വയനാട് ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ സർക്കാരിനൊപ്പം ജില്ലയിൽ അണി ചേരുന്നത് നിരവധി പേരാണ്. വയനാടിന്റെ അതിജീവനത്തിനായി, പ്രായഭേദ്യമന്യേ തങ്ങളുടെ സമ്പാദ്യങ്ങളിൽ നിന്ന് ചെറിയൊരു പങ്ക് ദുരിതാശ്വാസനിധിയിൽ സന്തോഷത്തോടെ നൽകുകയാണിവർ.
വിഷുവിന് കിട്ടിയ കൈനീട്ടം ഉൾപ്പെടെ തന്റെ കുഞ്ഞു സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മൂന്നര വയസുകാരി ശിവങ്കി എ പ്രവീൺ മാതൃകയായി. പേയാട് സ്വദേശികളായ പ്രവീൺ-അരുണ ദമ്പതികളുടെ മകളാണ് എൽ.കെ.ജി വിദ്യാർത്ഥിനി ശിവങ്കി. വയനാട് ദുരന്തത്തിന്റെ വാർത്തകൾ മാധ്യമങ്ങളിലൂടെ കണ്ട ശിവങ്കി, തന്റെ കൊച്ചു കുടുക്കയിലെ പണം ദുരിതബാധിതർക്കായി നൽകണമെന്ന് അച്ഛൻ പ്രവീണിനോട് ആവശ്യപ്പെടുകയായിരുന്നു. മകളുടെ ആഗ്രഹ പ്രകാരം പ്രവീൺ തുക സി.എം.ഡി.ആർ.എഫിലേക്ക് ഓൺലൈനായി ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. കളിപ്പാട്ടം വാങ്ങുവാൻ സ്വരുക്കൂട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ ശിവങ്കിയെ ജില്ലാ കളക്ടർ അനുകുമാരി അനുമോദിച്ചു.
കരകുളം സ്വദേശിയും ലോട്ടറി വിൽപ്പനക്കാരനുമായ സെയ്ദ് അലി തന്റെ ഒരു ദിവസത്തെ ലോട്ടറി വിൽപനയിലൂടെ സമാഹരിച്ച 10,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നൽകിയത്. കൂടാതെ അരുവിക്കര ജി.എച്ച്.എസ്.എസിലെ 1997 ബാച്ച് പൂർവവിദ്യാർത്ഥി കൂട്ടായ്മയെ പ്രതിനിധികരിച്ച് സംഘാംഗം ജയകൃഷ്ണൻ 11,500 രൂപ ജില്ലാ കളക്ടർ അനുകുമാരിയ്ക്ക് കൈമാറി.
ബിഎസ്എഫ് മലയാളി അസോസിയേഷൻ തിരുവനന്തപുരം ജില്ല 55,555 രൂപയും സി.എം.ഡി.ആർ.എഫിലേക്ക് നൽകി. അസോസിയേഷൻ തിരുവനന്തപുരം ജില്ല പ്രസിഡന്റ് സതീഷ് കുമാർ.എം, സെക്രട്ടറി രാജേഷ് ബാബു.സി.എസ്, ട്രഷറർ സുനിൽ കുമാർ സി.എൽ എന്നിവർ ചേർന്ന് ചെക്ക് ജില്ലാ കളക്ടർക്ക് കൈമാറി.
നിലമ്പൂരില്‍ നിന്നും ഒരു മൃതദേഹം കണ്ടെടുത്തു.
വയനാട്ടില്‍ നിന്ന് ഒന്നും നിലമ്പൂരില്‍ നിന്ന് മൂന്നും ശരീര ഭാഗങ്ങളും തെരച്ചില്‍ സംഘങ്ങള്‍ കണ്ടെടുത്തു. ഇതോടെ വയനാട്ടില്‍ നിന്ന് 148, നിലമ്പൂരില്‍ നിന്ന് 77 എന്നിങ്ങനെ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 225 ആയി. ഇതുവരെ 192 ശരീര ഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്. തിരിച്ചറിയാത്ത 46 മൃതദേഹങ്ങളും 180 ശരീര ഭാഗങ്ങളും ഇതിനകം സംസ്കരിച്ചു.
