കാറിടിച്ച് കൊല്ലത്ത് സൈക്കിൾ യാത്രക്കാരൻ മരിച്ചത് കൊലപാതകമെന്നു പൊലീസ്. സ്വകാര്യ ബാങ്കിലെ വനിത മാനേജരായ സരിതയാണു പണം തട്ടിയെടുക്കാൻ ക്വട്ടേഷൻ നൽകിയത്. സരിതയും ക്വട്ടേഷൻ ഏറ്റെടുത്ത അനിമോനും കസ്റ്റഡിയിലായി. ബിഎസ്എൻഎൽ റിട്ട. ഡിവിഷനൽ എൻജിനീയറായ സി.പാപ്പച്ചൻ മേയ് 26നാണ് മരിച്ചത്. സരിത 40 ലക്ഷം രൂപ തട്ടിയെടുത്തതു പാപ്പച്ചൻ ചോദ്യം ചെയ്തിരുന്നു. പ്രശ്നപരിഹാരത്തിനായി പാപ്പച്ചനെ വിളിച്ചുവരുത്തുകയും കാറിടിപ്പിച്ചു കൊല്ലുകയുമായിരുന്നു.പാപ്പച്ചന്റെ മരണം റോഡ് അപകടമാണെന്ന നിഗമനത്തിൽ അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുമ്പോഴാണു ഞെട്ടിക്കുന്ന വസ്തുതകൾ പുറത്തുവന്നത്. വിരമിക്കൽ ആനുകൂല്യമായി കിട്ടിയ പണം സ്വകാര്യ ബാങ്കിൽ സ്ഥിരനിക്ഷേപമായി ഇട്ടിരുന്ന പാപ്പച്ചൻ ബാങ്കിലെ ജീവനക്കാരുമായി നല്ല ബന്ധത്തിലായിരുന്നു. എന്നാൽ പാപ്പച്ചൻ കുടുംബവുമായി നല്ല ബന്ധത്തിലല്ല എന്ന വിവരം മാനേജർ അടക്കമുള്ളവർക്ക് അറിയാമായിരുന്നു.പാപ്പച്ചൻ മരിച്ചാൽ തുക ചോദിച്ച് ആരും വരില്ലെന്നും വ്യക്തമായി മനസ്സിലാക്കിയാണു സരിത പദ്ധതികൾ ആസൂത്രണം ചെയ്തത്. അനിമോൻ വാടകയ്ക്കെടുത്ത കാർ പാപ്പച്ചൻ ഓടിച്ച സൈക്കിളിലേക്ക് ഇടിച്ചു കയറ്റിയാണ് അപകടം ഉണ്ടാക്കിയത്. ആശ്രാമം മൈതാനത്തിനു തൊട്ടടുത്ത ഇടവഴിയിൽ ആയിരുന്നു അപകടം. സ്ഥിരമായി സൈക്കിൾ മാത്രം ഉപയോഗിച്ചിരുന്ന ആളാണു പാപ്പച്ചൻ.
സംഭവത്തിൽ ക്വട്ടേഷൻ നൽകിയ കൊല്ലത്തെ സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ വനിതാ മാനേജരെയും കൂട്ടാളികളെയും പോലീസ് പിടികൂടി.
സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ മാനേജരും തേവള്ളിയിൽ താമസക്കാരിയുമായ സരിത (45), സ്ഥാപനത്തിലെ എക്സിക്യൂട്ടീവ് മരുതടി വാസുപ്പിള്ള ജങ്ഷനിലെ അനൂപ് (37), പോളയത്തോട് സ്വദേശി അനിമോൻ (44), കടപ്പാക്കട സ്വദേശി മാഹീൻ (47), പോളയത്തോട് ഹാഷിഫ് അലി (27) എന്നിവരാണ് അറസ്റ്റിലായത്.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.