റെയിൽവേ ഗതാഗതത്തിന്റെ ഗുണനിലവാരം ഉയർത്താൻ പുത്തൻ കർമ്മപദ്ധതികളുമായി ഇന്ത്യൻ റെയിൽവേ. 2,500 പുതിയ ജനറൽ പാസഞ്ചർ കോച്ചുകൾ നിർമാണം അന്തിമഘട്ടത്തിലാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇതിന് പുറമേ 10,000 കോച്ചുകൾക്കുള്ള അനുമതി കേന്ദ്രസർക്കാറിൽ നിന്നും ലഭിച്ചു കഴിഞ്ഞതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സാധാരണക്കാർക്കും കുറഞ്ഞ നിരക്കിൽ മികച്ച ട്രെയിൻ യാത്രയെന്ന് പ്രധാനമന്ത്രിയുടെ സ്വപ്നം അമൃത് ഭാരതിലൂടെ സാക്ഷാതരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന രണ്ട് അമൃത് ഭാരത് എക്സ്പ്രസുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രാജ്യത്തുടനീളം സർവീസ് വ്യാപിക്കുന്നതിന്റെ ഭാഗമായി 50 ട്രെയിനുകളുടെ നിർമാണം കോച്ച് ഫാക്ടറികളിൽ നടക്കുകയാണ്. 150 അമൃത് ഭാരത് ട്രെയിനുകൾക്ക് കൂടി അനുമതി ലഭിച്ചു കഴിഞ്ഞു.
തീവണ്ടിയാത്രകളുടെ സുരക്ഷ വർധിപ്പിക്കാൻ പുതിയ സംവിധാനങ്ങൾ നടപ്പാക്കും. ട്രെയിനപകടങ്ങൾ മുൻകൂട്ടി കണ്ട് ഒഴിവാക്കാൻ കൂടുതൽ സാങ്കേതിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയ കവചിന്റെ നാലാം പതിപ്പ് ഉടൻ പുറത്തിറക്കാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്.
സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രഥമ പരിഗണനയാണ് സർക്കാർ നൽകുന്നത്. ഇതിനായി വിഭാവനം ചെയ്ത ആദർശ് സ്റ്റേഷൻ സ്കീമിന് കീഴിൽ 1,250 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണമാണ് ഇതുവരെ പൂർത്തിയായത്. ഇതിന്റെ അടുത്ത ഘട്ടമായി സ്റ്റേഷനുകളെ സിറ്റി സെന്ററാക്കി വികസിപ്പിച്ച് ലോകോത്തര സൗകര്യങ്ങൾ ഒരുക്കുന്ന അമൃത് ഭാരത് പദ്ധതിയാണ് നടപ്പിലാക്കുന്നത്.
കഴിഞ്ഞ വർഷം 5300 കിലോമീറ്ററോളം പുതിയ ട്രാക്കുകൾ പൂർത്തികരിച്ചതായും 800 കിലോമീറ്റർ ട്രാക്ക് നിർമ്മാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.