ആറു സോണുകളിലായി നടന്ന തെരച്ചിലില്‍ എന്‍.ഡി.ആര്.എഫ്, ആര്‍മി, കേരള, തമിഴ്നാട് ഫയര്‍ ആന്റ് റെസ്ക്യൂ സംഘങ്ങള്‍, എന്‍.ഡി.എം.എ ഡെല്‍റ്റാ സ്ക്വാഡ്, സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പ്, പോലീസ്, ഫോറസ്റ്റ്, ഡോഗ് സ്ക്വാഡ് എന്നീ സേനകളില്‍ നിന്നായി 1026 പേര് പങ്കാളികളായി. 54 ഹിറ്റാച്ചികളും ഏഴ് ജെ.സി.ബികളുമാണ് തെരച്ചിലിന് ഉപയോഗിച്ചത്. ചാലിയാര്‍ തീരത്തെ ദുര്‍ഘട മേഖലയായ സണ്‍റൈസ് വാലിയിലെ ദൗത്യ സംഘത്തിന്റെ പരിശോധന ഇന്നും തുടര്‍ന്നു. പരപ്പന്‍പാറ, സൂചിപ്പാറ ഭാഗങ്ങളിലും സംഘം പരിശോധന നടത്തിയിരുന്നു.
പുഞ്ചിരിമട്ടം മേഖലയില്‍ ആര്‍മിയുടെ സ്പെഷ്യല്‍ സര്‍വ്വെ ടീമിന്റെ നേതൃത്വത്തില്‍ മാപ്പിങ് നടത്തിയായിരുന്നു പരിശോധന. കഡാവര്‍ ഡോഗുകളെ കൂടി ഉള്‍പ്പെടുത്തി നടത്തിയ തെരച്ചിലില്‍ 86 സേനാംഗങ്ങളാണ് ഉണ്ടായിരുന്നത്. മൂന്ന് ഹിറ്റാച്ചികള്‍ ഉപയോഗിച്ച് സ്ഥലശുചീകരണവും നടത്തി.
മുണ്ടക്കൈ മേഖലയില്‍ ഡ്രയിനേജ് ശുചീകരിച്ചായിരുന്നു തെരച്ചില്‍ നടന്നത്. 167 സേനാംഗങ്ങള്‍ 9 ഹിറ്റാച്ചികള്‍ രക്ഷാദൗത്യത്തിന് ഉപയോഗിച്ചു. 334 സേനാംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു ചൂരല്‍മല ടൗണിലെയും പരിസരപ്രദേശങ്ങളിലെയും തിരച്ചില്‍. തമിഴ്നാട് ഡോഗ് സ്ക്വാഡും തിരച്ചിലില്‍ പങ്കാളികളായി. സ്കൂള്‍ റോഡിലും പരിസരത്തുമായി 12 ഹിറ്റാച്ചികള്‍ ഉപയോഗിച്ച് 94 പേരടങ്ങിയ സേനാംഗങ്ങളാണ് പരിശോധന നടത്തിയത്. 12 ഹിറ്റാച്ചികള്‍ ഉപയോഗിച്ച് 223 പേരടങ്ങിയ സംഘം വില്ലേജ് പരിസരത്തും തെരച്ചില്‍ നടത്തി. 80 ടീമുകളായി 504 വളണ്ടിയര്‍മാരും തെരച്ചിലിന് സേനാംഗങ്ങളോടൊപ്പം ചേര്‍ന്നു.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ക്കായി ഇന്ന് 3960 പ്രഭാത ഭക്ഷണ പാക്കറ്റുകളും 5560 ഉച്ചഭക്ഷണ പാക്കറ്റുകളും വിതരണം ചെയ്തു. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 16 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 579 കുടുംബങ്ങളിലെ 753 പുരുഷന്മാരും 751 സ്ത്രികളും 464 കുട്ടികളും ഉള്‍പ്പെടെ 1968 പേരാണ് ക്യാമ്പുകളിലുള്ളത്. മന്ത്രിമാരായ കെ. രാജന്, എ.കെ. ശശീന്ദ്രന്, പി.എ. മുഹമ്മദ് റിയാസ്, ഒ.ആര് കേളു എന്നിവരടങ്ങിയ മന്ത്രിസഭാ ഉപസമിതി ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരിതാശ്വാസവും പുനരധിവാസവുമായി ബന്ധപ്പെട്ട വിവിധ യോഗങ്ങള്‍ക്കും മന്തിസഭാ ഉപസമിതി നേതൃത്വം നല്കി.
