ആലുവ:ഗുരുതര ആരോപണമാണ് ഭരണകക്ഷി എം.എല്‍.എ ഉന്നയിച്ചത്. കൊലപാതകം നടത്തുന് എ.ഡി.ജി.പിയും അതിന് പിന്തുണ നല്കുന്ന മുഖ്യമന്ത്രിയും പൊളിറ്റിക്കല്‍ സെക്രട്ടറി, കാല് പിടിക്കുന്ന എസ്.പി, ഗുണ്ടാസംഘം പോലും നാണിക്കുന്ന രീതിയില്‍ പെരുമാറുന്ന മുഖ്യമന്ത്രിയുടെ ഓഫീസ്, അതിന് സംരക്ഷണം നല്കുന്ന രാഷ്ട്രീയ നേതൃത്വം. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഒരു സി.പി.എം എം.എല്‍.എയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര ആരോപണങ്ങളാണിത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നതെന്ന പ്രതിപക്ഷ ആരോപണം സത്യമാണെന്ന് തെളിഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വര്‍ണക്കടത്ത് ഒളിച്ചുവയ്ക്കുന്നതിന് വേണ്ടി ഒരാളുടെ കൊലപാതകം നടത്തി. അത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ അറിവോടെയാണ് അയാളെ എ.ഡി.ജി.പി കൊലപ്പെടുത്തിയത്. സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായും സ്വര്‍ണക്കള്ളക്കടത്ത് സംഘവുമായും വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന ഗുരുതര ആരോപണമാണ് ഭരണകക്ഷി എം.എല്‍.എ ഉയര്‍ത്തിയിരിക്കുന്നത്. സ്വര്‍ണക്കള്ളക്കടത്ത് നടത്തിയതിന്റെ പേരില്‍ ജയിലിലായ ആളാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്നത് മുഴുവന്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നാണ് സി.പി.എം എം.എല്‍.എ പറയുന്നത്.
ക്രമസമാധാനത്തിന്റെ ചുമതലയുള്ള എ.ഡി.ജി.പി ബി.ജെ.പിയെ സഹായിക്കുന്നെന്നാണ് എം.എല്‍.എ പറയുന്നത്. ബി.ജെ.പിയുമായി ബന്ധമുണ്ടെന്നതായിരുന്നു ഇ.പി ജയരാജനെതിരായ ആരോപണം. പക്ഷെ തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി അതിനെ ന്യായീകരിച്ചു. പ്രകാശ് ജാവദേദ്ക്കറുമായി ബന്ധപ്പെട്ടതു കൊണ്ട് കുഴപ്പമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. താനും ആറേഴ് തവണ പ്രകാശ് ജാവദേദ്ക്കറെ കണ്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തിലെ ബി.ജെ.പിയുടെ സംഘടനാ ചുമതലയുള്ള ആളെ കേരളത്തിന്റെ മുഖ്യമന്ത്രി എന്തിനാണ് കണ്ടത്? ജാവദേദ്ക്കറെ കണ്ടതിന് ജയരാജനെ പുറത്താക്കുമെങ്കില്‍ മുഖ്യമന്ത്രിയെയും പുറത്താക്കണ്ടെ? ബി.ജെ.പിയുമായി ഇ.പി ജയരാജനും മുഖ്യമന്ത്രിക്കും ബന്ധമുണ്ട്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഉപജാപക സംഘത്തിലെ അംഗമായ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജിപിക്കും ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്.
ബി.ജെ.പിയെ സഹായിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ അറിവോടെയാണ് തൃശൂര്‍ പൂരം പൊലീസ് കലക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. രണ്ട് മന്ത്രിമാര്‍ സ്ഥലത്തുണ്ടായിട്ടും ഒരു കമ്മിഷണര്‍ രാവില പതിനൊന്നു മുതല്‍ രാത്രി മുഴുവന്‍ പൂരം അലങ്കോലമാക്കുകയായിരുന്നു. അത് മുഖ്യമന്ത്രി അറിഞ്ഞില്ലേ? ഇതേ ആരോപണമാണ് ഇപ്പോള്‍ സി.പി.എം എം.എല്‍.യും ഉന്നയിച്ചിരിക്കുന്നത്. ഈ ആരോപണം മുഖ്യമന്ത്രി നിഷേധിക്കട്ടെ.
മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്രത്തോളം അധഃപതിച്ച ഒരു കാലഘട്ടം കേരളത്തില്‍ ഉണ്ടായിട്ടുണ്ടോ? സ്വര്‍ക്കള്ളക്കടത്ത് ആരോപണത്തിന് പിന്നാലെയാണ് സ്വര്‍ണക്കടത്ത്, കൊലപാതകം, ബി.ജെ.പി ബാന്ധവം, തൃശൂര്‍ പൂരം കലക്കല്‍ ഉള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെയാണ് ഈ ആരോപണങ്ങളെല്ലാം. നേരത്തെ സ്വര്‍ണക്കള്ളക്കടത്ത് ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ മുഖ്യമന്ത്രി സ്ഥാനം പോകേണ്ടതായിരുന്നു. അന്ന് ബി.ജെ.പിയും കേന്ദ്ര ഏജന്‍സികളും സഹായിച്ചതു കൊണ്ടാണ് രക്ഷപ്പെട്ടത്. ഇനി ഒരു നിമിഷം പോലും മുഖ്യമന്ത്രി ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ല.
പത്തനംതിട്ട എസ്.പിയും സി.പി.എം എം.എല്‍.എയും തമ്മില്‍ നടത്തിയ സംഭാഷണം ഞെട്ടിക്കുന്നതാണ്. എ.ഡി.ജി.പിയുടെ അളിയന്മാര് പൈസയുണ്ടാക്കുന്നു, എല്ലാ വൃത്തികേടുകള്‍ക്കും കൂട്ടു നില്ക്കുന്നു, മുഖ്യമന്ത്രിയുടെ ഓഫീസ് അതിനെല്ലാം കുടപിടിച്ചു കൊടുക്കുന്നു, ഒരു എസ്.പി മറ്റു എസ്.പിമാരെ കുറിച്ചും എ.ഡി.ജി.പിയെ കുറിച്ചും മോശം പറയുന്നു. പൊലീസ് വയര്‍ലെസ് സന്ദേശം ചോര്‍ത്തിയ ഓണ്‍ലൈന്‍കാരനെ രക്ഷപ്പെടുത്താന്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി രണ്ടു കോടി രൂപ വാങ്ങി. ഇതൊക്കെ പറയുന്നത് പ്രതിപക്ഷമല്ല, മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എം.എല്‍.എയാണ്. മുഖ്യമന്ത്രി പറഞ്ഞാല്‍ എന്തും ചെയ്യുന്ന എം.എല്‍.എയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും തുടരാന്‍ യോഗ്യതയില്ല. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരെയും അടിയന്തിരമായി സസ്പെന്‍ഡ് ചെയ്യണം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും പുറത്താക്കണം. മുഖ്യമന്ത്രി തന്നെ രാജി വച്ചു പോയാള് മറ്റാരെയും പുറത്താക്കേണ്ടതില്ല. കേരളം നടങ്ങുന്ന ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.
മന്ത്രിമാരുടെ ഫോണ്‍ പോലും എ.ഡി.ജി.പി ചോര്‍ത്തുന്നു എന്നത് ഗുരുതര ആരോപണമാണ്. മന്ത്രിമാരുടെ ഫേണ്‍ ചോര്‍ത്തുമ്പോള്‍ ഞങ്ങളുടെയൊക്കെ ഫോണ്‍ ചോര്‍ത്തുന്നുണ്ടാകും. ഇതൊക്കെ സി.ബി.ഐ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
കുറെ രഹസ്യങ്ങള്‍ അറിയാമെന്ന ഭയത്താലാകും പി.വി അന്‍വറിനെ സി.പി.എം സംരക്ഷിക്കുന്നത്. അയാള്‍ പറയുന്നതൊക്കെ തെറ്റാണെങ്കില്‍ ഒരു നിമിഷമെങ്കിലും അയാള്‍ സി.പി.എമ്മില്‍ ഉണ്ടാകുമായിരുന്നോ? എ.ഡി.ജി.പിയും പൊളിറ്റിക്കല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഓഫീസും എല്ലാം ശരിയായിരുന്നെങ്കില്‍ എം.എല്‍.എയ്ക്കെതിരെ നടപടിയെടുക്കുമായിരുന്നു. എം.എല്‍.എയെ കുറിച്ച് ഒരു ആക്ഷേപം പോലും ഇന്നലെ പത്രസമ്മേളനം നടത്തിയ പാര്‍ട്ടി സെക്രട്ടറി പോലും പറഞ്ഞില്ല. അപ്പോള്‍ എം.എല്‍.എ പറഞ്ഞതൊക്കെ ശരിയാണെന്നല്ലെ അതിന്റെ അര്‍ത്ഥം. മുഖ്യമന്ത്രി പറഞ്ഞാല്‍ എന്തും ചെയ്യുന്ന ആളാണ് എം.എല്‍.എ. എനിക്കെതിരെ ആരോപണം ഉന്നയിച്ചതും മുഖ്യമന്ത്രിയുടെ അനുമതിയോടെയായിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രി സ്വന്തം ഓഫീസ് നിയന്ത്രിക്കാന്‍ കഴിവില്ലാത്ത ആളാണെന്ന് ഞാന്‍ പറയില്ല.
