തിരുവനന്തപുരം: മലയാളികളുടെദേശിയോത്സവമായ ഓണത്തിന് സ്വന്തമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറി കൊണ്ടുള്ള തിരുവോണസദ്യയും ‘ പൂക്കൾ കൊണ്ട് മുറ്റത്തൊരു പൂക്കളം ഒരുക്കുക എന്നതും ഏതൊരു മലയാളിയുടേയും ആഗ്രഹമാണ്. കേരളത്തെ പച്ചക്കറിയുടെയും പൂവിൻ്റെയും ഉൽപാദനത്തിൽ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരും കൃഷി വകുപ്പും ഒട്ടനവധി ഇടപെടലുകളാണ് നടത്തിവരുന്നത്. ആയതിൻ്റെ ഭാഗമായി വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ: വി.കെ. പ്രശാന്തിന്റെ നേതൃത്വത്തിൽ വട്ടിയൂർക്കാവ് കൃഷിഭവൻ മേഖലയിലെ തരിശുകിടക്കുന്ന പ്രദേശങ്ങൾ കണ്ടെത്തി കൃഷി യോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ ഓണം നമ്മുടെ പച്ചക്കറി നമ്മുടെ പൂവ് പദ്ധതിയുടെ ആദ്യ ഘട്ടമായി വട്ടിയൂർക്കാവ് ജംഗ്ഷനിൽ ട്രിഡയുടെ രണ്ട് ഏക്കർ സ്ഥലത്ത് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിലൂടെ രൂപീകരിച്ച കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ തക്കാളി, വെണ്ട, പയർ, അമര, പാവൽ , വെള്ളരി തുങ്ങി 13 തരം പച്ചക്കറി ഇനങ്ങളും മഞ്ഞ, ഓറഞ്ച്, വെളള നിറത്തിലുള്ള 3 ഇനം ജമന്തിയും ചുവപ്പ്, വൈലറ്റ് നിറത്തിലുള്ള വാടാമല്ലിയും അടങ്ങിയ പൂക്കളുടേയും കൃഷിക്ക് ജൂൺ മാസം അവസാനവാരം തുടക്കം കുറിച്ചു. കൂടാതെ, പ്രദേശത്തെ റസിഡൻ്റ്സ് അസോസിയേഷനുകൾ, കർഷക സംഘടനകൾ, അംഗൻവാടികൾ, വായനശാലകൾ, യുവജന കൂട്ടായ്മകൾ എന്നിവയുടെ സഹായത്തോടെയും സഹകരണത്തോടെയും പ്രസ്തുത പദ്ധതി വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി കാച്ചാണി വാർഡിലെ 20-ാം നമ്പർ അംഗൻവാടിയിൽ കൗൺസിലർ പി. രമയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ: വി .കെ . പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു.
റസിഡൻ്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ വീടുകളിലെ വീട്ടുമുറ്റങ്ങളിലും മട്ടുപ്പാവുകളിലും പച്ചക്കറി കൃഷി ചെയ്യുന്നതിൻ്റെ പ്രവർത്തനോദ്ഘാടനവും എം.എൽ.എ അഡ്വ:വി കെ പ്രശാന്ത് ഏകതാ വീഥിയിൽ എസ് .പി .എൻ .ആർ .എ 115 ഇന്ദീവരത്തിൽ രാജേശ്വരിയുടെ വീട്ടിൽ തക്കാളി തൈ നട്ട് നിർവഹിച്ചു. സമാന്തരമായി വട്ടിയൂർക്കാവ് കൃഷിഭവൻ പരിധിയിലെ 9 വാർഡുകളിലെ വീടുകളിലെ മട്ടുപാവുകൾ/ തരിശു പ്രദേശങ്ങൾ തുടങ്ങിയ വിവിധ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് പ്രസ്തുത പദ്ധതി ലക്ഷ്യമിടുന്നു.
ഇതിലൂടെ ഓരോ വാർഡിൽ നിന്നും മൂന്നിൽ കുറയാത്ത പച്ചക്കറി ഇനങ്ങൾ ഉൽപ്പാദിപ്പിച്ച് ഈ ഓണക്കാലം പച്ചക്കറി – പുഷ്പ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കൊണ്ടുവരുന്നതായി കൃഷി ഓഫീസർ ഡോ: തുഷാര റ്റി ചന്ദ്രൻ അറിയിച്ചു. പ്രസ്തുത പരിപാടികളിൽ കൃഷി ഉദ്യോഗസ്ഥരായ പി. ഹരീന്ദ്രനാഥ്, മുഹമ്മദ് ഷാഫി എസ് , കവിത എൽ തുടങ്ങിയവർ പങ്കെടുത്തു.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.