പുനസ്ഥാപിക്കലായിരുന്നു ശ്രമകരമായ ദൗത്യം.
ദുരന്തമേഖലയിലുള്ള ഹൈടെന്‍ഷന്‍ ലൈനുകളെല്ലാം തകര്‍ന്നതോടെ ഈ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം നേരത്തെ തന്നെ വിഛേദിച്ചിരുന്നു. പൊട്ടി വീണ ലൈനുകള്‍ നീക്കം ചെയ്തതിനാല്‍ വാഹനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടില്ലാതെ എത്താനായി. കെ.എസ്.ഇ.ബി മേപ്പാടി സെക്ഷനു കീഴില്‍ ആകെ 19000 കണക്ഷനുകളാണുള്ളത്. ഇതില്‍ മുണ്ടക്കൈ ചൂരല്‍മല ദുരന്ത പ്രദേശങ്ങളിലായി 385 ഗാര്‍ഹിക കണക്ഷനുകളും 70 സ്ഥാപനങ്ങളുടെ കണക്ഷനുകളും ഉണ്ടായിരുന്നു. ഇവ പൂര്‍ണ്ണമായും തകര്‍ന്നു. വൈദ്യുതി തൂണുകള്‍ ട്രാന്‍സ്ഫോമറുകള്‍ എന്നിവയെല്ലാം തകര്‍ന്നടിഞ്ഞു. മൂന്നു കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. ദുരന്ത രക്ഷാപ്രവര്‍ത്തന വേളയില്‍ 24 മണിക്കൂര്‍ സേവനങ്ങളുമായി കെ.എസ്.ഇ.ബി ജീവനക്കാര്‍ ഇവിടെയുണ്ട്. കനത്ത മഴ വകവെക്കാതെയാണ് ചൂരല്‍മലയിലേക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ ഒറ്റപ്പെട്ട അട്ടമലയിലേക്കുള്ള വൈദ്യുതി കണക്ഷനും ഇതിനകം പുനസ്ഥാപിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തുടങ്ങിയവരെല്ലാം സ്ഥലത്ത് ക്യാമ്പ് ചെയ്താണ് ദുരന്തമേഖലയില്‍ ചൂരല്‍മല വരെയും വൈദ്യുതി ബന്ധം ഉറപ്പാക്കിയത്
വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുണ്ടാല, മതിശ്ശേരി, ആറുമൊട്ടംകുന്ന്, വാടോച്ചാല്‍, പരക്കുനി, മാതംകോട്, കണ്ണാടിമുക്ക് ട്രാന്‍സ്ഫോര്‍മറുകളില്‍ ഇന്ന് (ഓഗസ്റ്റ് 7) രാവിലെ 8:30 മുതല്‍ വൈകിട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ദ്വാരക സ്കൂള്‍ ട്രാന്‍സ്ഫോര്‍മറില്‍ വിതരണ ബോക്സ് സ്ഥാപിക്കുന്നതിനാല്‍ ഇന്ന് (ഓഗസ്റ്റ് 7) രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെ ദ്വാരക സ്കൂള്‍ ട്രാന്‍സ്ഫോര്‍ പരിധിയില്‍ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി വിതരണം തടസ്സപ്പെടും
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.