പണ്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉപജാപകസംഘമുണ്ടെന്ന് പറഞ്ഞപ്പോള്‍ പേര് പറയാന്‍ മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. പേരുകള്‍ തനിയെ പുറത്തു വരുമെന്നാണ് ഞാന്‍ അന്ന് പറഞ്ഞത്. ഇപ്പോള്‍ രണ്ടു പേരുടെ പേരുകള്‍ പുറത്തുവന്നല്ലോ. ഇനിയും കൂടുതല്‍ പേരുകള്‍ പുറത്തു വന്നോളും.
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ ഒരു വനിതയുടെ ആരോപണം പാര്‍ട്ടിയിലെ വിവിധ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് അപമാനകരമാണ്. അത് അവര്‍ ചെയ്യരുതായിരുന്നു. അവരും കോണ്‍ഗ്രസില്‍ ഉള്ള ആളല്ലേ? സ്ത്രീകളെ മുഴുവന്‍ അപമാനിക്കുന്നതിന് തുല്യമാണത്. കെ.വി തോമസിനെ എം.പിയാക്കിയപ്പോഴും ഹൈബി ഈഡനെ എം.പി ആക്കിയപ്പോഴും അവരെ ആക്കണമായിരുന്നെന്നാണ് അവര്‍ പറഞ്ഞത്. ടി.ജെ വിനോദിനെ എം.എല്‍.എ ആക്കിയപ്പോഴും അവരെ ആക്കണമായിരുന്നെന്നാണ് പറഞ്ഞത്. അന്നൊന്നും ഇത് തീരുമാനിക്കുന്ന ആളായിരുന്നില്ല ഞാന്‍. ഞാന്‍ പ്രതിപക്ഷ നേതാവായിട്ട് മൂന്ന് വര്‍ഷമെ ആയുള്ളൂ. അവര്‍ അതിന് മുന്‍പെ നിരവധി സ്ഥാനങ്ങളില്‍ ഇരുന്നിട്ടുണ്ട്. ജില്ലാ കൗണ്‍സിലിലും കോര്‍പറേഷനിലും അസംബ്ലിയിലും അവര്‍ മത്സരിച്ചു. കഴിഞ്ഞ കാല് നൂറ്റാണ്ടിനിടെ ഒരു സ്ത്രീയും പി.എസ്.സി അംഗമായിട്ടില്ല. അതും അവര്‍ക്ക് നല്കി. അത്ര വലിയ സ്ഥാനങ്ങളാണ് പാര്‍ട്ടി നല്‍കിയത്. തൃക്കാക്കര സീറ്റും അവര്‍ ചോദിച്ചു. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഏകകണ്ഠമായാണ് ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. എറകുളത്ത് നിന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലയില്‍ നിന്നും പത്ത് പേരാണ് ആ സ്ഥാനത്തേക്കുണ്ടായിരുന്നത്. എന്റെ ഏറ്റവും അടുത്ത ജയിസണ്‍ ജോസഫിനെയും എം.ആര് അഭിലാഷിനെയും എനിക്ക് ഭാരവാഹികള്‍ ആക്കാന്‍ പറ്റിയില്ല. ഇവിടെ നിന്നും സീനിയര്‍ ആയ നാലു പേരാണ് ഭാരവാഹികളായത്. 28 ഭാരവാഹികളില്‍ നാല് പേരാണ് എറണാകുളത്തു നിന്നും പട്ടികയില്‍ ഉള്‍പ്പെട്ടത്. എന്റെ ജില്ലായാണെന്നു കരുതി പത്തു പേരെ വയ്ക്കാന്‍ സാധിക്കുമോ? അതിനൊക്കെ പരിമിതിയുണ്ട്. ഞാന്‍ പോലും ഈ സ്ഥാനത്തൊന്നും എത്താത്ത ആളാണ്. അവര്‍ യൂത്ത് കോണ്‍ഗ്രസിന്റെയും മഹിള കോണ്‍ഗ്രസിന്റെയും അഖിലേന്ത്യാ സെക്രട്ടറിയായിട്ടുണ്ട്. ഒരുപാട് സ്ഥാനങ്ങള്‍ നിഷേധിക്കപ്പെട്ട ആളാണ് ഞാന്‍. ഇപ്പോഴാണ് ഭാരവാഹികളെ തീരുമാനിക്കുന്ന ടീമില്‍ ഞാന്‍ വന്നത്.
