ഷെയർ ട്രേഡിങ്ങിന്റെ മറവിൽ തട്ടിപ്പ് നടത്തിയ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ
കൊല്ലം:ഷെയർ ട്രേഡിങ്ങിന്റെ മറവിൽ കിളികൊല്ലൂർ സ്വദേശിയിൽ നിന്നും 1 കോടി 75 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഘത്തിൽ ഉൾപ്പെട്ട ഒരാൾ കൂടി കൊല്ലം സിറ്റി സൈബർ പോലീസിന്റെ പിടിയിലായി. എറണാകുളം, പള്ളുരുത്തി ഗുരു നഗർ റോഡിൽ കുന്നത്ത്പീടികയിൽ വീട്ടിൽ മുഹമ്മദാലി മകൻ നൗഷാദ്(49) ആണ് കൊല്ലം സിറ്റി സൈബർ പോലീസിന്റെ പിടിയിലായത്. ഈ കേസിൽ ഉൾപ്പെട്ട അഞ്ച് പ്രതികളെ നേരത്തെ തന്നെ അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് നിന്നും നൗഷാദിനെ പിടികൂടിയത്. ഷെയർ ട്രേഡിങ്ങ് നടത്തിയാൽ കുറഞ്ഞ സമയത്തിനുള്ളിൽ വൻ ലാഭമുണ്ടാക്കാമെന്നും ആതിനാവശ്യമായ എല്ലാ നിർദ്ദേശങ്ങളും നൽകാമെന്നും പറഞ്ഞ് വിശ്വസിച്ച് തട്ടിപ്പ്‌സംഘത്തിന്റെ കെണിയിൽ അകപ്പെടുത്തുകയായിരുന്നു. ഇത് വിശ്വസിച്ച് പണം നിക്ഷേപിക്കാൻ തയ്യാറായ യുവാവ് തട്ടിപ്പ് സംഘത്തിന്റെ നിർദ്ദേശപ്രകാരം യഥാർത്ഥമായ ഒരു ട്രേഡിങ്ങ് പ്ലാറ്റ്‌ഫോമിന്റെ അതേ പേരിലുള്ള വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യ്ത ശേഷം പല തവണകളായി പണം നിക്ഷേപിക്കുകയായിരുന്നു. നിക്ഷേപിക്കുന്നതിന് അനുസരിച്ച് ലാഭം വർദ്ധിക്കുന്നതായി ആപ്ലിക്കേഷനിൽ കാണാൻ ഇടയായതോടെ അത് വിശ്വസിച്ച് കൂടുതൽ നിക്ഷേപം നടത്തുകയായിരുന്നു. സഹോദരിയുടെ പേരിലുള്ള സ്വത്തുക്കൾ പണയപ്പെടുത്തി വരെ യുവാവ് നിക്ഷേപം നടത്തി. ഒടുവിൽ നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ പിൻവലിക്കാൻ കഴിയാതെ വന്നതോടുകൂടിയാണ് കൊല്ലം സിറ്റി സൈബർ പോലീസിനെ സമീപിച്ചത്. പരാതിയെ തുടർന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം സൈബർ പോലീസ് സംഘം നടത്തിയ അന്വേഷണത്തിൽ മുമ്പ് അറസ്റ്റിലായ കണ്ണൂർ കടാച്ചിറ സ്വദേശികളായ റെയീസ്(40), നാസീം(26) എന്നിവരുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് പണം തട്ടിയെടുത്തതെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ അക്കൗണ്ടുകൾ ഇപ്പോൾ അറസ്റ്റിലായ നൗഷാദാണ് കൈകാര്യം ചെയ്യ്തിരുന്നതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്യ്തത്. കൊല്ലം സിറ്റി ഡി.സി.ആർ.ബി അസ്സി.പോലീസ് കമ്മീഷണർ നസീർ.എ യുടെ നിർദ്ദേശപ്രകാരം കൊല്ലം സിറ്റി സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അബ്ദുൽ മനാഫിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഗോപകുമാർ, നജീബ്, നന്ദകുമാർ, സി.പി.ഓ ഫിറോസ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.





