ഡ്രിൽ ഫ്ലാഗ് ഓഫ്‌ ചെയ്തു. എം നൗഷാദ് എം.എല്‍.എ, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, ടൂറിസം ഡയറക്ടര്‍ ശിഖാ സുരേന്ദ്രൻ, സബ് കലക്ടർ നിഷാന്ത് സിൻഹാര, സിറ്റി പോലീസ് കമ്മീഷണര്‍ ചൈത്ര തെരേസ ജോൺ, എ. ഡി. എം ജി. നിർമൽകുമാർ, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എക്സ് ഏണസ്റ്റ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവര്‍ പങ്കെടുത്തു.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.