സി.പി.എമ്മുകാരാനായ ഒരു ചാനല്‍ മേധാവി സി.പി.എമ്മുകാരുമായി ഗൂഡാലോചന നടത്തി പുറത്തിറക്കിയിരിക്കുന്ന വാര്‍ത്തയാണിത്. സി.പി.എമ്മിനെ സഹായിക്കുന്നതിന് വേണ്ടിയുള്ള കുക്ക്ഡ് അപ്പ് സ്റ്റോറിയാണിത്. ആ എഡിറ്ററുടെ പശ്ചാത്തലം പരിശോധിച്ചാല്‍ അത് മനസിലാകും. ഇന്റര്‍വ്യൂ നടത്താന്‍ പോയ റിപ്പോര്‍ട്ടര്‍ എല്ലാ ദിവസവും സി.പി.എമ്മിനും ഡി.വൈ.എഫ്.ഐക്കും വേണ്ടി ഫേസ്ബുക്കില്‍ പോസ്റ്റിടുന്ന ആളാണ്. സിനിമ രംഗത്തുള്ള ആരോപണം കോണ്‍ഗ്രസിലും ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടത്തിയത്. എന്നാല്‍ അവര്‍ അതൊന്നും പറഞ്ഞില്ല. അവര്‍ക്ക് സ്ഥാനങ്ങള്‍ ഒന്നും കിട്ടിയില്ലെന്നു മാത്രമാണ് പറഞ്ഞത്. സി.എല്‍.പി ലീഡര്‍ എന്ന നിലയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന സമിതിയില്‍ ഞാന്‍ ഉണ്ടെന്നു മാത്രമെയുള്ളൂ. പാര്‍ട്ടിയുടെ അവസാന തീരുമാനം എടുക്കുന്നത് കെ.പി.സി.സി പ്രസിഡന്റാണ്. ഞങ്ങളുടെ എല്ലാ തീരുമാനങ്ങളും എ.ഐ.സി.സിയുടെ അനുവാദത്തോടെയാണ് എടുക്കുന്നത്. എല്ലാ തീരുമാനങ്ങളിലും മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിക്കും. ഒരാള്‍ക്ക് ഒറ്റയ്ക്ക് തീരുമാനങ്ങള്‍ എടുക്കാനാകില്ല. എത്രയോ സ്ഥാനങ്ങള്‍ കിട്ടിയ ഒരാളാണ് ഇതൊക്കെ പറയുന്നത്. ഒരാള്‍ക്ക് സ്ഥാനം കിട്ടിയില്ലെന്നു കരുതി സ്ഥാനം കിട്ടിയവരെല്ലാം മോശമായ വഴിയിലൂടെയാണ് വന്നതെന്നു പറയുന്നത് ശരിയല്ല.മുഖ്യമന്ത്രിയുടെ ഓഫീസിൽ നടക്കുന്നത് നിയമവിരുദ്ധ പ്രവർത്തനം എന്ന സി.പി.എം എം.എൽ.യുടെ വെളിപ്പെടുത്തൽ..സിബിഐ അന്വേഷിക്കണം..പ്രതിപക്ഷ നേതാവ്.(പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്).
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.